തിരുവനന്തപുരം
മദ്രസ്സാ അധ്യാപക ശമ്പളവുമായി ബന്ധപ്പെട്ട് നിയമസഭാ ചോദ്യങ്ങൾക്കുള്ള മറുപടിക്കായി തയ്യാറാക്കിയ വിവരണം സഭയിൽ വക്കുംമുമ്പ് സമൂഹ മാധ്യമങ്ങളിൽ വന്നത് അന്വേഷിക്കാൻ സ്പീക്കർ എം ബി രാജേഷിന്റെ റൂളിങ്. മഞ്ഞളാംകുഴി അലിയുടെ ക്രമപ്രശ്നത്തിലാണ് നടപടി.
മദ്രസ്സാ അധ്യാപകരുടെ ശമ്പളം സംബന്ധിച്ച ജൂൺ ഏഴിലെ ചോദ്യത്തിനുള്ള മറുപടി നിയമസഭാ പോർട്ടലിൽ ലഭ്യമാക്കിയത് വൈകിട്ട് നാലിനാണ്. എന്നാൽ മറുപടി എട്ടിലെ ലേറ്റ് ആൻസർ ബുള്ളറ്റിനിൽ ഉൾപ്പെടുത്തുകയും ഒമ്പതിന് ഉച്ചയോടെ നിയമസഭയുടെ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുകയും ചെയ്തു.
മുഖ്യമന്ത്രി അംഗീകരിച്ച് നിയമസഭയ്ക്ക് നൽകിയ മറുപടിയല്ല സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചത്. ചോദ്യത്തിന് മറുപടി തയ്യാറാക്കുന്നതിനായി വകുപ്പ് തയ്യാറാക്കി സർക്കാരിലേക്ക് അയച്ച വിവരണം മാത്രമാണ് പുറത്തു വിട്ടത്. ഇത് അനുചിതവും ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും ഉണ്ടാകാൻ പാടില്ലാത്തതുമാണ്. വകുപ്പുതല അന്വേഷണം നടത്തി വീഴ്ച വരുത്തിയവർക്കെതിരെ മാതൃകാപരമായ നടപടി സ്വീകരിക്കണമെന്നും സ്പീക്കർ പറഞ്ഞു.















