തിരുവനന്തപുരം> അഡീഷണല് അഡ്വക്കേറ്റ് ജനറല്മാരായി അഡ്വ. അശോക് എം ചെറിയാനെയും അഡ്വ. കെ പി ജയചന്ദ്രനെയും നിയമിക്കാന് മന്ത്രിസഭാ യോഗം തീരുമാനിച്ചു. സ്റ്റേറ്റ് അറ്റോണിയായി അഡ്വ. എന് മനോജ്കുമാര്, അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻസ് ആയി അഡ്വ.ഗ്രേഷ്യസ് കുര്യാക്കോസ് എന്നിവരും നിയമിതരായി.
അഡീഷണൽ അഡ്വക്കേറ്റ് ജനറൽ ആയി നിയമിതനായ അശോക് എം ചെറിയാൻ കഴിഞ്ഞ 42 വർഷങ്ങളായി ഹൈകോടതിയിൽ അഭിഭാഷകൻ ആണ്. പരേതനായ അഡ്വ. എം. എം ചെറിയാന്റെ മകനാണ്.
ഭരണഘടന, സിവിൽ,തൊഴിൽ നിയമങ്ങൾ, എന്നിങ്ങനെ വ്യത്യസ്ത മേഖലകളിൽ നൈപുണ്യം നേടിയ അദ്ദേഹം മഹാത്മാ ഗാന്ധി സർവ്വകലാശാല, കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ്, കേരള കോപ്പറേറ്റീവ് ഗ്യാരണ്ടി ഫണ്ട് ബോർഡ്, കേരള കേരള ഫിഷർമെൻ വെൽഫെയർ ബോർഡ് എന്നിവയുടെ സ്റ്റാൻഡിങ് കോൺസൽ ആണ്. മുൻകാലങ്ങളിൽ കൊച്ചി നഗരസഭയുടെയും, കെഎസ്എഫ്ഇ യുടെയും സ്റ്റാൻഡിങ് കൗൺസിൽ ആയി പ്രവർത്തിച്ചിട്ടുണ്ട്. പതിനൊന്നാം ശമ്പള പരിഷ്കരണ കമ്മീഷൻ അംഗമായിരുന്നു.
സാമൂഹിക സാംസ്കാരിക മേഖലകളിൽ സജീവ സാന്നിധ്യമായ അഡ്വ. അശോക് ചെറിയാൻ ആൾ ഇന്ത്യ ലോയേഴ്സ് യൂണിയൻറെ സംസ്ഥാന വൈസ് പ്രസിഡൻ്റും ദേശീയ എക്സിക്യൂട്ടീവ് അംഗവും ആണ്.
അഡ്വ. കെ പി ജയചന്ദ്രന് കഴിഞ്ഞ 36 വര്ഷമായി പ്രാക്ടീസ് ചെയ്യുന്ന പ്രമുഖ അഭിഭാഷകനാണ്. ഇന്ത്യൻ അസോസിയേഷൻ ഓഫ് ലോയേഴ്സ് (ഐ എ എല്) സംസ്ഥാന കമ്മിറ്റി പ്രസിഡന്റാണ്. സംസ്ഥാന ബാർ കൌൺസിൽ മുൻ ചെയർമാനും നിലവിൽ ബാർ കൌൺസിൽ അംഗവുമാണ്. വിവിധ സ്ഥാപനങ്ങളുടെയും ധനകാര്യ സ്ഥാപനങ്ങളുടെയും നിയമോപദേശകനാണ്. തിരുവനന്തപുരം നഗരസഭയുടെ അഡ്വക്കേറ്റ് ആയിരുന്നു. പരേതരായ മുൻ വാഴൂർ എംഎല്എ കടയനിക്കാട് പുരുഷോത്തമൻ പിള്ളയുടെയും, എം കെ സുഭദ്രമ്മയുടെയും മകനാണ്.
