ജനിച്ചത് തൃശൂരിൽ. കുടുംബത്തിൽനിന്ന് കിട്ടിയ തമിഴും ബോംബെയിലെ ജോലിക്കാലത്ത് കൈവന്ന ഹിന്ദിയുമായി വിശാഖപട്ടണത്തെത്തിയ ലക്ഷ്മണയ്യർ രാമസ്വാമി എന്ന എൽ ആർ സ്വാമി ഇന്ന് ആന്ധ്രയും തെലങ്കാനയും ഉൾപ്പെട്ട തെലുഗുദേശങ്ങളിലെ അറിയപ്പെടുന്ന എഴുത്തുകാരനും വിവർത്തകനുമാണ്
തെലുഗുഭാഷയിൽ മുമ്പെങ്ങുമുണ്ടാകാത്തവിധം മലയാള സാഹിത്യകൃതികളുടെ പൂക്കാലമാണ്. മലയാളത്തിലുള്ള ഇരുന്നൂറോളം ചെറുകഥകളാണ് ചെറിയ കാലയളവിനുള്ളിൽ തെലങ്കാന, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങളിലെ സാഹിത്യപ്രേമികൾക്കുവേണ്ടി വിവർത്തനം ചെയ്യപ്പെട്ടത്. കൂടാതെ നോവലുകൾ, കവിതകൾ, ലേഖനങ്ങൾ ജീവചരിത്രങ്ങൾ തുടങ്ങി കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം നേടിയവയും അല്ലാത്തതുമായ ഒട്ടനേകം മലയാളകൃതികളുടെ സുഗന്ധവുമായി തെലുഗു വായനക്കാരെ ആകർഷിക്കുന്നു.
ഭാഷാതുരുത്തുകളുടെ ദൂരം കുറച്ചുകൊണ്ട് ഭിന്നസംസ്കാരങ്ങൾക്കിടയിൽ ഒരു പാലം പണിയുകയാണ് മൊഴിമാറ്റക്കാർ ചെയ്യുന്നത്. ലക്ഷ്മണയ്യർ രാമസ്വാമി എന്ന എൽ ആർ സ്വാമി ആ ദൗത്യം ഭംഗിയായി നിർവഹിക്കുന്നു.
തൃശൂർ ജില്ലയിലെ ചേർപ്പിനടുത്ത തായംകുളങ്ങരയിലാണ് സ്വാമിയുടെ ജനനം. മാതൃഭൂമി വാരികയിലെ ബാലപംക്തിയിൽ കഥകൾ എഴുതി സാഹിത്യ ജീവിതം ആരംഭിച്ച സ്വാമി ഇന്ന് തെലുഗുവിലെ അറിയപ്പെടുന്ന കഥാകൃത്തും വിവർത്തകനുമാണ്. 1967ൽ വിശാഖപട്ടണത്തെ കോറമാന്റൽ ഫെർട്ടിലൈസേഴ്സിൽ ജോലി ലഭിച്ചതോടെയാണ് സ്വാമി ആന്ധ്രപ്രദേശിലെത്തുന്നത്. സഹപ്രവർത്തകരുമായിട്ടുള്ള സഹവാസത്തിലൂടെ തെലുഗു പഠിച്ചെങ്കിലും അക്ഷരങ്ങളുമായുള്ള സൗഹൃദം തുടങ്ങുന്നത് തൊണ്ണൂറുകളുടെ അവസാനത്തോടെ.
കുടുംബപാരമ്പര്യമായി തമിഴും കുറച്ചു കാലം ബോംബയിൽ ജോലി ചെയ്തതിനാൽ ഹിന്ദിയും അറിയുമായിരുന്ന സ്വാമി അനായാസം തെലുഗു പഠിച്ചു. എഴുതാനും വായിക്കാനും പഠിച്ചതോടെ സാഹിത്യത്തിലേക്കും കടന്നു. അങ്ങനെ പടിപടിയായി തെലുഗു കഥകൾ എഴുതാവുന്ന നിലയിലെത്തി.
സുഹൃത്തുക്കളുടെ പ്രോത്സാഹനത്തിൽ തെലുഗുഭാഷയിൽ കഥ എഴുതി ആന്ധ്രജ്യോതി വാരികയ്ക്ക് അയച്ചുകൊടുത്തു. കഥ അച്ചടിച്ചു വന്നപ്പോൾ സഹപ്രവർത്തകരുടെ ഇടയിൽ സ്വാമി ഹീറോ ആയിമാറി. സഹിത്യ പ്രവർത്തനത്തിന് ഭാഷ തടസ്സമല്ലെന്ന് തെളിയിച്ചു. പിന്നീട് പ്രമുഖ തെലുഗു പ്രസിദ്ധീകരണങ്ങളിലെല്ലാം തുടർച്ചയായി കഥകളെഴുതി.
