തിരുവനന്തപുരം
പതിനെട്ടിനും 45നും ഇടയിൽ പ്രായമുള്ളവർക്കായി സംസ്ഥാനം വാങ്ങിയത് പത്ത് ലക്ഷത്തിലധികം ഡോസ് വാക്സിൻ. സെറം ഇൻസ്റ്റിറ്റ്യൂട്ട്, ഭാരത് ബയോടെക്ക് എന്നിവിടങ്ങളിൽ നിന്ന് 70 ലക്ഷം കോവിഷീൽഡും 30 ലക്ഷം കോവാക്സിനുമാണ് കേരളം ആവശ്യപ്പെട്ടത്. എന്നാൽ, വെള്ളിയാഴ്ച ലഭിച്ച 1.88 ലക്ഷം ഉൾപ്പെടെ 10,73,110 ഡോസാണ് ഇതുവരെ ലഭിച്ചത്.
45 വരെയുള്ളവർക്ക് സൗജന്യ വാക്സിൻ നൽകില്ലെന്ന് കേന്ദ്രം ആദ്യം പറഞ്ഞതിനെ തുടർന്നാണ് പണം നൽകി വാക്സിൻ വാങ്ങാൻ സംസ്ഥാനം തീരുമാനിച്ചത്. വാങ്ങിയ വാക്സിൻ മെയ് 17 മുതൽ നൽകിത്തുടങ്ങി. നിലവിൽ 18നും 45നും ഇടയിലുള്ള 10,12,441 പേർക്ക് ആദ്യഡോസും 786 പേർ രണ്ടാം ഡോസും നൽകി. 1.42 ലക്ഷംപേർ വാക്സിനെടുത്ത എറണാകുളമാണ് മുന്നിൽ.