റോം
എല്ലാം മറന്ന് ഉല്ലസിക്കാൻ കളിയുടെ സുന്ദരരാത്രികൾ. മെസിയും റൊണാൾഡോയും നെയ്മറുമൊക്കെ ചേർന്നൊരുക്കുന്ന സോക്കർ വിരുന്ന്. കോവിഡ് മഹാമാരിയുടെ കെടുതികൾക്കിടയിൽ ആശ്വാസം പകർന്ന്, ഒരു മാസം ഫുട്ബോൾ കൂടെയുണ്ടാകും.
യൂറോപ്പിലെ 11 നഗരങ്ങളിലാണ് യൂറോ കപ്പ്. 24 ടീമുകൾ അണിനിരക്കുന്ന പോരിന് റോമിലെ ഒളിമ്പിക്സ് സ്റ്റേഡിയത്തിൽ തുടക്കമായി. ലോക ചാമ്പ്യൻമാരായ ഫ്രാൻസുണ്ട്. ഇറ്റലിയും ജർമനിയും സ്പെയ്നും കൂടെ. ജേതാക്കളായ പോർച്ചുഗലിനൊപ്പം വെല്ലുവിളിയുമായി ഇംഗ്ലണ്ടും ഹോളണ്ടും ബൽജിയവും. ജൂലൈ 11 ന് രാത്രി പന്ത്രണ്ടരക്കാണ് ഫൈനൽ. സോണി ചാനലുകളിൽ തത്സമയം കളി കാണാം.
തിങ്കളാഴ്ച പുലർച്ചെ ബ്രസീലിലാണ് കോപ്പ അമേരിക്ക ഫുട്ബോൾ തുടങ്ങുന്നത്. ആതിഥേയർക്കു പുറമേ അർജന്റീനയും ചിലിയും ഉറുഗ്വേയും കൊളംബിയയുമടക്കം പത്ത് ടീമുകൾ. പുലർച്ചെ രണ്ടരക്കും അഞ്ചരക്കുമാണ് കളികൾ. ജൂലൈ 11ന് പുലർച്ചെ അഞ്ചരക്കാണ് ഫൈനൽ.