2004 -ലാണ് ഏറെ ചർച്ച ചെയ്യപ്പെട്ട ഗോദാവരി സ്റ്റേഷൻ എന്ന ചെറുകഥ പ്രസിദ്ധീകരിച്ചത്. തെലുഗു ഭാഷയിൽ നാളിതുവരെ രചിക്കപ്പെട്ട ഏറ്റവും ശ്രദ്ധേയമായ നൂറു കഥകളിൽ ഒന്നായി ഗോദാവരി സ്റ്റേഷനെ നിരൂപകർ വാഴ്ത്തുന്നു. വിവിധ ഭാഷകളിലേക്ക് ഈ കഥ മൊഴിമാറ്റി.
കാൽ നൂറ്റാണ്ടിനിടെ ഇരുന്നൂറിലധികം ചെറുകഥകൾ സ്വാമി തെലുഗു ഭാഷയിൽ എഴുതിയിട്ടുണ്ട്. തെലുഗു നാട്ടിലെ കലാസാംസ്കാരികരംഗത്തെ ഉന്നതമായ മുപ്പതിലധികം സാഹിത്യ പുരസ്കാരങ്ങൾ സ്വാമിയെ തേടിയെത്തി.
മലയാള കൃതികൾ തെലുഗുഭാഷയിലേക്ക് നിരന്തരം പരിഭാഷപ്പെടുത്തിക്കൊണ്ടിരിക്കുന്ന ഈ ബഹുമുഖപ്രതിഭ ഇതിനകം ഇരുപതോളം തെലുഗു സാഹിത്യ കൃതികൾ മലയാളത്തിലേക്കും മൊഴിമാറ്റിയിട്ടുണ്ട്. പൂന്താനത്തിന്റെ ജ്ഞാനപ്പാന, നാരായണ ഗുരുവിന്റെ ദൈവദശകം, സേതുവിന്റ അടയാളങ്ങൾ (മുദ്രലു), ആറാമത്തെ പെൺകുട്ടി (ആറോആടപിള്ള) സി രാധാകൃഷ്ണന്റെ സ്പന്ദമാപിനികളേ നന്ദി (സ്പന്ദമാപിനികലുക്കു ധന്യവാദാലു), ഒഎൻവിയുടെ ഒരു പുരാതന കിന്നരം (ഒഗ പുരാതന കിന്നരം), സച്ചിദാനന്ദന്റെ എവിടെയോ മറന്നു വെച്ച വസ്തുക്കൾ (എക്കടെക്കടോ പടിശൈന വസ്തുവുലു), അക്കിത്തത്തിന്റെ ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം (ഇരവയോ ശതാബ്ദക്കു ഇതിഹാസമു) അയ്യപ്പപ്പണിക്കരുടെ മലയാള നാടോടിപ്പാട്ടുകൾ (മലയാള ജാനപദ ഗേയാലൂ) സക്കറിയയുടെ തിരഞ്ഞെടുത്ത കഥകൾ (സക്കറിയ കഥലു), പ്രഭാവർമ്മയുടെ ശ്യാമമാധവം (ശ്യാമമാധവം), സച്ചിദാനന്ദന്റെ ശരീരം ഒരു നഗരം(ശരീരം ഒഗ നഗരം), നാരായന്റെ കൊച്ചേരത്തി(കൊണ്ടദ്വര സാനി), കെ പി രാമനുണ്ണിയുടെ “സൂഫി പറഞ്ഞ കഥ (സൂഫി ചെപ്പിന കഥ), സുഭാഷ് ചന്ദ്രന്റെ മനുഷ്യന് ഒരു ആമുഖം (മനുഷ്യക്കു ഒഗ ആമുഖം) എന്നിവയെല്ലാം സ്വാമി മൊഴിമാറ്റം ചെയ്ത കൃതികളിൽ ചിലതു മാത്രം. മലയാളത്തിലെ പ്രശസ്ത എഴുത്തുകാരുടെ കഥകൾ അടങ്ങിയ കഥാകേരളം, കഥാവാരിധി, കഥാദൗത്യം, മനസ്സുവിപ്പി തുടങ്ങി ഇരുന്നൂറോളം ചെറുകഥകളും മൊഴിമാറ്റി പ്രസിദ്ധീകരിച്ചിട്ടുണ്ട്.
2015 -ലെ മികച്ച വിവർത്തകനുള്ള കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം നേടി. സൂഫി പറഞ്ഞ കഥയുടെ വിവർത്തനത്തിനായിരുന്നു പുരസ്കാരം.