ന്യൂഡൽഹി: കുഴൽപ്പണക്കേസിൽ പച്ചയായ കള്ളക്കളിയാണ് നടക്കുന്നതെന്നും ഈ കേസ് ഭാരതീയ ജനതാപാർട്ടിയുടെ തലയിൽ കെട്ടിവെച്ച് രാഷ്ട്രീയ ലാഭം കൊയ്ത് ബിജെപിയെ ഇല്ലാതാക്കി കളയാമെന്ന ദുരുദ്ദേശമാണ് നടക്കുന്നതെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. സി.കെ ജാനുവിന് പണം നൽകിയെന്ന ആരോപണം ഉന്നയിച്ച പ്രസീതയും സിപിഎം നേതാവ് ജയരാജനും തമ്മിൽ കൂടിക്കാഴ്ച നടത്തിയെന്നും സുരേന്ദ്രൻ ആരോപിച്ചു.
ഈ കേസ് മാത്രമല്ല സംസ്ഥാന വ്യാപകമായി ഇത്തരം പല കേസുകളും ഉണ്ടാക്കിയിട്ടുണ്ട്. മഞ്ചേശ്വരത്ത് തിരഞ്ഞെടുപ്പിൽ മത്സരിച്ചത് ബിഎസ്പിയുടെ സ്ഥാനാർത്ഥിയാണ്. എല്ലാരും വ്യാഖ്യാനിക്കുന്നത് കെ. സുരേന്ദ്രന്റെ അപരനാണ് സുന്ദര എന്നാണ്. എന്നാൽ സുരേന്ദ്രന്റെ അപരനല്ല സുന്ദര. അദ്ദേഹം ഒരു ദേശീയ പാർട്ടിയുടെ സ്ഥാനാർഥിയാണ്.എം സുരേന്ദ്രൻ എന്നൊരു അപരൻ മഞ്ചേശ്വരത്ത് മത്സരിച്ചിരുന്നു. അദ്ദേഹത്തിന് 200 വോട്ടും ലഭിച്ചതാണ്. അദ്ദേഹത്തെ ആരും പിൻവലിപ്പിക്കാൻ പോയിട്ടില്ല. പിന്നെയാണല്ലോ ബിഎസ്പിയുടെ സ്ഥാനാർഥിയെ പിൻവലിപ്പിക്കാൻ പോകുന്നത്. ബിഎസ്പി സ്ഥാനാർത്ഥി സ്വന്തം നിലയ്ക്ക് തിരഞ്ഞെടുപ്പ് കമ്മീഷന് മുന്നിൽ പോയി പത്രിക പിൻവലിച്ചതിന് കുറ്റം ബിജെപിക്ക്. അവിടെയും ഒരു കള്ളക്കേസ് വന്നിരിക്കുന്നു.
സി.കെ ജാനുവിന് പണം കൊടുത്തു എന്ന പേരിൽ വേറൊരു കള്ളക്കേസ് വന്നിരിക്കുകയാണ്. സിപിഎം നേതാവ് പി ജയരാജനുമായി കൂടിക്കാഴ്ച നടത്തിയിട്ടാണ് പ്രസീത എന്നയാൾ പണം കൊടുത്തുവെന്ന വ്യാജ ആരോപണം ഉന്നയിക്കുന്നത്. ജയരാജൻ ഇതുവരെ ഇക്കാര്യം നിഷേധിച്ചിട്ടില്ല. എല്ലാം തിരക്കഥയാണ്.
കൊടകരയിലേത് കുഴൽപ്പണക്കേസാണെങ്കിൽ എന്തുകൊണ്ടാണ് സാമ്പത്തിക കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്ന ഏജൻസികൾക്ക് കൈമാറാത്തത്. നൂറ് കണക്കിന് കോടി രൂപയുടെ മരം മുറിയാണ് തിരഞ്ഞെടുപ്പ് കാലത്ത് കേരളത്തിൽ നടന്നത്. സർക്കാരിലേക്ക് നേരിട്ടാണ് വനം കൊള്ളപോകുന്നതെന്നും കെ. സുരേന്ദ്രൻ ആരോപിച്ചു.