കൊച്ചി
സിനിമാപ്രവർത്തക ആയിഷ സുൽത്താനയ്ക്കെതിരെ രാജ്യ
ദ്രോഹക്കേസ് എടുത്തതോടെ ലക്ഷദ്വീപിൽ നിൽക്കക്കള്ളിയില്ലാതായ ബിജെപിക്കാർ തമ്മിലടി തുടങ്ങി. പ്രതികാരനടപടിയിൽ പ്രതിഷേധിച്ചുള്ള കൂട്ടരാജിക്കു പിന്നാലെ ചുമതലക്കാരൻ എ പി അബ്ദുള്ളക്കുട്ടിയെ നിർത്തിപ്പൊരിച്ചാണ് പ്രതികാരനടപടിയിലെ രോഷം ബിജെപിക്കാർ തന്നെ പ്രകടിപ്പിച്ചത്. ആയിഷയ്ക്കെതിരെ പരാതിപ്പെട്ടതിന്റെ ഉത്തരവാദിത്തം മുഴുവൻ ലക്ഷദ്വീപ് നേതൃത്വത്തിനുമേൽ കെട്ടിവയ്ക്കാൻ അബ്ദുള്ളക്കുട്ടി ശ്രമിച്ചതാണ് ഇവരെ ചൊടിപ്പിച്ചത്. ഓൺലൈൻ യോഗത്തിലായിരുന്നു വിമർശം. അബ്ദുള്ളക്കുട്ടിക്ക് ലക്ഷദ്വീപിനെക്കുറിച്ച് ഒന്നുമറിയില്ലെന്നും അറിയാത്ത കാര്യത്തിൽ അഭിപ്രായം പറയേണ്ടെന്നും ഇവർ പറയുന്നതിന്റെ ശബ്ദരേഖ പുറത്തായി.
ആയിഷ സംഭവത്തോടെ ബിജെപിക്കാർക്ക് പ്രവേശനമില്ലെന്ന പ്ലക്കാർഡുകൾ വരെ ദ്വീപിൽ പലയിടത്തും പ്രത്യക്ഷപ്പെട്ടു. ലക്ഷദ്വീപ് ഘടകം പ്രസിഡന്റ് അബ്ദുൽ ഖാദർ ഹാജി നൽകിയ പരാതിയിലാണ് ആയിഷയ്ക്കെതിരെ കവരത്തി പൊലീസ് കേസെടുത്തത്. 124 എ, 153 ബി എന്നീ ഗുരുതര വകുപ്പുകളാണ് ചുമത്തിയത്. വ്യാപക പ്രതിഷേധം ഉയർന്നതോടെ ലക്ഷദ്വീപ് ബിജെപി സംസ്ഥാന സെക്രട്ടറി അബ്ദുൾ ഹമീദ് അടക്കം 12 പ്രധാന നേതാക്കൾ രാജിവച്ചു.
ബിജെപി രാഷ്ട്രീയത്തിന്റെ പേരിൽ ദ്വീപുവാസികളെ ദ്രോഹിക്കാനാണ് നീക്കമെങ്കിൽ 150 അംഗങ്ങളുള്ള ലക്ഷദ്വീപ് ഘടകത്തിൽ തുടരാനാകില്ലെന്ന് യോഗത്തിൽ പങ്കെടുത്തവർ വ്യക്തമാക്കി. അഡ്മിനിസ്ട്രേറ്ററുടെ പരിഷ്കാരങ്ങൾ തൽക്കാലം നടപ്പാക്കില്ലെന്ന് അമിത് ഷാ ഉറപ്പുനൽകിയതായി ബിജെപി പ്രചരിപ്പിക്കുന്നതിനെയും യോഗത്തിൽ ചോദ്യം ചെയ്തു. അഡ്മിനിസ്ട്രേറ്ററുടെ പരിഷ്കാരങ്ങളിൽ പ്രതിഷേധിച്ച് നേരത്തേ എട്ടു ഭാരവാഹികൾ രാജിവച്ചിരുന്നു.