തിരുവനന്തപുരം
മരംമുറിയിൽ സർക്കാർ പഴുതടച്ച അന്വേഷണം ആരംഭിച്ചിട്ടും വിവാദം മുറുക്കുന്നതിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യം. പട്ടയ ഭൂമിയിലെ മരം മുറിക്കാൻ അനുമതി വേണമെന്ന കർഷകരുടെ ആവശ്യത്തിൽ സദുദ്ദേശ്യപരമായി സർക്കാരിറക്കിയ ഉത്തരവിനെ മറയാക്കിയാണ് മരംമുറിച്ചത്. ചൂഷണം ചെയ്തതായി ശ്രദ്ധയിൽപ്പെട്ട ഉടനെ ഉത്തരവ് റദ്ദാക്കി. കടത്തിയ മരം പിടിച്ചെടുത്തു. വനഭൂമിയിൽനിന്ന് ഒരു മരക്കൊമ്പുപോലും മുറിച്ച് കടത്തിയിട്ടില്ല. എന്നിട്ടും വനംകൊള്ള എന്ന മട്ടിൽ തെറ്റിദ്ധാരണ പരത്തുകയാണ്. കേസിലെ മുഖ്യപ്രതി റോജി അഗസ്റ്റിൻ യുഡിഎഫ് നേതൃത്വവുമായി അടുത്ത ബന്ധമുള്ളയാളാണ്. വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ പ്രചാരണത്തിന് വാഹനം വിട്ടുകൊടുത്തെന്നും പി ടി തോമസ്, ടി സിദ്ദിഖ് എന്നിവർക്കായി പ്രചാരണം നടത്തിയെന്നും ഇയാൾ വെളിപ്പെടുത്തിയിരുന്നു.
പ്രതികളുമായുള്ള ബന്ധം മറയ്ക്കാൻ യുഡിഎഫും കുഴൽപ്പണക്കടത്ത്, കോഴ വിവാദത്തിൽ പ്രതിരോധം തീർക്കാൻ കെ സുരേന്ദ്രനും കേന്ദ്രമന്ത്രി വി മുരളീധരനും പുകമറയുണ്ടാക്കുകയാണ്.
കർഷകരുടെ ആവശ്യം
പട്ടയഭൂമിയിലെ മരം മുറിക്കാൻ അനുമതി വേണമെന്നത് കർഷക സംഘടനകളുടെ ദീർഘകാലത്തെ ആവശ്യമാണ്. 1964ലെ ഭൂപതിവ് ചട്ടപ്രകാരമുള്ള പട്ടയഭൂമിയിലെ മരം മുറിക്കാൻ ഭൂവുടമയ്ക്ക് അവകാശമില്ല. ചന്ദനം, ഈട്ടി, തേക്ക് മരങ്ങളുടെ ഉടമസ്ഥത സർക്കാരിനാണ്. കർഷക സംഘടനകൾ നിരന്തരം പ്രതിഷേധം ഉയർത്തിയതോടെയാണ് റവന്യൂവകുപ്പ് ഉത്തരവിറക്കിയത്.
2020 നവംബർ മുതൽ 2021 ജനുവരി വരെയാണ് ഉത്തരവ് പ്രാബല്യത്തിലുണ്ടായിരുന്നത്. ഉത്തരവ് ദുർവ്യാഖ്യാനം ചെയ്ത് വ്യാപകമായി മരംമുറിച്ചതായും ആദിവാസികളുടെ ഭൂമിയിൽനിന്ന് തുച്ഛവില നൽകി മുറിച്ചതായും ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ഫെബ്രുവരി രണ്ടിന് ഉത്തരവ് പിൻവലിച്ചു. മുട്ടിലിൽ മുറിച്ച ഈട്ടി മരം നീക്കുന്നതിന് അപേക്ഷ നിരസിച്ചു. അടുത്ത ദിവസം ഈ മരം വൈത്തിരി ചെക്ക് പോസ്റ്റുവഴി പെരുമ്പാവൂരിലേക്ക് കടത്തിയെങ്കിലും വനംവകുപ്പ് ഉദ്യോഗസ്ഥർ പിടിച്ചെടുത്ത് കേസെടുത്തു.
മുട്ടിൽ മരംമുറി അനുമതിയോടെയല്ല: അന്വേഷകസംഘം
വനംവകുപ്പിന്റെ അനുമതിയില്ലാതെയാണ് മുട്ടിൽ വില്ലേജിൽ റവന്യൂ പട്ടയ ഭൂമിയിലെ ഈട്ടിമരങ്ങൾ മുറിച്ചതെന്ന് പ്രത്യേക വിജിലൻസ് സംഘം. വനംവകുപ്പ് നിയോഗിച്ച ഇടുക്കി ഫ്ലയിങ് സ്ക്വാഡ് ഡിഎഫ്ഒ ഷാൻട്രി ടോമിന്റെ നേതൃത്വത്തിലുള്ള സംഘം മേപ്പാടി, കൽപ്പറ്റ റേഞ്ച് ഓഫീസുകളിലെ രേഖകൾ പരിശോധിച്ചു. നിയമവിരുദ്ധമായി ഈട്ടി മുറിച്ചവർക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും ഷാൻട്രി ടോം പറഞ്ഞു. കോഴിക്കോട്, കണ്ണൂർ ഫ്ലയിങ് സ്ക്വാഡ് റേഞ്ചർമാരും ഫോറസ്റ്റർമാരും സംഘത്തിലുണ്ട്. റവന്യൂ പട്ടയ ഭൂമിയിലെ കർഷകരെ സഹായിക്കാനിറക്കിയ ഉത്തരവിന്റെ മറവിൽ ഈട്ടിമരങ്ങൾ മുറിച്ചതിനെക്കുറിച്ചാണ് സംഘം അന്വേഷിക്കുന്നത്. 2020 മാർച്ച് മുതൽ മരംമുറി നടന്നിട്ടുണ്ടോ, അതിൽ നടപടിയെടുത്തിട്ടുണ്ടോ തുടങ്ങിയവയാണ് അന്വേഷിക്കുക. കണ്ണൂർ, കാസർകോട് ജില്ലകളിലും പരിശോധിക്കും. റവന്യൂ വകുപ്പ് പരാതിയിൽ ബത്തേരി ഡിവൈഎസ്പി വി വി ബെന്നിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷകസംഘവും പരിശോധന തുടരുകയാണ്.