തിരുവനന്തപുരം: വാക്സിൻ എടുത്തവരും കോവിഡ് ഭേദമായവരും തുടർന്നും കോവിഡ് ചട്ടങ്ങൾ പാലിക്കേണ്ടതുണ്ടെന്ന്മുഖ്യമന്ത്രി പിണറായി വിജയൻ. വാക്സൻ കേന്ദ്ര സർക്കാരിൽ നിന്ന് ലഭിക്കുന്ന മുറയ്ക്ക് അതിവേഗം പൂർത്തിയാക്കാൻ സംസ്ഥാന സർക്കാർ ശ്രമിക്കുകയാണ്. എന്നാൽ എത്ര ശ്രമിച്ചാലും സാമൂഹിക പ്രതിരോധം കൈവരിച്ച് രോഗം നിയന്ത്രണം കൈവരിക്കാൻ മാസങ്ങളും വർഷങ്ങളും എടുത്തേക്കുമെന്നാണ് ഇതുമായി ബന്ധപ്പെട്ട വിദഗ്ദ്ധർ പറയുന്നത്.
അതിവ്യാപനമുള്ള ഡെൽറ്റ വൈറസിന്റെ സാന്നിധ്യം നമ്മുടെ സംസ്ഥാനത്തുണ്ട്. അതുകൊണ്ട് തന്നെ മൂന്നാമതൊരു ലോക്ക്ഡൗണിലേക്ക് തള്ളിവിടാതിരിക്കാൻ എല്ലാവരും ശ്രമിക്കണം.
1,12,12,353 ഡോസ് വാക്സിനാണ് ജൂൺ 13 വരെ സംസ്ഥാനത്ത് വിതരണം ചെയ്തത്. ആരോഗ്യ പ്രവർത്തകർക്കിടയിൽ 5,24,128 പേർക്ക് ആദ്യ ഡോസും 4,60,035 പേർക്ക് രണ്ടാം ഡോസും വിതരണം ചെയ്തു. മറ്റു മുൻനിര പ്രവർത്തകർക്കിടയിൽ 5,39,624 പേർക്ക് ആദ്യ ഡോസും 4,03,454 പേർക്ക് രണ്ടു ഡോസും വിതരണം ചെയ്തു.
45 വയസിന് മുകളിലുള്ള 68,14,751 പേർക്ക് ആദ്യ ഡോസും 14,27,998 പേർക്ക് രണ്ടു ഡോസുകളും നൽകി. 18 മുതൽ 44 വരെയുള്ളവർക്ക് 10,95,405 പേർക്ക് ആദ്യ ഡോസും 958 പേർക്ക് രണ്ടു ഡോസുകളും വിതരണം ചെയ്തു.
സംസ്ഥാനത്തെ വൃദ്ധസദനങ്ങളിലെ 91 ശതമാനം പേർക്കും ആദ്യ ഡോസ് വാക്സിൻ നൽകി. 14 ശതമാനം പേർക്ക് രണ്ടാം ഡോസും കിട്ടി. ആദിവാസി ജനവിഭാഗങ്ങൾക്കിടയിൽ 45 വയസിന് മുകളിലുള്ളവരിൽ 75 ശതമാനം പേർക്ക് വാക്സിനേഷൻ നൽകി. 18-44 വയസ്സുള്ളവരിൽ 12 ശതമാനം പേർക്കും വാക്സിൻ കിട്ടി.
കഴിഞ്ഞ ഏഴ് ദിവസങ്ങളിൽ 9,46,488 ഡോസ് വാക്സിനാണ് വിതരണം ചെയ്തത്. അതിൽ 77,622 പേർക്കാണ് രണ്ടാം ഡോസ് കിട്ടിയത്.
കേന്ദ്ര സർക്കാരിൽ നിന്ന് കേരളത്തിന് ഇതുവരെ ലഭിച്ചത് 98,83,830 ഡോസ് വാക്സിനാണ്. അതിൽ നിന്ന് 1,00,69,172 ഡോസ് നൽകാൻ സാധിച്ചു. സംസ്ഥാന സർക്കാർ നേരിട്ട് ശേഖരിച്ചത്10,73,110 ഡോസ് വാക്സിനാണ്. അതിൽ നിന്ന് 8,92,346 ഡോസാണ് വിതരണം ചെയ്തത്. കേന്ദ്ര സർക്കാരിൽ നിന്ന് ലഭിച്ചതിൽ 4,32,000 ഡോസും സംസ്ഥാന സർക്കാർ ശേഖരിച്ചതിൽ 2,08,000 ഡോസുമാണ് നിലവിൽ സ്റ്റോക്കുള്ളത്.