തിരുവനന്തപുരം: തലസ്ഥാന നഗരിയിൽ പോലീസുകാർക്കിടെ കോവിഡ് പടരുന്നു. രണ്ട് എസ്ഐമാർ ഉൾപ്പെടെ 25 പോലീസുകാർക്ക് കോവിഡ് സ്ഥിരീകരിച്ചു. ലോക്ക്ഡൗൺ ഫലപ്രദമായി നടപ്പിലാക്കാൻ മുൻപന്തിയിൽ നിൽക്കുന്നത് പോലീസുകാരാണ്.
കോവിഡ് ആദ്യ തരംഗത്തിൽ വലിയ തോതിൽ തിരുവനന്തപുരത്ത് അടക്കം പോലീസുകാർക്ക് കോവിഡ് ബാധ ഉണ്ടായിരുന്നു.രണ്ടാം വ്യാപനത്തിന്റെ ഘട്ടത്തിൽ വലിയ തോതിൽ പോലീസുകാർക്ക് കോവിഡ് ബാധ ഉണ്ടായിരുന്നില്ല. എന്നാൽ ഈ ആഴ്ച മുതൽ തിരുവനന്തപുരത്ത് പോലീസുകാരിൽ രോഗവ്യാപനം കൂടുന്നതായാണ് പുറത്തുവരുന്ന കണക്കുകൾ സൂചിപ്പിക്കുന്നത്. രണ്ട് എസ്ഐമാർ ഉൾപ്പെടെ 25 പേർക്കാണ് കോവിഡ് ബാധയുണ്ടായിരിക്കുന്നത്. ഇതിൽ പേരൂർക്കട സ്റ്റേഷനിൽ മാത്രം പന്ത്രണ്ട് പോലീസുകാർക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചു.
സിറ്റി സ്പെഷ്യൽ ബ്രഞ്ചിലെ ഏഴ് പേർക്കും കന്റോൺമെന്റ് സ്റ്റേഷനിലെ ആറ് പേർക്കും കോവിഡ് ബാധിച്ചിട്ടുണ്ട്. പോലീസുകാർക്ക് കോവിഡ് ബാധിച്ചാൽ ജോലിഭാരം ചൂണ്ടിക്കാട്ടി സമ്പർക്കമുള്ള ഉദ്യോഗസ്ഥരെ ക്വാറന്റീനിൽ വിടുന്ന പതിവ് ഇല്ലെന്നും പോലീസുകാർക്കിടയിൽ പരാതി ഉയർന്നിരുന്നു.
Content Highlight:covid spreading among cops in Trivandrum