ന്യൂഡൽഹി
കള്ളപ്പണം,- കോഴ ഇടപാട് വിവാദങ്ങളിൽ കുടുങ്ങിക്കിടക്കുന്ന ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന് ഡല്ഹിയിൽ എത്തി നാലു ദിവസമായിട്ടും മുഖംകൊടുക്കാതെ ആഭ്യന്തര മന്ത്രി അമിത് ഷാ. തെരഞ്ഞെടുപ്പുഫണ്ടിലെ വെട്ടിപ്പ് പരസ്യമായതിൽ ഷാ ക്ഷുഭിതനാണ്. മൂന്നു ദിവസം മാധ്യമങ്ങൾക്ക് മുഖംനൽകാതിരുന്ന സുരേന്ദ്രൻ ശനിയാഴ്ച മന്ത്രി വി മുരളീധരന്റെ ഔദ്യോഗിക വസതിയിൽ വാർത്താസമ്മേളനം വിളിച്ചു. മുട്ടിൽ മരംമുറിയെക്കുറിച്ച് വാചാലനായ സുരേന്ദ്രൻ എതിർപക്ഷത്തുള്ള നേതാക്കളുടെയെല്ലാം പേരെടുത്ത് പരാമർശിച്ചത് ശ്രദ്ധേയമായി. കുമ്മനം വയനാട് സന്ദർശിച്ചെന്നും പി കെ കൃഷ്ണദാസ്, എം ടി രമേശ്, എ എൻ രാധാകൃഷ്ണൻ എന്നിവർ വരുംദിവസങ്ങളിൽ മറ്റു സ്ഥലങ്ങൾ സന്ദർശിക്കുമെന്നും സുരേന്ദ്രൻ പറഞ്ഞു.
ഡൽഹിയിൽ ഒളിച്ചുകഴിയുകയല്ല. സംഘടനാ ജനറൽ സെക്രട്ടറി ബി എൽ സന്തോഷിനെയും ജനറൽ സെക്രട്ടറി അരുൺ സിങ്ങിനെയും കണ്ടു. ഞായറാഴ്ച കേരളത്തിലേക്ക് മടങ്ങും. പ്രചരിക്കുന്നതെല്ലാം കള്ളവാർത്തകളാണെന്നും സുരേന്ദ്രന് പറഞ്ഞു. ബിജെപി കേരളഘടകത്തിലെ പ്രശ്നം പഠിക്കാൻ ഒരു സമിതിയെയും ചുമതലപ്പെടുത്തിയിട്ടില്ല. ജെ പി നഡ്ഡയോടും സന്തോഷിനോടും ഇക്കാര്യം ചോദിച്ചിരുന്നു. സുന്ദരയുടേത് കാശുവാങ്ങിയുള്ള മൊഴിയാണ്. അറസ്റ്റ് ഭയപ്പെട്ടല്ല ഡൽഹിയിൽ തുടരുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു.
കേന്ദ്ര നേതൃത്വം വിളിപ്പിച്ചതിനെ തുടർന്ന് ചൊവ്വാഴ്ച രാത്രിയാണ് സുരേന്ദ്രൻ ഡൽഹിയിൽ എത്തിയത്.