കൊച്ചി > നയതന്ത്ര ബാഗേജില് സ്വര്ണം കടത്തിയ കേസിലെ മുഖ്യ ആസൂത്രകരില് ഒരാളെക്കൂടി ദേശീയ അന്വേഷണ ഏജന്സി അറസ്റ്റ് ചെയ്തു. കോഴിക്കോട് തിരുവമ്പാടി കല്ലുരുട്ടി സ്വദേശി പി എച്ച് മുഹമ്മദ് മന്സൂറാണ് (37–മഞ്ജു) പിടിയിലായത്. ദുബായ് കേന്ദ്രീകരിച്ച് നയതന്ത്ര ബാഗേജിലൂടെ സ്വര്ണം കടത്താന് ഫൈസല് ഫരീദിനെ സഹായിച്ചവരില് പ്രധാനിയാണിയാള്.
ബുധനാഴ്ച രാവിലെ ദുബായില്നിന്ന് കരിപ്പൂരിലെത്തിയ മന്സൂറിനെ എന്ഐഎ അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയില് ഹാജരാക്കിയ ഇയാളെ അഞ്ചുദിവസത്തേക്ക് എന്ഐഎ കസ്റ്റഡിയില് വിട്ടു. കേസില് 35–ാംപ്രതിയാണിയാള്. എന്ഐഎ കോടതി ഇയാള്ക്കായി ജാമ്യമില്ലാ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു. യുഎഇയില്നിന്ന് കേരളത്തിലേക്ക് നയതന്ത്ര ബാഗില് സ്വര്ണം ഒളിപ്പിച്ച് കടത്താന് മറ്റൊരു പ്രതിയായ മുഹമ്മദ് ഷാഫിയെ മന്സൂര് സഹായിച്ചിരുന്നുവെന്ന് എന്ഐഎ വ്യക്തമാക്കി. സ്വര്ണക്കടത്തിലെ സാക്ഷി നല്കിയ വിവരങ്ങളില്നിന്നാണ് മന്സൂറിന്റെ പങ്ക് വ്യക്തമായത്. ഒരുവര്ഷമായി മന്സൂര് ദുബായിലായിരുന്നു.
ജൂണ് 14 വരെയാണ് മന്സൂറിനെ എന്ഐഎ കസ്റ്റഡിയില് വിട്ടത്. സ്വര്ണക്കടത്ത് കേസില് 22–ാമത്തെ അറസ്റ്റാണിത്. 20 പ്രതികളെ ചേര്ത്ത് ജനുവരിയില് എന്ഐഎ കുറ്റപത്രം നല്കിയിരുന്നു. ആറുപേര് ദുബായില് ഒളിവിലാണെന്നാണ് എന്ഐഎയുടെ കണ്ടെത്തല്. 2020 ജൂലൈ അഞ്ചിന് തിരുവനന്തപുരം എയര് കാര്ഗോ വിമാനത്താവളത്തിലാണ് 30 കിലോ സ്വര്ണം കസ്റ്റംസ് പിടികൂടിയത്. പിന്നീട് എന്ഐഎയും കേസ് രജിസ്റ്റര് ചെയ്തു.