തിരുവനന്തപുരം: സിപിഎമ്മാണ് മുഖ്യശത്രു എന്ന രീതിയിൽകോൺഗ്രസ് സ്വീകരിച്ചുവരുന്ന നിലപാട് കോൺഗ്രസിന്റെ ഔദ്യോഗിക നിലപാടാണോ എന്ന് പറയേണ്ടത് അവരാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോൺഗ്രസിന്റെ രാഷ്ട്രീയ നിലപാട് വ്യക്തമാക്കേണ്ടത് നേതൃത്വമാണെന്നും ഇത് നേരത്തെയും ഉന്നയിച്ച പ്രശ്നമാണെന്നും അദ്ദേഹം പറഞ്ഞു. ബിജെപി അല്ല, സിപിഎമ്മാണ് മുഖ്യശത്രു എന്ന് പുതിയ കെ.പി.സി.സി അധ്യക്ഷൻ തുടർച്ചയായി പറയുന്നത് ചൂണ്ടിക്കാണിച്ചുകൊണ്ടുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായുരുന്നു മുഖ്യമന്ത്രി.
രാഹുൽ ഗാന്ധി കേരളത്തിൽ മത്സരിക്കാൻ വരുന്ന ഘട്ടത്തിൽ അത് എന്ത് സന്ദേശമാണ് നൽകുന്നതെന്ന് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. അത് കേൺഗ്രസ് നേതൃത്വം ആലോചിക്കേണ്ട കാര്യമാണ്. അതിന്റെ തുടർച്ചായ വർത്തമാനമാണ് കെ.പി.സി.സി. അധ്യക്ഷന്റെ ഭാഗത്ത് നിന്ന് വന്നിരിക്കുന്നത്. അത് കോൺഗ്രസ് നയമാണോ എന്ന് കോൺഗ്രസാണ് വ്യക്തമാക്കേണ്ടത്. – മുഖ്യമന്ത്രി പറഞ്ഞു.
ഇന്ന് ഈ രാജ്യം സ്ഥീകരിക്കുന്ന പൊതുനിലപാടിൽ നിന്ന് വ്യത്യസ്തമായ ഒന്നാണതെന്നും കേരളത്തിലെ കോൺഗ്രസിന് പ്രത്യേക നിലപാടുണ്ടോ എന്നറിയില്ലല്ലോയെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരഞ്ഞെടുപ്പിൽ ബിജെപിയുമായടക്കം കൂട്ടുകൂടുന്നതിൽ കേരളത്തിലെ കോൺഗ്രസ് നേതൃത്വത്തിന് മടിയുണ്ടായിട്ടില്ല. അഖിലേന്ത്യാ നേതൃത്വം വന്നപ്പോഴും കേന്ദ്ര ഏജൻസികളുടെ ഫലപ്രദമായ അന്വേഷണമില്ല എന്ന് പറഞ്ഞുകൊണ്ടായിരുന്നല്ലോ ആക്ഷേപം. രണ്ടും കൂടി സിപിഎമ്മിനേയും എൽഡിഎഫിനേയും ലക്ഷ്യമിട്ടുകൊണ്ടാണ് നീങ്ങിയിരുന്നതെന്നും അദ്ദേഹം പറഞ്ഞു.
Content Highlights:Pinarayi Vijayan reply to K Sudhakaran