തിരുവനന്തപുരം
വാക്സിന്റെ നികുതി ഒഴിവാക്കണമെന്ന ആവശ്യം നിരസിച്ചത് സംസ്ഥാനങ്ങളുടെ താൽപ്പര്യത്തിനു വിരുദ്ധമാണെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. 75 ശതമാനം പേർക്ക് കേന്ദ്രം വാക്സിൻ നൽകുന്നതിനാൽ സ്വകാര്യ ആശുപത്രികൾക്കുള്ള വാക്സിൻ നികുതി ഒഴിവാക്കേണ്ടതില്ലെന്ന് കേന്ദ്ര ധനമന്ത്രി നിലപാടെടുത്തു. ഇത് സ്വകാര്യ ആശുപത്രിയിലൂടെ വാക്സിനെടുക്കുന്നവർക്ക് തിരിച്ചടിയാണ്.
സംസ്ഥാനങ്ങളുടെ യോജിച്ച നിലപാടിനാലാണ് കോവിഡ് ചികിത്സാ സാമഗ്രിയുടെയും മരുന്നിന്റെയും ജിഎസ്ടി കേന്ദ്രം കുറച്ചത്. ജിഎസ്ടി കൗൺസിലിലും മന്ത്രിതല ഉപസമിതിയിലും ഉയർന്ന യോജിപ്പിന്റെ സ്വരം അവഗണിക്കാൻ കേന്ദ്ര സർക്കാരിനായില്ല. ഇതിനാലാണ് വിഷയം ചർച്ച ചെയ്യാനായി മാത്രം ശനിയാഴ്ച കൗൺസിൽ വിളിക്കാൻ കേന്ദ്രം നിർബന്ധിതമായത്. എല്ലാ ഔഷധത്തിനും സാധനസാമഗ്രിക്കും ഉപകരണത്തിനും പൂജ്യം നികുതിയാണ് കേരളം മുന്നോട്ടുവച്ചത്. ഇല്ലെങ്കിൽ 0.01 ശതമാനം നികുതി. ഇൻപുട്ട് ക്രെഡിറ്റുമായി ബന്ധപ്പെട്ട സാങ്കേതികത്വം പറഞ്ഞ് കേന്ദ്രം ഈ നിർദേശം തള്ളി.
ഹെപ്പാരൻ അടക്കമുള്ള മരുന്നിന്റെ നികുതി ഒഴിവാക്കാത്തതും നിരാശാജനകമാണ്. പോർട്ടബിൾ ഹോസ്പിറ്റൽ യൂണിറ്റിന്റെ നികുതിയും കുറച്ചില്ല. ഇപ്പോഴത്തെ ഇളവിന് ആഗസ്തുവരെ പ്രാബല്യമാണ് കേന്ദ്ര ധനമന്ത്രി നിർദേശിച്ചത്. ശക്തമായ ആവശ്യത്തെതുടർന്നാണ് സെപ്തംബർ വരെയെങ്കിലും നീട്ടിയതെന്നും കെ എൻ ബാലഗോപാൽ പറഞ്ഞു.