തൃശ്ശൂർ: ഫ്ളാറ്റിൽ യുവതിയെ ക്രൂരപീഡനത്തിന് ഇരയാക്കിയ കേസിലെ പ്രതി മാർട്ടിൻ ജോസഫ് പിടിയിൽ. മുണ്ടൂരിലെ ഒളിത്താവളത്തിൽനിന്നാണ് ഇയാൾ പിടിയിലായത്. കാടിന്റെ ഉൾഭാഗത്തായിരുന്നു ഇയാൾ ഒളിവിൽ കഴിഞ്ഞിരുന്നതെന്നും തിരച്ചിലിനൊടുവിലാണ് ഇയാളെ കണ്ടെത്തിയതെന്നും പോലീസ് പറഞ്ഞു. ഇയാളുടെ ഒളിത്താവളം കണ്ടെത്തിയ പോലീസ് ഇവിടെ തിരച്ചിൽ നടത്തിയിരുന്നു. ഈ സ്ഥലത്തിന്റെ ദൃശ്യങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു.
ഇയാളെ സ്ഥലത്തെത്തിച്ച സുഹൃത്തുക്കളെ അടക്കം പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇവരെ അറസ്റ്റ് ചെയ്തതായും വിവരമുണ്ട്. ഇവർ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ സ്ഥലത്ത് തിരച്ചിൽ നടത്തിയത്. ഇയാൾ തൃശ്ശൂരിൽ എത്തിയ ബിഎംഡബ്ല്യു കാറടക്കം നാല് വാഹനങ്ങളും പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
എട്ടാം തീയതി രാവിലെ നാലു മണിക്കാണ് ഇയാൾ കാക്കനാട്ടെ ഫ്ളാറ്റിൽനിന്ന് തൃശ്ശൂരിലേക്ക് പോയത്. മാർട്ടിൻ ജോസഫിന്റെ തൃശ്ശൂരിലെ വീട്ടിൽ പോലീസ് പലവട്ടം എത്തുകയും പരിശോധന നടത്തുകയും ചെയ്തിരുന്നു. ഇയാളുടെ വീട്ടുകാരെയും ബന്ധുക്കളെയും സുഹൃത്തുക്കളെയും ചോദ്യം ചെയ്തിരുന്നു.
Content Highlights: Woman locked up in Kochi flat: Martin Joseph in police custody