കൊച്ചി> ഓസ്ട്രേലിയയില് താമസിക്കുന്ന മലയാളി ദമ്പതികളുടെ വിവാഹം വീഡിയോ കോണ്ഫറന്സിംഗ് വഴി രജിസ്റ്റര് ചെയ്യാന് ഹൈക്കോടതി നിര്ദേശം. ദമ്പതികള് പവര് ഓഫ് അറ്റോര്ണി മുഖേന സമര്പിച്ച
ഹര്ജി പരിഗണിച്ചാണ് ജസ്റ്റീസ് സി.എസ്.ഡയസിന്റെ ഉത്തരവ്.
രജിസ്ട്രേഷന് നേരിട്ട് ഹാജരാവണമെന്ന് സബ് രജിസ്ട്രാര് നിഷ്കര്ഷിച്ചതിനെ തുടര്ന്നാണ് ദമ്പതികള് ഹൈക്കോടതിയെ സമിപിച്ചത്. കോവിഡ് സാഹചര്യം മൂലം നാട്ടിലെത്താന് കഴിയുന്നില്ലെന്നും ഹര്ജിക്കാര് ബോധിപ്പിച്ചു. അസാധാരണ സാഹചര്യങ്ങളില് നടപടി ക്രമങ്ങളില് കടുംപിടുത്തം
വേണ്ടന്ന് കോടതി വ്യക്തമാക്കി.
അപേക്ഷ രജിസ്ട്രാര് ജനറലിന് കൈമാറേണ്ട ചുമതലയേ സബ് രജിസ്ട്രാര്ക്കുള്ളുവെന്നും
കോടതി ചൂണ്ടിക്കാട്ടി. രേഖകള് രജിസ്ട്രാര് ജനറലിന് കൈമാറാനും രജിസ്ട്രേഷന് കഴിഞ്ഞാലുടന് സര്ട്ടിഫിക്കറ്റ് കൈമാറാനും കോടതി നിര്ദേശിച്ചു. 1997 ല് വിവാഹിതരായ ദമ്പതികള് യുഎയില് നിന്ന് താല്ക്കാലിക വിസയില് ഓസ്ടേലിയയിലേക്ക് കുടിയേറുകയായിരുന്നു.
സ്ഥിര വിസ നേടുന്നതിന്റെ ഭാഗമായാണ് വിവാഹ രജിസ്ട്രേഷന് അപേക്ഷിച്ചത്.