കൽപ്പറ്റ: പുറത്താക്കൽ നടപടി ശരിവെച്ച് വത്തിക്കാനിൽ നിന്ന് കത്ത് വന്നുവെന്നത് വ്യാജപ്രചരണമാണെന്ന് സിസ്റ്റർ ലൂസി കളപ്പുര.തന്റെ അപേക്ഷയിൽ വിചാരണ നടക്കുന്നതായോ തീരുമാനം ഉണ്ടായതായോ ഉള്ള വിവരം തന്റെ വക്കീൽ ഇതുവരെ നൽകിയിട്ടില്ല. താൻ അറിയാതെയാണ് വിചാരണ നടക്കുന്നതെങ്കിൽ അത് സത്യത്തിനും നീതിക്കും നിരക്കാത്തതാണെന്നും ലൂസി കളപ്പുര പ്രതികരിച്ചു.
2021 മാർച്ചിലാണ് വത്തിക്കാനിൽ അപ്പീലിന് അപേക്ഷ കൊടുത്തത്. കോവിഡിന്റെ പശ്ചാത്തലത്തിൽ വത്തിക്കാൻ കോടതി പിന്നീട് അടച്ചിട്ടു. ശേഷം കഴിഞ്ഞ ഓഗസ്റ്റിൽ മാത്രമാണ് തുറന്നത്. പുറത്താക്കിയ നടപടി ശരിവെച്ചെന്ന് കാണിച്ച് തനിക്ക് കിട്ടിയ കത്തിൽ മെയ് 27, 2020 എന്നാണുള്ളത്. ഒരു വർഷത്തിന് ശേഷമാണ് ഈ കത്ത് കിട്ടിയത്. തന്റെ വക്കീൽ അപ്പീലിന് കേസ് സമർപ്പിക്കുകയോ വിചാരണ നടത്തുകയോ ചെയ്യുന്നതിന് മുൻപ് തയ്യാറാക്കിവെച്ച കത്താണ് അതെന്ന് വ്യക്തമാണ്.
വിചാരണയ്ക്ക് മുന്നേ വന്ന കത്ത് ഉപയോഗിച്ചാണ് താനുൾപ്പെടുന്ന സന്ന്യാസസമൂഹം വ്യാജ പ്രചാരണം നടത്തുന്നത്.എഫ്സിസി സുപ്പീരിയർ ആൻ ഉൾപ്പെടെയുള്ളവർ കഴിഞ്ഞ ഒരു വർഷമായി തനിക്കെതിരെ ഗൂഢാലോചന നടത്തുകയാണ്. ഒരാഴ്ചയ്ക്കകം മുറി ഒഴിയണമെന്നും അല്ലാത്തപക്ഷം നിയമനടപടി സ്വീകരിക്കുമെന്നും തനിക്ക് നിർദേശം ലഭിച്ചിട്ടുണ്ട്. ക്രിസ്തുവിന്റെ ദർശനം പഠിപ്പിക്കുന്ന അധികാരികൾ വളരെ മോശം രീതിയിലാണ് തനിക്കെതിരെ നടപടി സ്വീകരിക്കുന്നത്.
തനിക്ക് വത്തിക്കാനിൽ നിന്ന് കത്തു വന്ന കവറിന് പുറത്തെ സ്റ്റാമ്പുകൾ നീക്കം ചെയ്ത് പുതിയ സ്റ്റാമ്പുകൾ പതിപ്പിച്ചതായി വ്യക്തമാണ്. ഒരു വർഷം മുൻപ് വന്ന കത്ത് ഇപ്പോൾ വ്യാജമായി പ്രചരിപ്പിക്കുകയാണ്. അത് വാസ്തവ വിരുദ്ധമാണെന്നും ലൂസി കളപ്പുര പ്രതികരിച്ചു.