വാഷിങ്ടണ്
ആഗോളതലത്തില്‍ വന് കോളിളക്കം സൃഷ്ടിച്ച ജോര്ജ് ഫ്ലോയിഡിന്റെ കൊലപാതക ദൃശ്യങ്ങള് ചിത്രീകരിച്ച ഡാര്നെല്ല ഫ്രേസിയര് എന്ന പതിനെട്ടുകാരിക്ക് പുലിറ്റ്സര്. 2020 മെയ് 25നു കടയിലേക്ക് പോകവെയാണ് പൊലീസുകാരന് ഫ്ലോയ്ഡിനെ ശ്വാസംമുട്ടിച്ച് കൊല്ലുന്ന ദൃശ്യം ഫ്രേസിയര് പകര്ത്തിയത്. സത്യസന്ധവും നീതിയുക്തവുമായ മാധ്യമപ്രവര്ത്തനത്തില് സാധാരണ പൗരന്റെ പങ്ക് വ്യക്തമാക്കുന്നതാണ് ദൃശ്യമെന്ന് അവാര്ഡ് കമ്മറ്റി വിലയിരുത്തി.
ഫ്ലോയ്ഡ്വധവും തുടര്ന്നുണ്ടായ സംഭവങ്ങളും റിപ്പോര്ട്ട് ചെയ്ത മിനിയപൊലിസ് സ്റ്റാര് ട്രിബ്യൂണിന് ബ്രേക്കിങ് ന്യൂസ് പുരസ്കാരം ലഭിച്ചു. കൊലപാതകത്തിലെ പ്രതിഷേധ ചിത്രത്തിനും കോവിഡുമായി ബന്ധപ്പെട്ട ചിത്രത്തിനും അസോസിയേറ്റഡ് പ്രസിന് പുരസ്കാരങ്ങള് ലഭിച്ചു. സാമൂഹ്യസേവന വിഭാഗത്തില്‍ ന്യൂയോര്ക്ക് ടൈംസ് പുരസ്കാരം നേടി.
വംശീയ വിവേചനങ്ങളുടെ കഥ പറയുന്ന ലൂയിസ് എര്ഡ്രീച്ചിന്റെ ‘ദി നൈറ്റ് വാച്ച്മാന്’ എന്ന നോവൽ, ലെസ് പെയ്നും മകള് തമാരാ പെയ്നും ചേര്ന്നെഴുതിയ മാല്കം എക്സിന്റെ ജീവചരിത്രം ‘ദി ഡെഡ് ആര് എറൈസിങ്ങ്’ എന്നിവ മികച്ച സാഹിത്യകൃതികള്ക്കുള്ള പുരസ്കാരം നേടി.
മാര്സിയ ചാറ്റെലൈന്റെ ‘ഫ്രാഞ്ചൈസ്: ദി ബ്ലാക്ക് അമേരിക്ക’(ചരിത്രം), നതാലിയ ദിയസിന്റെ ‘പോസ്റ്റ് കൊളോണിയല് ലവ് പോയംസ്’(കവിത), ഡോവിഡ് സുച്ചിനോവിന്റെ ‘വില്മിങ്ടണ്സ് ലൈ: ദി മര്ഡര് കോപ് ഓഫ് 1898 ആൻഡ് ദി റൈസ് ഓഫ് വൈറ്റ് സുപ്രീമസി’ (സാഹിത്യേതരം), കതോറി ഹാളിന്റെ ദ് ഹോട് വിങ് കിങ്ങ്’(നാടകം) എന്നിവയും പുരസ്കാരം നേടി.