തിരുവനന്തപുരം
കോൺഗ്രസിന്റെ ഉന്നത നേതാക്കൾ ബിജെപിയിലേക്ക് ചേക്കേറുന്നത് വ്യക്തികളുടെമാത്രം പ്രശ്നമല്ലെന്നും കോൺഗ്രസ് രാഷ്ട്രീയത്തിന്റെ പരിമിതിയാണെന്നും സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബി. ഏറ്റവുമൊടുവിൽ എഐസിസി ജനറൽ സെക്രട്ടറി ജിതിൻ പ്രസാദയാണ് ബിജെപിയിൽ ചേർന്നത്. 2008 മുതൽ 2012 വരെ മൻമോഹൻ സിങ് സർക്കാരിൽ സഹമന്ത്രി ആയിരുന്നു ജിതിൻ പ്രസാദ.
കോൺഗ്രസിന് ബിജെപിയിൽനിന്ന് ആകെയുള്ള വ്യത്യാസം വർഗീയ പാർടിയല്ല എന്നതുമാത്രമാണ്. ബിജെപിയുടെ മറ്റു രാഷ്ട്രീയ, സാമ്പത്തിക നയങ്ങളോട് കോൺഗ്രസിന് എതിർപ്പില്ല. അതുകൊണ്ടുതന്നെ കോൺഗ്രസിലെ ഫ്യൂഡൽ രാഷ്ട്രീയം ഉള്ളവർ ബിജെപിയിലേക്ക് പോകുന്നത് സ്വാഭാവിക രാഷ്ട്രീയമാറ്റമാണ്.
സിപിഐ എം നേതൃത്വത്തിൽ ഇടതുപക്ഷം സുശക്തമായതിനാൽ മറ്റു സംസ്ഥാനങ്ങളിലേതുപോലെ കോൺഗ്രസ് നേതാക്കളെ വ്യാപകമായി വലവീശിപ്പിടിക്കാൻ കേരളത്തിൽ ബിജെപിക്ക് കഴിഞ്ഞിട്ടില്ല. എങ്കിലും പുതിയ ഉന്നത ചുമതലകൾ കൈവശപ്പെടുത്തിയ ഒരു കോൺഗ്രസ് നേതാവ് ആത്മഗതമായോ ഭീഷണിയായോ പറഞ്ഞ വാക്കുകൾ ദൃശ്യമാധ്യമങ്ങളുടെ പക്കൽ ഉണ്ടാകും. ‘‘പല പ്രമുഖ ബിജെപിനേതാക്കളും എന്നെ ബന്ധപ്പെടുകയും കാണുകയും ചെയ്തിട്ടുണ്ട്. എനിക്ക് ആ പാർടിയിൽ ചേരണമെന്നുതോന്നുകയും ഞാൻ ചേരുകയും ചെയ്താൽ നിങ്ങൾക്കെന്താ പ്രശ്നം?’’ ഇന്ന് ആ നേതാവ് പറഞ്ഞത് ഇങ്ങനെയാണ്: “‘എനിക്ക് ബിജെപിയിൽ ചേരാൻ അഴീക്കോടൻ രാഘവൻ മന്ദിരത്തിൽനിന്നുള്ള എൻഒസി വേണ്ട.’’ അതായത്, ബിജെപിയിൽ ചേരണമെന്ന് തോന്നിയാൽ എപ്പോൾ വേണമെങ്കിലും ചേരും, സിപിഐ എം കണ്ണൂർ ജില്ലാ കമ്മിറ്റി ഓഫീസിൽനിന്ന് അനുമതി വേണ്ടെന്ന്.
ഈ മനോഭാവം കോൺഗ്രസിനെ അടിമുടി ഗ്രസിച്ചിരിക്കുന്നു എന്നതാണ് കേന്ദ്രപ്രശ്നം. അതുകൊണ്ടാണ് കഴിഞ്ഞ അഞ്ചുവർഷവും ബിജെപിയും കോൺഗ്രസും ഒരേ സ്വരത്തിൽ എൽഡിഎഫ് സർക്കാരിനെതിരെ അപവാദ പ്രചാരണം നടത്തിയത്. ഈ കോൺഗ്രസ് എങ്ങനെയാണ് ഇന്ത്യയിൽ ബിജെപിക്കെതിരെ ജനങ്ങളെ അണിനിരത്തുകയെന്നും എം എ ബേബി ചോദിച്ചു.