കെപിസിസി പ്രസിഡന്‍റ്, പ്രതിപക്ഷ നേതാവ് എന്നി നിലകളിലെല്ലാം വളരെ മികച്ച പ്രവർത്തനം നടത്തിയ ചരിത്രമാണ് രമേശ് ചെന്നിത്തലക്ക് ഉള്ളതെന്ന് സന്ദർശനത്തിന് പിന്നാലെ കെ സുധാകരൻ പറഞ്ഞു. ‘പ്രതിസന്ധി ഘട്ടത്തിൽ പാർട്ടിയെ മുന്നോട്ട് നയിച്ച കെപിസിസി പ്രസിഡന്റ് ആയിരുന്നു രമേശ് ചെന്നിത്തല. വീണ്ടും പാർട്ടി പ്രതിസന്ധിയെ നേരിടുന്ന ഈ കാലത്ത് എന്‍റെ മുന്നോട്ടുള്ള പ്രയാണത്തിന് എല്ലാവിധ പിന്തുണയും അദ്ദേഹം വാഗ്ദാനം ചെയ്തു’ സുധാകരൻ ഫേസ്ബുക്കിൽ കുറിച്ചു.
ഒറ്റക്കെട്ടായി മുന്നോട്ട് പോകാനുള്ള യാത്രയുടെ തുടക്കമാണ് സന്ദർശനമെന്ന് സുധാകരൻ പറഞ്ഞതായി ഏഷ്യാനെറ്റ് ന്യൂസും റിപ്പോർട്ട് ചെയ്തു. ചെന്നിത്തലയുടെയും മുല്ലപ്പള്ളി രാമചന്ദ്രന്റെയുമൊക്കെ സംഭാവന വളരെ വലുതാണ്. ചെന്നിത്തലയുടെ വലിയ മനസ്സിന് നന്ദി പറയുന്നു. പാർട്ടിയുടെ താങ്ങും തണലും ആയി നേതാക്കൾ ഉണ്ടാകണമെന്നും സുധാകരൻ പറഞ്ഞു.
കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് ഒരു പേരും താൻ പറഞ്ഞിരുന്നില്ല എന്ന് വ്യക്തമാക്കി. ഹൈക്കമാൻഡ് സുധാകരന്‍റെ പേര് പ്രഖ്യാപിച്ചപ്പോൾ ഒരേ മനസ്സോടെ അംഗീകരിക്കുകയാണ് ചെയ്തത്. കോൺഗ്രസ് ഒറ്റക്കെട്ടായി മുന്നോട്ട് പോകുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. കഴിഞ്ഞദിവസം നേതൃത്വം തീരുമാനം പ്രഖ്യാപിച്ചപ്പോൾ തന്നെ തീരുമാനത്തെ സർവ്വാത്മനാ സ്വാഗതം ചെയ്യുന്നെന്നും ചെന്നിത്തല പ്രതികരിച്ചിരുന്നു.
‘പാർട്ടിയെ ശക്തിപ്പെടുത്തി മുന്നോട്ട് പോകാൻ അദ്ദേഹത്തിനു കഴിയട്ടെ. ആശംസ നേരുന്നതിനൊപ്പം പിന്തുണയും അറിയിക്കുന്നു’ എന്നും രമേശ് ചെന്നിത്തല വ്യക്തമാക്കിയിരുന്നു.