ന്യൂഡൽഹി: കൊടകര കുഴൽപ്പണക്കേസ് ആരോപണങ്ങളിൽ നിന്ന് തടിയൂരാൻ മുട്ടിൽ മരംമുറി ആയുധമാക്കാൻ ഒരുങ്ങി ബി.ജെ.പി. പിണറായി സർക്കാരിനെതിരേ ഉയർന്ന അഴിമതി ആരോപണത്തിൽ കേന്ദ്ര വനംമന്ത്രാലയത്തെ ഇടപെടീക്കാൻ സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻശ്രമം തുടങ്ങി. കൊടകരകുഴൽപ്പണക്കേസ് ആരോപണത്തിൽ ഒന്നാന്നായി വിളിച്ച് ചോദ്യം ചെയ്യുകയും മഞ്ചേശ്വരത്തെ സ്ഥാനാർഥി കെ.സുന്ദരയെ ഭീഷണിപ്പെടുത്തി എന്ന ആരോപണത്തിൽ സുരേന്ദ്രനെതിരേ കേസ് എടുക്കുകയും ചെയ്തിരുന്നു. ഇത്തരമൊരു സാഹചര്യത്തിലാണ് ഈ നീക്കങ്ങൾക്കെതിരേ ബദൽ നീക്കം ബി.ജെ.പി. നടത്തുന്നത്.
മുട്ടിൽ മരം മുറി സംസ്ഥാന സർക്കാരിനെതിരേ ആയുധമാക്കാനാണ് ബി.ജെ.പി.യുടെ നീക്കം. ഡൽഹിയിലുള്ള കെ.സുരേന്ദ്രൻ, ഇതിന്റെ ഭാഗമായി കേന്ദ്ര വനംപരിസ്ഥിതി പ്രകാശ് ജാവ്ദേക്കറുമായി കൂടിക്കാഴ്ച നടത്തും. മന്ത്രാലത്തെ വിഷയത്തിൽ ഇടപെടീക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്നാണ് സൂചന. വനം കൺകറന്റ് ലിസ്റ്റായതിനാൽ മുട്ടിൽ മരംമുറിയിൽ വനംവകുപ്പുകൂടി ഉൾപ്പെട്ടിട്ടുണ്ട്. കേന്ദ്രത്തിനും സംസ്ഥാനത്തിനും അധികാരം ഉള്ള വിഷയമാണ്. അതിനാൽ വിഷയത്തിൽ കേന്ദ്രത്തെ ഇടപെടുവിച്ചുകൊണ്ട് സംസ്ഥാന സർക്കാരിനെ പ്രതിരോധത്തിലാക്കാനാണ് ബിജെപി ആലോചന നടത്തുന്നത്. ഇതിന്റെ ഭാഗമായാണ് സുരേന്ദ്രൻ ജാവദേക്കറെ കാണുന്നത്.
ഫോറസ്റ്റ് കൺസർവേറ്റർ ഉൾപ്പെടെയുള്ളവർ വിഷയത്തിൽ ആരോപണ വിധേയരായിട്ടുണ്ട്. അതിനാൽ അവരിൽ നിന്ന് വിശദീകരണം തേടിക്കൊണ്ട് സംസ്ഥാന സർക്കാരിനെ പ്രതിസ്ഥാനത്ത് കൊണ്ടുവരുവാൻ കഴിയുമോ എന്നാണ് ബി.ജെ.പി. ഉറ്റുനോക്കുന്നത്. എന്നാൽ നിലവിൽ കേന്ദ്രമന്ത്രിയെ കാണാനുള്ള സമയം കെ.സുരേന്ദ്രന് ലഭിച്ചിട്ടില്ല. മന്ത്രി മറ്റുപല യോഗങ്ങളിലാണ്. ഇന്നോ നാളെയോ സുരേന്ദ്രൻ കേന്ദ്രമന്ത്രിയെ കണ്ട് വിഷയത്തിന്റെ ഗൗരവം ധരിപ്പിക്കുകയും കേന്ദ്രസർക്കാരിന്റെ ഭാഗത്ത് നിന്ന് ഇടപെടൽ നടത്താനുള്ള നീക്കത്തിലാണ്സുരേന്ദ്രൻ.