പറവൂർ
കിണറ്റിൽനിന്ന് വെള്ളം കോരുന്നത് സിമ്പിളാണ്… പക്ഷേ, കിണർ തേവി തെളിക്കുന്നതോ…? മനസ്സുണ്ടെങ്കിൽ അതും സിമ്പിളാണെന്ന് തെളിയിക്കുകയാണ് ഈ പെൺകുട്ടികൾ. ഡിവൈഎഫ്ഐ ടൗൺ വെസ്റ്റ് മേഖലാ വനിതാ സബ്കമ്മിറ്റി ‘സമ’യിലെ അംഗങ്ങളാണിവർ. നന്ത്യാട്ടുകുന്നം എസ്എൻവി സംസ്കൃതം ഹയർ സെക്കൻഡറി സ്കൂളിനുസമീപം പോളയും പായലും നിറഞ്ഞ പൊതുകിണറാണ് ഇവർ തേവി വൃത്തിയാക്കിയത്.
പത്തു റിങ്ങുള്ള കിണറ്റിൽ നാലു റിങ്ങുവരെ വെള്ളമുണ്ടായിരുന്നു. വെള്ളം മോട്ടോർവച്ച് വറ്റിച്ചശേഷം കിണറ്റിലേക്ക് ഇറങ്ങാനായിരുന്നു ഇവരുടെ തീരുമാനം. എന്നാൽ, ഒന്നര റിങ് വറ്റിയപ്പോഴേക്കും മോട്ടോർ കേടായി. അതോടെ ഐശ്വര്യയും അനുശ്രീയും കിണറ്റിലേക്കിറങ്ങാൻ തയ്യാറായി. ഏണിവച്ച് കിണറ്റിലേക്കിറങ്ങി. രണ്ടര റിങ് വെള്ളം ബക്കറ്റില് കോരിയെടുത്ത് വടത്തിലൂടെ മുകളിലേക്ക് നല്കി. മുകളിലുണ്ടായിരുന്ന അനു സുനിൽ, ഭവ്യ ലക്ഷ്മി, കെ എസ് പ്രവിത, വിജി ഷൈജു, അശ്വതി മിജോഷ്, വീണ, ഗോപിക എന്നിവർ ചേർന്ന് മുകളിലേക്ക് വെള്ളം വലിച്ചുകയറ്റി പുറത്തേക്കുവിട്ടു. മോട്ടോർ പണിമുടക്കിയെങ്കിലും രണ്ടരമണിക്കൂർകൊണ്ട് പെൺകരുത്തിൽ പൊതുകിണറിന് ശാപമോക്ഷം ലഭിച്ചു. സാമൂഹ്യമാധ്യമങ്ങളിലടക്കം ഞൊടിയിടെയാണ് വനിതകള് കിണര് തേവി തെളിക്കുന്ന ദൃശ്യങ്ങള് വൈറലായത്.
ഡിവൈഎഫ്ഐ ടൗൺ വെസ്റ്റ് മേഖലാ കമ്മിറ്റിയുടെ പരിധിയിലുള്ള പൊതുകിണർ ശുചീകരണപരിപാടിക്ക് തുടക്കംകുറിച്ചാണ് ഒമ്പത് വനിതകൾ ചേർന്ന് പൊതുകിണർ വൃത്തിയാക്കിയത്. മികച്ച അധ്യാപകനുള്ള ദേശീയ പുരസ്കാരജേതാവ് സി കെ ബിജു ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് പി ആർ സജേഷ് കുമാർ അധ്യക്ഷനായി. നഗരസഭാ പ്രതിപക്ഷനേതാവ് ടി വി നിധിൻ, മേഖലാ സെക്രട്ടറി സി ബി ആദർശ്, ട്രഷറർ മിജോഷ് എന്നിവർ സംസാരിച്ചു.