സ്റ്റേറ്റ് അറ്റോർണി ആയി നിയമിതനായ അഡ്വ. എന് മനോജ്കുമാർ എറണാകുളം ലോ കോളജിൽ നിന്നു നിയമ ബിരുദം നേടിയ ശേഷം 1992 ൽ അഡ്വ. C.K.ശിവശങ്കര പണിക്കരുടെ ജൂനിയറായി കേരള ഹൈകോടതിയിൽ പ്രാക്ടീസ് ആരംഭിച്ചു.കേരള ഹൈകോടതിയിൽ സീനിയർ ഗവൺമെൻ്റ് പ്ളീഡർ ,സ്പെഷ്യൽ ഗവൺമെൻ്റ് പ്ലീഡർ എന്ന നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഹൈകോടതിയിൽ വിവിധ തദ്ദേശ സ്ഥാപനങ്ങളുടെയും മലബാർ ദേവസ്വത്തിൻ്റെയും സ്റ്റാൻഡിങ് കോൺസൽ ആയിരുന്നു.
2006 ൽ ഹൈകോടതി അഭിഭാഷക അസോസിയേഷൻ്റെ സെക്രട്ടറി ആയി തിരഞ്ഞെടുക്കപ്പെട്ടു. 2017 ൽ കേരള ബാർ കൗൺസിലിലേക്കും തുടർന്ന് ബാർ കൗൺസിൽ ഓഫ് ഇന്ത്യയിലേക്കും തിരഞ്ഞെടുക്കപ്പെട്ടു. നിലവിൽ ബാർ കൗൺസിൽ ഓഫ് ഇന്ത്യയുടെ എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ വൈസ് ചെയർമാൻ ആണ്.
ആൾ ഇന്ത്യ ലോയേഴ്സ് യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും ദേശീയ എക്സിക്യൂട്ടീവ് അംഗവും ആണ് അഡ്വ. മനോജ് കുമാർ.
അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻസ് ആയി ആയി നിയമിതനായ ഗ്രേഷ്യസ് കുര്യാക്കോസ് കേരള ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷകനാണ് . മാംഗ്ലൂർ യൂണിവേഴ്സിറ്റി യിൽ നിന്ന് ഒന്നാം റാങ്കോടെ എൽഎൽബി ബിരുദം നേടിയ ശേഷം 1983 ൽ അഭിഭാഷകൻ ആയി എൻറോൾ ചെയ്തു. തലശ്ശേരിയിൽ പ്രസിദ്ധ ക്രിമിനൽ അഭിഭാഷകനായ ശ്രീ വി. ബാലനുകീഴിൽ പ്രാക്ടീസ് ആരംഭിച്ചു. യശശരീരനായ മുൻ കേരള ഹൈകോടതി ചീഫ് ജസ്റ്റീസ് ആയിരുന്ന പി സുബ്രമണ്യം പോറ്റിയുടെ കീഴിൽ സുപ്രീം കോടതിയിൽ ബാർ കൗൺസിൽ ഫെല്ലോഷിപ്പോടുകൂടി പരിശീലനം നേടിയ ശേഷം കേരള ഹൈ ക്കോടതിയിൽ അഭിഭാഷകവൃത്തി ആരംഭിച്ചു. 2011 ൽ സീനിയർ അഭിഭാഷക പദവി ലഭിച്ചു.
1996-01 കാലയളവിൽ ഹൈ കോടതിയിൽ സീനിയർ ഗവൺമെൻ്റ് പ്ലീഡർ ആയിരുന്നു. കേരള ബാർ കൗൺസിലിൻ്റെയും, തലശ്ശേരി, കൽപ്പറ്റ, പയ്യന്നൂർ മുനിസിപ്പാലിറ്റികളുടെ സ്റ്റാൻഡിങ് കോൺസൽ , ഒരുമയൂർ കൂട്ടക്കൊല കേസിൽ ഹൈക്കോടതിയിലെ സ്പെഷ്യൽ പ്രോസിക്യൂട്ടർ എന്നീ നിലകളിലും പ്രവത്തിച്ചിട്ടുണ്ട്.
അഡിഷണല് പബ്ലിക്ക് പ്രോസി ക്യൂട്ടറായി സീനിയര് ഗവര്മെന്റ് പ്ലീഡര് അഡ്വക്കേറ്റ് പി നാരായണനെ നിയമിക്കാനും തീരുമാനമായി. അധിക സാമ്പത്തിക ബാധ്യത കൂടാതെയാണ് ഈ നിയമനം.