കൊച്ചി> ആണി തുളഞ്ഞുകയറിയ കാലുമായി കോവിഡ് ഡ്യൂട്ടി ചെയ്ത പൊലീസുകാരനോട് കരുണ കാണിക്കാതെ സോഷ്യല് മീഡിയ. പലരും ആത്മാര്ഥതയെ അഭിനന്ദിച്ചപ്പോള് ഒരുവിഭാഗം ആളുകള് സൈബര് ആക്രമണം നടത്തുകയായിരുന്നു. ആലപ്പുഴ സൗത്ത് സ്റ്റേഷനിലെ പൊലീസുകാരന് ഷഫീക്കിനാണണ് ദുരനുഭവം നേരിട്ടത്
കൂടെയുണ്ടായിരുന്ന സുഹൃത്ത് പ്രമോദ്, പരിക്കേറ്റ കാലുമായി ഡ്യൂട്ടി ചെയ്യുന്ന സഹപ്രവര്ത്തകന്റെ ചിത്രം സാമൂഹ്യ മാധ്യമങ്ങളില് പങ്കുവെച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം. നിലവാരമില്ലാത്ത ഷൂ ധരിച്ചിട്ടല്ലേ അപകടം പറ്റിയതെന്നുവരെ ചിലര് വിമര്ശിച്ചു. സുഹൃത്തുക്കള് പറയുമ്പോഴാണ് തനിക്കെതിരെ നടക്കുന്ന സൈബര് യുദ്ധത്തെക്കുറിച്ച് ഷഫീഖ് അറിയുന്നത്. തുടര്ന്ന് ഷഫീഖ് കാര്യങ്ങള് വിശദീകരിച്ചു
ഷഫീഖ് പറയുന്നു
ഞായറാഴ്ചയായിരുന്നു സംഭവം, കല്ലുപാലത്തിന് സമീപമായിരുന്നു കോവിഡ് ഡ്യൂട്ടി. ഉച്ചകഴിഞ്ഞു പെയ്ത മഴയില് ഷൂ നനഞ്ഞതോടെ സമീപത്തെ ഒരു കടത്തിണ്ണയില് കയറി ഷൂ ഊരി മാറ്റിയ ശേഷം സോക്സിലെ വെള്ളം പിഴിഞ്ഞു കളഞ്ഞു..വീണ്ടും സോക്സ് ഇട്ട ശേഷം ചവിട്ടിയത് പക്ഷെ ആരോ ഉപേക്ഷിച്ചു പോയ ആണി തറച്ച പലകയില്…വേദന കൊണ്ട് പുളഞ്ഞുപോയി..നന്നായി രക്തവും വന്നു.
പക്ഷെ ഡ്യൂട്ടി തുടരാനായിരുന്നു തീരുമാനം..വേച്ചുവേച്ചുള്ള എന്റെ നടപ്പ് കണ്ട നാട്ടുകാരിലൊരാള് കാല് പൊക്കിവെക്കാന് സ്റ്റൂള് തന്നു..അതിനിടയിലാണ് കൂടെയുണ്ടായിരുന്ന പ്രമോദ് തമാശക്ക് ചിത്രം പകര്ത്തിയത്…
കുറച്ചു നേരം കഴിഞ്ഞപ്പോള് വേദന കൂടി, മേലുദ്യോഗസ്ഥനെ വിവരമറിയിച്ചതോടെ വീട്ടിലേക്ക് മടങ്ങിക്കൊള്ളാനും ഉടന് ചികിത്സ തേടാനും പറഞ്ഞു..പിന്നീടാണ് ചിത്രം ചില ഗ്രൂപ്പുകളില് വൈറലായത് അറിഞ്ഞത്. വെറും തമാശയ്ക്ക് എടുത്ത ചിത്രമായിരുന്നു അത്..
പലരുടെയും കമന്റുകള് കണ്ടപ്പോള് ആണി തുളച്ചുകയറിയ വേദന നിസാരമായി തോന്നുന്നു- -ഷഫീഖ് പറഞ്ഞു.
നഗരത്തിലെ വീട്ടില് ഇപ്പോഴും വിശ്രമത്തിലാണ് ഷഫീഖ്