തിരുവനന്തപുരം: കോവിഡ് വ്യാപനം കുറഞ്ഞുവരുന്ന സാഹചര്യത്തിലും ലോക്ക്ഡൗൺ നീട്ടിയത് എന്തിനാണെന്ന സംശയം പൊതുസമൂഹത്തിലുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോവിഡ് അവലോകന യോഗത്തിനുശേഷം നടത്തിയ വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടുകയോ കുറയുകയോ ചെയ്യാതെ ഏകദേശം ഒരേ നിലയിൽ തുടരുന്ന സാഹചര്യം ഉണ്ടായതാണ് അത്തരമൊരു തീരുമാനമെടുക്കാൻ പ്രേരിപ്പിച്ചതെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു.
വൈറസ് സാന്ദ്രത കുറച്ചുകൊണ്ടുവന്നില്ലെങ്കിൽ രോഗവ്യാപനം വീണ്ടും ഉയരാനുള്ള സാധ്യത കൂടുതലാണ്. രാജ്യത്തെ മറ്റു പ്രദേശങ്ങളെ അപേക്ഷിച്ച് രോഗം വ്യാപിക്കാനുള്ള സാധ്യത കേരളത്തിൽ കൂടുതലാണ്. അതുകൊണ്ടുതന്നെ വൈറസ് സാന്ദ്രത കുറച്ചുകൊണ്ടുവരേണ്ടത് അതിപ്രധാനമാണ്. അതുകൊണ്ടാണ് ലോക്ഡൗൺ നീട്ടിയതെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു.
രണ്ടാം തരംഗവും മൂന്നാം തരംഗവും തമ്മിലുള്ള ഇടവേളയുടെ ദൈർഘ്യം വർധിപ്പിക്കേണ്ടത് അനിവാര്യമാണ്. പല രാജ്യങ്ങളിലും പല തരത്തിലുള്ള ദൈർഘ്യമാണ് ഉണ്ടായിട്ടുള്ളത്. ബ്രിട്ടനിൽ രണ്ട് മാസത്തെ ഇടവേള ഉണ്ടായി. ഇറ്റലിയിൽ 17 മാസവും അമേരിക്കയിൽ 23 ആഴ്ചയും ആയിരുന്നു ഇടവേള. കേരളത്തിൽ മൂന്നാം തരംഗത്തിന് മുമ്പുള്ള ഇടവേള പരമാവധി ദീർഘിപ്പിക്കുന്ന തരത്തിലുള്ള നയമാണ് സർക്കാർ സ്വീകരിക്കുന്നത്.
പെട്ടെന്നുതന്നെ അടുത്ത തരംഗം ഉണ്ടാവുകയും അത് ഉച്ഛസ്ഥായിയിൽ എത്തുകയും ചെയ്താൽ മരണങ്ങൾ വർധിക്കും. അതുകൊണ്ട് ലോക്ഡൗണിൽ ഇളവുകൾ വരുത്തുന്നത് ശ്രദ്ധാപൂർവം നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ലോക്ഡൗൺ കഴിഞ്ഞാലും കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാൻ എല്ലാവരും ശ്രദ്ധിക്കണം. രണ്ടാം തരംഗത്തിനും മൂന്നാം തരംഗത്തിനും ഇടയിൽ ലഭിക്കുന്ന സമയത്തിനുള്ളിൽ ആരോഗ്യ സംവിധാനങ്ങളെ കൂടുതൽ ശാക്തീകരിക്കുമെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.
Content highlights:COVID 19 lockdown CM Pinarayi Vijayan