തിരുവനന്തപുരം
‘തൊഴിലുറപ്പിന്റെ കരുത്തിൽ’ സംസ്ഥാനത്ത് ഉയരും 203 അങ്കണവാടികൾകൂടി. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയിൽ ഉൾപ്പെടുത്തി 203 അങ്കണവാടി കെട്ടിടം നിർമിക്കാൻ അനുമതി നൽകി സാമൂഹ്യനീതിവകുപ്പ് ഉത്തരവായി. കേന്ദ്ര–- സംസ്ഥാന വിഹിതങ്ങളുൾപ്പെടെ ആറ് കോടി രൂപ ഇതിനായി അനുവദിച്ചു. സംസ്ഥാനത്ത് നിലവിൽ ഈ പദ്ധതിയിൽ 720 അങ്കണവാടി കെട്ടിടത്തിന്റെ നിർമാണം പുരോഗമിക്കുകയാണ്. അതിനു പുറമെയാണ് പുതിയ കെട്ടിടങ്ങൾക്ക് അനുമതി ലഭിച്ചത്.
അമ്പത് സ്മാർട്ട് അങ്കണവാടികൂടി നിർമിക്കാനും തീരുമാനമായി. ഒരു അങ്കണവാടിക്ക് 25 ലക്ഷം രൂപയാണ് നിർമാണച്ചെലവായി കണക്കാക്കിയിരിക്കുന്നത്. തദ്ദേശ സ്വയംഭരണവകുപ്പ് എൻജിനിയറിങ് വിഭാഗം മുഖേനയാണ് നിർമാണം. ഇതിനായി സാമൂഹ്യനീതിവകുപ്പിന്റെ വിഹിതമായി 9.65 കോടി രൂപയും അനുവദിച്ചു. സംസ്ഥാനത്ത് 33,115 അങ്കണവാടിയാണ് പ്രവർത്തിക്കുന്നത്. ഇതിൽ 7383 എണ്ണം വാടക കെട്ടിടത്തിലാണെന്ന് നേരത്തേ കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് കുരുന്നുകൾക്ക് കൂടുതൽ സുരക്ഷിതത്വവും സൗകര്യങ്ങളും ലഭ്യമാകുംവിധം അങ്കണവാടികൾക്ക് സ്വന്തം കെട്ടിടം നിർമിക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചത്. എല്ലാവിധ ആധുനിക സൗകര്യങ്ങളോടുംകൂടിയ സ്മാർട്ട് അങ്കണവാടികൾ ഉൾപ്പെടെയാണ് ഒരുക്കുന്നത്. ഭിന്നശേഷി കുട്ടികൾക്കായി സ്പെഷ്യൽ അങ്കണവാടികളും നിർമിക്കാനുള്ള തയ്യാറെടുപ്പിലാണ് സംസ്ഥാന സർക്കാർ.