സംസ്ഥാനത്തെ വിവിധ ജില്ലകളിൽ ശനിയാഴ്‌ച പോലീസ് നിയന്ത്രണം ശക്തമാക്കിയിരുന്നു. കൊവിഡ് മാർഗനിർദേശം ലംഘിച്ചതിന് 2003 പേർ അറസ്‌റ്റിലായപ്പോൾ 5,346 ആളുകൾക്കെതിരെ കേസെടുത്തു. 3,645 വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്‌തതായി മാതൃഭൂമി റിപ്പോർട്ട് ചെയ്‌തു.
അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ പുറത്തിറങ്ങിയവർക്കെതിരെയാണ് പോലീസ് നടപടി സ്വീകരിച്ചത്. ക്വാറൻ്റൈൻ ലംഘിച്ച് 32 കേസുകൾ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്‌തു. മാസ്‌ക് ധരിക്കാത്ത സംഭവത്തിൽ 10,943 പേർക്കെതിരെ നടപടിയെടുത്തു. അതേസമയം, ബുധനാഴ്‌ചയ്‌ക്ക് ശേഷം സംസ്ഥാനത്ത് കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചേക്കുമെന്ന റിപ്പോർട്ടുകളും പുറത്തുവന്നു.
ആവശ്യസാധനങ്ങൾ ലഭ്യമാകുന്ന കടകൾ ഇന്നും തുറന്ന് പ്രവർത്തിക്കും. പഴം – പച്ചക്കറി കടകൾ, മീൻ, മാംസം, പലവ്യഞ്ജനം, ബേക്കറി, പാൽ തുടങ്ങിയ ആവശ്യ വസ്‌തുക്കൾ വിൽക്കുന്ന കടകൾ തുറക്കും. രാവിലെ ഏഴ് മണി മുതൽ വൈകീട്ട് ഏഴ് വരെയാകും തുറന്ന് പ്രവർത്തിക്കുക. ഹോട്ടലുകളിൽ നിന്ന് നേരിട്ട് പാഴ്‌സൽ വാങ്ങാൻ സൗകര്യം ഉണ്ടാകില്ല. ഹോം ഡെലിവറി മാത്രമാകും അനുവദിക്കുക. രാവിലെ എഴ് മുതൽ വൈകിട്ട് 7വരെയാണ് പ്രവർത്തിക്കാൻ സമയം നൽകിയിരിക്കുന്നത്. കള്ളു ഷാപ്പുകൾ തുറന്ന് പ്രവർത്തിക്കും.
ആവശ്യവിഭാഗക്കാർക്കായി പരിമിതമായ സർവീസുകൾ മാത്രമാണുള്ളത്. വാഹന ഗതാഗതത്തിനൊപ്പം പൊതുജന സഞ്ചാരവും കർശനമായി നിയന്ത്രിക്കും. ആരോഗ്യ മേഖലയ്‌ക്ക് ഇളവുകൾ അനുവദിച്ചിട്ടുണ്ട്. നിർമ്മാണ മേഖലയിൽ കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് പ്രവർത്തനം നടത്താമെങ്കിലും അതത് പോലീസ് സ്‌റ്റേഷനുകളിൽ വിവരമറിയിക്കണം. സ്ഥലം, ജോലിക്കാരുടെ എണ്ണം എന്നിവയാകും പോലീസിനെ അറിയിക്കേണ്ടത്.
പ്രധാന പാതകളിലും ചെക്‌പോസ്‌റ്റുകളിലും പരിശോധനയുണ്ടാകും. കൂട്ടം കൂടുന്നവരെ അറസ്‌റ്റ് ചെയ്യും. കൂടുതൽ കൊവിഡ് കേസുകൾ നിലവിലുള്ള മേഖലകളെ സോണുകളാക്കി തിരിച്ചാകും നിയന്ത്രണം. സീനിയർ ഉദ്യോഗസ്ഥൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘത്തിനാകും ഇക്കാര്യത്തിൽ ചുമതല. ഈ പ്രദേശങ്ങളിൽ നിന്ന് ആളുകളെ പുറത്തേക്കോ അകത്തേക്കോ പ്രവേശിപ്പിക്കില്ല. ആളുകൾ വീട്ടിൽ തന്നെയുണ്ടെന്ന് പോലീസ് ഉറപ്പുവരുത്താൻ ആവശ്യമുണ്ടെങ്കിൽ ഡ്രോൺ നിരീക്ഷണം ശക്തമാക്കും. ആവശ്യ സാധനങ്ങൾ എത്തിക്കേണ്ട സാഹചര്യമുണ്ടെങ്കിൽ പോലീസിൻ്റെ സഹായം ലഭ്യമാകും.
വീടുകൾ കേന്ദ്രീകരിച്ചും പരിശോധിക്കും. കണ്ടെയ്‌ൻമെൻ്റ് സോണുകളിൽ ഉന്നത ഉദ്യോഗസ്ഥൻ്റെ മേൽനോട്ടത്തിലായിരിക്കും നിരീക്ഷണം. ക്വാറൻ്റൈൻ നിർദേശം ലംഘിക്കുന്നവരെ കൊവിഡ് കെയർ സെൻ്ററിൽ പ്രവേശിപ്പിക്കും. ആവശ്യമെങ്കിൽ ക്രിമിനൽ കേസെടുക്കും. കുടുംബാംഗങ്ങൾ സഹായിച്ചാൽ അവർക്കെതിരെയും കേസെടുക്കും.