തിരുവനന്തപുരം: അഫ്ഗാൻ ജയിലിൽ കഴിയുന്ന നിമിഷ ഫാത്തിമ, മെറിൻ ജോസഫ്, സോണിയ സെബാസ്റ്റിയൻ,റഫീല എന്നിവരുടെ കാര്യത്തിൽ സംസ്ഥാന സർക്കാരിന് പ്രത്യേകിച്ചൊന്നും ചെയ്യാനില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇവരെ ഇന്ത്യയിലേക്ക് കൊണ്ടുപോകണമെന്ന അഫ്ഗാൻ സർക്കാരിന്റെ നിർദ്ദേശം ഇന്ത്യ തള്ളിയതിൽ സംസ്ഥാന സർക്കാരിന്റെ നിലപാട് എന്താണ് എന്ന ചോദ്യത്തിനാണ് വാർത്താ സമ്മേളനത്തിനിടെ മുഖ്യമന്ത്രി മറുപടി നൽകിയത്.
നടപടി സ്വീകരിക്കേണ്ടത് കേന്ദ്ര സർക്കാരാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. രാജ്യത്തിന്റെ ഒരു പ്രശ്നമാണത്. അതിന്റെ ഭാഗമായിക്കണ്ട് നിലപാട് സ്വീകരിക്കുകയാണ് വേണ്ടത്. പ്രശ്നങ്ങൾ എന്തൊക്കെയാണെന്ന് കൂടുതൽ മനസിലാക്കേണ്ടതുണ്ട്. ഈ പറയുന്നവർ അവിടുത്തെ ജയിലിലാണ് കഴിയുന്നത്. അവർ ഇങ്ങോട്ട് വരാൻ തയ്യാറുണ്ടോ എന്ന് അറിയേണ്ടതുണ്ട്. അതുപോലെ കുടുംബത്തിന്റെ അഭിപ്രായവും ആരായാൻ തയ്യാറാകണം.
അങ്ങനെയൊക്കെക്കൂടി ഒരു പൊതുവായ നിലപാട് സ്വീകരിക്കുകയാണ് വേണ്ടത്. സംസ്ഥാന സർക്കാരിന് പ്രത്യേകിച്ചൊന്നും ചെയ്യാനില്ല. നടപടി സ്വീകരിക്കേണ്ടത് കേന്ദ്ര സർക്കാരാണ്. കേന്ദ്ര സർക്കാർ ഈ കാര്യങ്ങളെല്ലാം പരിഗണിച്ചുവേണം നിലപാട് സ്വീകരിക്കേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.
Content Highlights: Afghan Jail Kerala women CM Pinarayi Vijayan