തിരുവനന്തപുരം> ഒക്ടോബര് രണ്ടിനകം സംസ്ഥാനത്തെ വില്ലേജ് ഓഫീസുകളിലെ മുഴുവന് സേവനങ്ങളും ഓണ്ലൈനായി ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. അഞ്ച് വര്ഷത്തിനകം വില്ലേജ് ഓഫീസുകള് പൂര്ണമായും സ്മാര്ട്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തെ വില്ലേജ് ഓഫീസര്മാരുമായി വീഡിയോ കോണ്ഫറന്സ് വഴി സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ജനങ്ങള് ഏറ്റവുമധികം ബന്ധപ്പെടുന്ന ഓഫീസുകളാണ് വില്ലേജ് ഓഫീസുകള്. അതിനാല് വേഗവും കാര്യക്ഷമവുമായ സേവനങ്ങള് അനിവാര്യമാണ്. 1666 വില്ലേജ് ഓഫീസുകളില് 126 എണ്ണം സ്മാര്ട്ടായി.
342 ഓഫീസുകള് സ്മാര്ട്ട് ആക്കുന്ന പ്രവര്ത്തനങ്ങള് ദ്രുതഗതിയില് പുരോഗമിക്കുകയാണ്. ബാക്കിയുള്ളവ കൂടി ഈ സര്ക്കാരിന്റെ കാലത്ത് പൂര്ത്തീകരിക്കും.
സേവനങ്ങള് മെച്ചപ്പെടുത്തുന്നതോടൊപ്പം ജീവനക്കാരുടെ മനോഭാവത്തില് ഗുണപരമായ മാറ്റം ഉണ്ടാവണം. കാലാനുസൃതമായി നടക്കേണ്ട പരിഷ്കരണങ്ങളുമായി ജീവനക്കാര് പൊരുത്തപ്പെടണം. പൊതുജനങ്ങളോടുള്ള പെരുമാറ്റത്തില് അവരെ സേവിക്കുന്നവരാണെന്ന ബോധത്തോടെയുള്ള സമീപനം വേണം.
ഇതിനനുസരിച്ച് ജീവനക്കാര് ഉയര്ന്ന് പ്രവര്ത്തിക്കണം. അഴിമതി രഹിതവും കാര്യക്ഷമവും ജനോപകാരപ്രദവുമായ സിവില് സര്വീസാണ് സര്ക്കാരിന്റെ ലക്ഷ്യം. ഫയലുകള് മരിച്ച രേഖകള് ആവരുത്. തുടിക്കുന്ന ജീവിതങ്ങള് ആവണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
സിവില് സര്വീസിലെ അഴിമതിയുടെ തോത് ഗണ്യമായി കുറക്കാനായിട്ടുണ്ട്. അന്യായമായി പണം വസൂലാക്കല് മാത്രമല്ല അഴിമതി. ഒരേ സേവനത്തിനായി ജനങ്ങളെ പലതവണ ഓഫീസുകളില് വരുത്തുന്നതും ലഭ്യമായ അപേക്ഷകളില് സമയ ബന്ധിതമായി തീര്പ്പ് കല്പ്പിക്കാത്തതും ഓണ്ലൈന് അപേക്ഷയില് മതിയായ കാരണമില്ലാതെ ജനങ്ങളെ വിളിച്ചുവരുത്തി ബുദ്ധിമുട്ടിക്കുന്നതും അഴിമതിയുടെ ഗണത്തില്പ്പെടും.
ഫയലുകള് സമയബന്ധിതമായി തീര്പ്പാക്കാതെ സൂക്ഷിക്കുന്നതും അഴിമതിക്ക് അരങ്ങൊരുക്കലാണ്. ഇതൊന്നും അനുവദിക്കാനാവില്ല.
സര്ക്കാര് സേവനങ്ങള് സുതാര്യവും സമയബന്ധിതവും കാര്യക്ഷമവുമല്ലെങ്കില് പൊതുജനങ്ങള്ക്ക് സര്ക്കാര് ഓഫീസുകളോട് അതൃപ്തി ഉണ്ടാവും. അത് സര്ക്കാരിനെതിരെയും അതൃപ്തി ഉണ്ടാക്കും. അപേക്ഷയുടെ മെറിറ്റ് അനുസരിച്ച് തീരുമാനമെടുക്കാതെ ചില ഏജന്റുമാരെ കാണേണ്ട നില നേരത്തെ ഉണ്ടായിരുന്നു. അത് നല്ല തോതില് അവസാനിപ്പിക്കാനായിട്ടുണ്ട്.
ഏതെങ്കിലും തരത്തില് ഇത്തരം ദുഷ്പ്രവണത കണ്ടാല് വെച്ചുപൊറുപ്പിക്കില്ല. കര്ശനമായ നടപടികളുണ്ടാവും. ഇക്കാര്യത്തില് കൃത്യമായ നിരീക്ഷണ സംവിധാനം ഏര്പ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
അടുത്ത രണ്ട് വര്ഷം കൊണ്ട് 1666 വില്ലേജ് ഓഫീസുകളിലും നൂതന സാങ്കേതിക വിദ്യയായ കോര്സ് ( കണ്ടിന്യൂയിംഗ് ഓപ്പറേറ്റിംഗ് റഫറല് സിസ്റ്റം ) അധിഷ്ഠിതമായി ഇന്റഗ്രേറ്റഡ് ഭൂരേഖാ പോര്ട്ടല് ലഭ്യമാക്കും. റവന്യു, സര്വ്വേ, രജിസ്ട്രേഷന് എന്നീ വകുപ്പുകളിലായി നല്കുന്ന സേവനങ്ങള് ഇതോടെ ഒറ്റ പോര്ട്ടലില് ലഭ്യമാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
യോഗത്തില് റവന്യൂ വകുപ്പ് മന്ത്രി കെ രാജന്, റവന്യൂ വകുപ്പ് പ്രിന്സിപ്പല് സെക്രട്ടറി ഡോ. എ. ജയതിലക്, ലാന്റ് റവന്യു കമ്മീഷണര് കെ. ബിജു തുടങ്ങിയവരും പങ്കെടുത്തു.