കിഴക്കമ്പലം > കിറ്റെക്സ് ഗാര്മെന്റ്സിലെ തൊഴിലാളികളുടെ ലേബര് ക്യാമ്പുകളിലെ വൃത്തിഹീനവും അനാരോഗ്യകരമായ ചുറ്റുപാടുകളെ കുറിച്ച് ജില്ലാ കലക്ടര്ക്കും സംസ്ഥാന ആരോഗ്യ വകുപ്പിനും ദുരന്ത നിവാരണ അതോറിറ്റിക്കും ലേബര് കമ്മീഷണര്ക്കും ജില്ലാ തൊഴില് വകുപ്പ് റിപ്പോര്ട്ട് സമര്പ്പിച്ചു.
അനാരോഗ്യകരമായ സാഹചര്യത്തിലാണ് ലേബര് ക്യാമ്പുകള് പ്രവര്ത്തിക്കുന്നതെന്ന് ചൊവ്വാഴ്ച ജില്ലാ എന്ഫോഴ്സ്മെന്റ് ലേബര് വിഭാഗം നടത്തിയ റെയ്ഡില് കണ്ടെത്തിയിരുന്നു. തകരകൊണ്ട് മേഞ്ഞ കുടുസുമുറിയില് 10പേര് അടങ്ങുന്ന സംഘങ്ങള് തിങ്ങി ഞെരുങ്ങിയാണ് പാര്ക്കുന്നത്. മഴക്കാലത്ത് പോലും അതിഭീകര ചൂടാണ് മുറികളില്. എല്ലാ ലേബര് ക്യാമ്പുകളിലും ഒരുമിച്ചായിരുന്നു പരിശോധന. 1065 തൊഴിലാളികള് വിവിധ ക്യാമ്പുകളിലായി കഴിയുന്നുണ്ട്. ഇത്രയും പേര്ക്ക് താമസിക്കാനുള്ള സൗകര്യങ്ങള് ക്യാമ്പില് ഇല്ലെന്ന് ലേബര് വിഭാഗം കണ്ടെത്തി.
കിറ്റക്സിലെ ലേബര് ക്യാമ്പുകള്
സാമൂഹീകാകലം പാലിച്ച് താമസിക്കേണ്ട കോവിഡ് കാലത്ത് പശു തൊഴുത്തിന്റെ മാതൃകയിലാണ് തൊഴിലാളികള്ക്ക് താമസമൊരുക്കിയിരിക്കുന്നത്. തറയിലും അഴുക്ക് നിറഞ്ഞതോടെ ഭക്ഷണം കഴിക്കുന്നിടങ്ങള് പോലും വൃത്തിഹീനമായ അന്തരീക്ഷത്തിലാണ്. മാധ്യമ വാര്ത്തകളെ തുടര്ന്ന് ലേബര് കമ്മീഷണറുടെ നിര്ദ്ദേശപ്രകാരമായിരുന്നു റെയ്ഡ് നടന്നത്.
കോവിഡ് വ്യാപനം ശകതമായ സാഹചര്യത്തില് ആളുകള് തിങ്ങിപ്പാര്ക്കുന്നതും കക്കൂസ് അടക്കം വൃത്തിഹീനമായ സാഹചര്യങ്ങള് ഒരാഴ്ചയ്ക്കുള്ളില് പരിഹരിക്കണമെന്നും കാണിച്ച് കമ്പനിക്ക് നോട്ടീസ് നല്കി. 10046 പേര് ജോലി ചെയ്യുന്ന കമ്പനിയില് 6000 പേരാണ് പരിശോധന സമയത്ത് ജോലി ചെയ്തിരുന്നത്. മറ്റുള്ളവര് വീട്ടിലാണെന്നാണ് കമ്പനി നല്കിയ വിശദീകരണം. ഒരാഴ്ചയ്ക്ക് ശേഷം വീണ്ടും പരിശോധന നടത്താണ് ലേബര് വിഭാഗത്തിന്റെ തീരുമാനം.