‘രമ്യാ ഹരിദാസ് എം പി യെ വഴിയിൽ തടഞ്ഞു നിർത്തി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയത് ഞെട്ടിക്കുന്ന സംഭവമാണ്. അധികാരം വീണ്ടും കിട്ടിയതിന്‍റെ അഹങ്കാരത്തിൽ ഒരു ജനപ്രതിനിധിയെ അപമാനിക്കുന്നത് അനുവദിക്കാനാവില്ല’ എന്ന് വിഡി സതീശൻ പറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പുകാലത്ത് രമ്യാഹരിദാസിനെ ജാതിപ്പേരു വിളിച്ച് അപമാനിച്ചവരെ പോലീസ് ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും പ്രതിപക്ഷ നേതാവ് വിമർശിച്ചു. ഇന്ന് വൈകീട്ടോടെയാണ് സിപിഎം പ്രവർത്തകർ ഭീഷണിപ്പെടുത്തിയെന്ന് രമ്യാ ഹരിദാസ് ആരോപിച്ചത്. ഇക്കാര്യം കാട്ടി അവർ പോലീസിലും പരാതി നൽകിയിരുന്നു.
ആലത്തൂരിൽ വെച്ച് സിപിഎം പ്രവർത്തകർ ഭീഷണി മുഴക്കിയെന്നാണ് രമ്യ ഹരിദാസ് എംപി ആരോപിച്ചത്. ആലത്തൂര് കയറിയാൽ കാലു വെട്ടും എന്ന് ആലത്തൂർ ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡണ്ടിന്‍റെ ഭീഷണിയെന്നാണ് രമ്യ ഹരിദാസ് ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞത്. ആലത്തൂർ നഗരത്തിൽവെച്ചാണ് ഭീഷണിപ്പെടുത്തിയതെന്നാണ് എംപിയുടെ പരാതി. കാലു വെട്ടൽ ഭീഷണിയിലൊന്നും തകരുന്നവളല്ല, രാജ്യ സേവനത്തിനിടയിൽ പിടഞ്ഞു വീണു മരിച്ച ഇന്ദിരാജിയുടെ പിൻമുറക്കാരിയാണ് താനെന്നും രമ്യ ഹരിദാസ് ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞിരുന്നു.
വെട്ടേറ്റ കാലും മുറിഞ്ഞു വീണ കൈപ്പത്തികളുമായി സാമൂഹ്യ സേവനം നടത്താൻ താൻ സന്നദ്ധയാണ്. ജനസേവനത്തിന് ഇടയിൽ വെടിയേറ്റു വീഴുന്ന ഓരോ ചോരയും ഈ രാജ്യത്തിന് കരുത്തേകും എന്നുപറഞ്ഞ ഇന്ദിരാജിയുടെ പിൻഗാമിയാണ് ഞാൻ. സഞ്ചരിക്കാനുള്ള എന്‍റെ സ്വാതന്ത്ര്യം തടസ്സപ്പെടുത്തുകയും തെറി വിളികളുമായി പൊതുസമൂഹത്തിൽ അപമാനിക്കുകയും ചെയ്തവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരിക തന്നെ ചെയ്യുമെന്നും രമ്യ ഹരിദാസ് പറഞ്ഞിരുന്നു.