തൃശൂര്‍ > കൊച്ചിയിലെ ഫ്ളാറ്റില്‍ യുവതിയെ ക്രൂരപീഡനത്തിന് ഇരയാക്കിയ കേസിലെ പ്രതി മാര്ട്ടിന് ജോസഫ് അറസ്റ്റിലായി. ഒളിവിലായിരുന്ന മാര്‍ട്ടിനെ തൃശൂര്‍ മുണ്ടൂരില്‍ നിന്നാണ് പിടികൂടിയത്. നാളെ രാവിലെ മാര്‍ട്ടിനെ കൊച്ചിയിലെത്തിക്കും.
കേസില്‍ മാര്‍ട്ടിനെ സഹായിച്ച കൂട്ടാളികളെ വ്യാഴാഴ്ച വൈകുന്നേരത്തോടെ പൊലസ് പിടികൂടിയിരുന്നു. ഇവരില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ മാര്ട്ടിന് ജോസഫ് ഒളിവില്‍ കഴിയുന്ന പ്രദേശം പൊലിസ് തിരിച്ചറിഞ്ഞത്. തൃശൂര്‍ മുണ്ടൂരില്‍ വീടിനോട് ചേര്‍ന്ന ആളൊഴിഞ്ഞ ചതുപ്പ് പ്രദേശത്താണ് ഇയാള്‍ കഴിഞ്ഞിരുന്നത്.
കൊച്ചിയില്‍ നിന്നുള്ള അന്വേഷണ സംഘം തൃശൂര്‍ പൊലീസിന്റെ സഹായത്തോടെ പരിസരത്ത് പരിശോധന ഊര്‍ജിതമാക്കുകയായിരുന്നു. എട്ടിന് കാക്കനാട്ടെ ഫ്ലാറ്റില്‍ നിന്ന് പോയ മാര്ട്ടിന് അന്ന് മുതല്‍ ഇവിടെ താമസിക്കുകയാണെന്ന് വിവരം. മാര്ട്ടിന് തൃശ്ശൂരിലെത്തിയ ബിഎംഡബ്ല്യു കാറടക്കം നാല് വാഹനങ്ങളും പൊലീസ് കസ്റ്റഡിയിലെടുത്തു. മാര്ട്ടിന് കഴിഞ്ഞ ദിവസം മുണ്ടൂരിലെത്തിയതായി മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ പരിശോധനയില്‍ വ്യക്തമായിരുന്നു.
എറണാകുളത്ത് ഫാഷന്‍ ഡിസൈനറായി ജോലി ചെയ്ത് വരികയായിരുന്ന കണ്ണൂര്‍ സ്വദേശിയായ യുവതിയെ ഫ്ളാറ്റില്‍വച്ച് ലൈംഗികമായും ശാരീരികമായും ക്രൂരമായി പീഡിപ്പിച്ചുവെന്നാണ് മാര്‍ട്ടിനെതിരായ കേസ്.