കൊച്ചി> സിസ്റ്റർ ലൂസി കളപ്പുരയെ പുറത്താക്കിയ നടപടി വത്തിക്കാനിലെ പരമോന്നത സഭാ കോടതി ശരിവെച്ചതായി സന്യാസിനി സഭയായ ഫ്രാൻസിസ്കൻ ക്ലാരിസ്റ്റ് കോൺഗ്രിഗേഷൻ. ലൂസി കളപ്പുരയ്ക്കൽ ഇപ്പോൾ താമസിക്കുന്ന മഠത്തിൽ നിന്ന് ഒരാഴ്ചക്കുളളിൽ പുറത്തുപോകണമെന്ന് സൂപ്പീരിയർ ജനറൾ ആവശ്യപ്പെട്ടു. എന്നാൽ സഭാ കോടതിയുടെ ഉത്തരവ് വന്നതായി തനിക്കറിയില്ലെന്നും മഠംവിട്ട്പോകില്ലെന്നും ലൂസി കളപ്പുര അറിയിച്ചു.
ഫ്രാൻസിസ്കൻ ക്ലാരിസ്റ്റ് കോൺഗ്രിഗേഷൻ സുപ്പീരിയർ ജനറാൾ സിസ്റ്റർ ആൻ ജോസഫ് മറ്റ് സന്യാസിനിമാർക്ക് കഴിഞ്ഞ ദിവസം അയച്ച കത്തിലാണ് പുറത്താക്കൽ വിവരമുള്ളത്. ലൂസി കളപ്പുരയെ പുറത്താക്കിയത് പരമോന്നത സഭാ കോടതിയായ അപ്പൊസ്തോലിക് സെന്ന്യൂറ ശരിവെച്ചെന്നാണ് സർക്കുലറിൽ പറയുന്നത്.
സഭാ ചട്ടങ്ങൾ പാലിക്കുന്നില്ലെന്നും സന്യാസിനി സമൂഹത്തിന്റെ ചിട്ടവട്ടങ്ങൾക്ക് അനുസരിച്ച് പോകില്ലെന്നും ചൂണ്ടിക്കാട്ടിയാണ് സി. ലൂസി കളപ്പുരയെ മഠം നേരത്തെ പുറത്താക്കിയിരുന്നത്. ഇത് ചോദ്യം ചെയ്താണ് വത്തിക്കാനിലെ കോടതിയെ സിസ്റ്റർ ലൂസി കളപ്പുര സമീപിച്ചത്.