തിരുവനന്തപുരം> അമ്പത് ചിത്രങ്ങള് വരച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പണം സ്വരൂപിക്കാനൊരുങ്ങി അധ്യാപകന്. 2017ലെ സംസ്ഥാന സര്ക്കാരിന്റെ അധ്യാപക പുരസ്കാരവും 2020ലെ മികച്ച എന്എസ്എസ് പ്രോഗ്രാം കോഡിനേറ്റര് പുരസ്കാരവും നേടിയ അധ്യാപകനായ ഡോ. ജേക്കബ് ജോണാണ് ചിത്രം വരയ്ക്കാനൊരുങ്ങുന്നത്
ഹയര് സെക്കന്ഡറി എന്എസ്എസ് വിഭാഗത്തിന്റെ സംസ്ഥാന കോര്ഡിനേറ്ററാണ്. കോവിഡ് കാലത്ത് ജനോപകാരപ്രദമായ പ്രവര്ത്തനങ്ങള്ക്ക് സര്ക്കാരിനെ പിന്തുണയ്ക്കാന് തീരുമാനിച്ചതിന്റെ ഭാഗമായാണ് ജേക്കബ് ജോണ് ചിത്രങ്ങള് വരച്ചുവില്ക്കാമെന്ന തീരുമാനത്തിലെത്തിയത്.
50 ചിത്രങ്ങളാണ് ജോണ് വരയ്ക്കുന്നത്. ശരാശരി 3,000 രൂപ ഓരോ ചിത്രത്തിനും ലഭിക്കുമെന്നാണ് പ്രതീക്ഷ. 35 ചിത്രങ്ങള് ജോണ് വരച്ചു കഴിഞ്ഞു.
15 ചിത്രങ്ങള് ഒരുമാസം കൊണ്ട് വരച്ചുതീര്ക്കാം എന്ന് ജേക്കബ് ജോണ് പറഞ്ഞു. വരച്ചുതീര്ന്നാല് ഓണ്ലൈന് പ്രദര്ശനം നടത്തി ചിത്രങ്ങള് വില്ക്കും. സഹപ്രവര്ത്തകരും മറ്റ് അധ്യാപകരും ജേക്കബ് ജോണിന്റെ ഉദ്യമത്തിന് പിന്തുണയായി രംഗത്തുണ്ട്. പൊതുവിദ്യാഭ്യാസ– തൊഴില് മന്ത്രി വി ശിവന്കുട്ടിയെ നേരില് കണ്ട ജേക്കബ് ജോണ് താന് വരച്ച ഒരു ചിത്രം കൈമാറി.
ജേക്കബിന്റെ ഉദ്യമത്തിന് മന്ത്രി എല്ലാവിധ ആശംസകളും നേര്ന്നു.