തിരുവനന്തപുരം: ഇന്ധന വില വർധനവ് ജീവിത പ്രശ്നമെന്ന് കെ.സുധാകരൻ. ഇന്ധനവില വർധനയ്ക്കെതിരേ ചൂട്ടുകെട്ടി സമരം നടത്തിയവരാണ് ഇപ്പോൾ കേന്ദ്രം ഭരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇന്ധനവിലവർധവിൽ പ്രതിഷേധിച്ചുളള യുഡിഎഫ് എംപിമാരുടെ ധർണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ധനവില വർധനവിന്റെ വലിയ അംശം പറ്റുന്നത് നികുതിയിനത്തിലൂടെ കേന്ദ്രസർക്കാരാണ്. കോൺഗ്രസ് നയിച്ച യുപിഎ സർക്കാർ ഇന്ത്യ ഭരിക്കുമ്പോൾ പട്ടാപകൽ ചൂട്ടുകത്തിച്ച് പ്രതിഷേധിച്ച പാർട്ടിയാണ് ഇന്ത്യ ഭരിക്കുന്നത്. കാളവണ്ടിയിൽ യാത്ര ചെയ്ത് ചരിത്രം സൃഷ്ടിച്ച, ജനശ്രദ്ധയാകർഷിച്ച, രാഷ്ട്രത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റിയ ബിജെപിയാണ് ഈ രാജ്യം ഭരിക്കുന്നത്. അന്നത്തെ സാഹചര്യവും ഇന്നത്തെ സാഹചര്യവും താരതമ്യം ചെയ്യാൻ മലയാളികൾക്ക് പ്രയാസപ്പെടേണ്ട കാര്യമില്ല.
കോൺഗ്രസ് നയിക്കുന്ന യുപിഎ സർക്കാർ പരാജയത്തിന്റെ അടയാളമായി പെട്രോൾ വില വർധനവിനെ ചൂണ്ടിക്കാട്ടി 2012 മെയ് 23ന് മോദി ട്വീറ്റ് ചെയ്തിരുന്നു.എന്നാൽ എന്താണ് ഇന്നത്തെ രാജ്യത്തിന്റെ അവസ്ഥയെന്നും അദ്ദേഹം ചോദിച്ചു.