ആലത്തൂർ: സിപിഎം പ്രവർത്തകർ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് രമ്യ ഹരിദാസ് എംപി. തൊഴിലുറപ്പ് തൊഴിലാളികളുമായി സംസാരിക്കുന്നതിനിടെ സി.പി.എം പ്രവർത്തകർ ഭീഷണിപ്പെടുത്തിയെന്നാണ് ആരോപണം. ആലത്തൂർ മുൻ പഞ്ചായത്ത് പ്രസിഡന്റ് നാസർ അടക്കമുള്ളവർക്കെതിരേയാണ് രമ്യ ഹരിദാസിന്റെ പരാതി. അവർ പോലീസിൽ പരാതി നൽകി.
ഞായറാഴ്ചഉച്ചക്ക് ശേഷം ആലത്തൂർ പോലീസ് സ്റ്റേഷന് സമീപത്ത് വെച്ചായിരുന്നു സംഭവം. മണ്ഡലത്തിലൂടെ സഞ്ചരിക്കുകയായിരുന്ന രമ്യ ഹരിദാസ് എംപി പോലീസ് സ്റ്റേഷന് സമീപം ഹരിതകർമ സേന പ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു. ഈ സമയം ചില സിപിഎം പ്രവർത്തകർ തടയാനെത്തി എന്നാണ് രമ്യ ഹരിദാസ് ആരോപിക്കുന്നത്. ഒപ്പം മോശമായ വാക്കുകൾ ഉപയോഗിച്ചെന്നും ഭീഷണിപ്പെടുത്തിയെന്നും എംപി ആരോപിക്കുന്നു.
ആലത്തൂർ മുൻ പഞ്ചായത്ത് പ്രസിഡന്റ് നാസർ അടക്കം എട്ടോള്ളം പേരാണ് ഉണ്ടായിരുന്നതെന്നാണ് എംപി പറയുന്നത്. നാസർ അടക്കമുള്ളവരാണ് വധഭീഷണി മുഴക്കിയതെന്നാണ് ആരോപണം. ആലത്തൂർ മണ്ഡലത്തിൽ ഇനി കാലുകുത്തിയാൽ കൊല്ലുമെന്ന് അടക്കുമുള്ള ഭീഷണിയുണ്ടായെന്നാണ് രമ്യ ഹരിദാസ് പറയുന്നത്. തുടർന്ന് അവർ തൊട്ടടുത്തുള്ള സ്റ്റേഷനിൽ പരാതി നൽകുകയും ചെയ്തു. പോലീസ് അടക്കം എത്തിയാണ് പ്രശ്നം ഒത്തുതീർപ്പാക്കിയത്.
ഹരിത കർമ സേന പ്രവർത്തകരോട് സംസാരിച്ച് വാഹനത്തിലേക്ക് കയറുന്ന സമയത്ത് നജീബ് എന്നയാൾ ഇത് പട്ടി ഷോ കാണിക്കാനുള്ള സ്ഥലമല്ലെന്ന് പറഞ്ഞുവെന്ന് രമ്യ ഹരിദാസ് എംപി മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. ഇവിടെ കാല് കുത്തരുതെന്ന് പറഞ്ഞിട്ടില്ലേ എന്നും ഇത് ആലത്തൂരാണെന്നും ഇവിടെ ഇറങ്ങിയാൽ തടയുമെന്നും പറഞ്ഞെന്നും അവർ പറഞ്ഞു. തുടർന്ന് മുൻ പഞ്ചായത്ത് പ്രസിഡന്റും സംഘവും എത്തിയെന്നും വളരെ മോശമായാണ് സംസാരിച്ചതെന്നും കാല് വെട്ടും, കൊല്ലും എന്നൊക്കെയുള്ള ഭീഷണിയാണ് മുഴക്കിയതെന്നും രമ്യ ഹരിദാസ് ആരോപിച്ചു.
Content Highlights: Ramya Haridas MP with allegations against CPM activists