കൊല്ലം
കടൽക്കൊലക്കേസിൽ ഇറ്റലി സർക്കാർ 10 കോടി രൂപ നഷ്ടപരിഹാരം കെട്ടിവച്ചതോടെ പ്രതികൾക്കെതിരായ തുടർ നടപടികൾ അവസാനിപ്പിക്കുന്നതിൽ സുപ്രീംകോടതി ചൊവ്വാഴ്ച അന്തിമ തീരുമാനമെടുക്കും. കേസ് അന്തിമഘട്ടത്തിലെത്തുന്നത് ദേശീയതലത്തിലും അന്താരാഷ്ട്ര തലത്തിലും ഒമ്പതു വർഷം നീണ്ട നിയമയുദ്ധത്തിനൊടുവിൽ.
ബിജെപി–- കോൺഗ്രസ് സർക്കാരുകൾ ഒത്തുകളിച്ച് കടൽക്കൊലക്കേസ് അട്ടിമറിക്കാൻ ശ്രമിച്ചപ്പോൾ മത്സ്യത്തൊഴിലാളികൾക്ക് നീതി ലഭ്യമാക്കാൻ ഇടപെട്ടത് എൽഡിഎഫ് സർക്കാർ.
ആലപ്പുഴ തോട്ടപ്പള്ളി തീരക്കടലിൽ മത്സബന്ധനത്തിൽ ഏർപ്പെട്ടിരുന്ന കൊല്ലം സ്വദേശി വാലന്റൈൻ, കുളച്ചൽ സ്വദേശി അജീഷ്പിങ്കി എന്നിവരെ എൻറിക്ക ലെക്സി എണ്ണക്കപ്പലിലെ സുരക്ഷാസൈനികരായ സാൽവത്തോറെ ജിറോൺ, മാസിമിലാനോ ലത്തോറെ എന്നിവർ വെടിവച്ച് കൊന്നത് 2012 ഫെബ്രുവരി 15നാണ്.
വൻ ജനരോഷം ഉയർന്നപ്പോൾ പ്രതികളെ 19നു കേരള പൊലീസ് അറസ്റ്റ് ചെയ്തെങ്കിലും പിന്നീട് കേന്ദ്രസർക്കാർ ഒത്തുകളിച്ചു. അന്വേഷണം ഏറ്റെടുത്ത എൻഐഎ പ്രതികളെ ഡൽഹിയിലെ ഇറ്റാലിയൻ എംബസിയിലേക്കു മാറ്റി. 2013ൽ പ്രതികൾക്ക് ഇറ്റലിക്കുപോകാൻ അനുമതി നൽകി. ഇറ്റാലിയൻ സർക്കാരിന്റെ സമ്മർദത്തിനുവഴങ്ങി പ്രതികൾക്കെതിരെ വധശിക്ഷ കിട്ടാവുന്ന സുവാ നിയമം ചുമത്തേണ്ടെന്ന് തീരുമാനിച്ചു. പ്രതികൾ ഇറ്റലിയിൽനിന്നു മടങ്ങിവന്നെങ്കിലും പിന്നീട് ഒരാളെ ഇറ്റലിക്കു കൈമാറി. നരേന്ദ്രമോഡി സർക്കാർ വന്നശേഷം രണ്ടാമനെയും വിട്ടുനൽകി. തുടർന്ന് വിചാരണ ഒഴിവാക്കി രാജ്യാന്തര ട്രിബ്യൂണലിന്റെ വിധി കേന്ദ്ര സർക്കാർ അംഗീകരിച്ചു.
കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ 2020 മെയ് 21നാണ് അന്താരാഷ്ട്ര ട്രിബ്യൂണൽ വിധിച്ചത്. കേസ് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സർക്കാർ സുപ്രീംകോടതിയെ സമീപിച്ചു. ഇറ്റാലിയൻ സൈനികരെ ക്രിമിനൽ കേസുകളിൽനിന്ന് ഒഴിവാക്കുംമുമ്പ് ഇറ്റലി നഷ്ടപരിഹാരത്തുക കെട്ടിവച്ചെന്ന് ഉറപ്പാക്കണമെന്ന് കേരളം ആവശ്യപ്പെട്ടു. നിയമനടപടി അവസാനിപ്പിക്കുന്നതിനെ ശക്തമായി എതിർത്ത് നവംബറിൽ കേരളം കേന്ദ്രസർക്കാരിന് കത്ത് നൽകി.
നഷ്ടപരിഹാരത്തുക കൈമാറാതെ കേസ് അവസാനിപ്പിക്കുന്നതിനെ കേരളസർക്കാർ എതിർത്തു. മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്രത്തിനു കത്തയച്ചു. നഷ്ടപരിഹാരം നൽകാതെ കേസ് അവസാനിപ്പിക്കാനാകില്ലെന്ന് സുപ്രീംകോടതിയും നിലപാടെടുത്തു. നിലവിൽ സുപ്രീംകോടതിയിൽ അഞ്ചു കേസുണ്ട്. ഇറ്റലി നൽകിയ 10 കോടി നഷ്ടപരിഹാരത്തുക കെട്ടിവച്ച വിവരം ജൂൺ 11 ന് കോടതിയെ അറിയിച്ചതോടെയാണ് കേസ് അവസാനിപ്പിക്കാനുള്ള വിധിക്ക് കളമൊരുങ്ങിയത്.