കൊച്ചി
അമ്പത്തഞ്ചുലക്ഷം രൂപയുടെ കള്ളപ്പണം പിടിച്ച കേസിൽ ഇഡിയും എൻഐഎയും പ്രാഥമികാന്വേഷണം തുടങ്ങി. കേസിൽ അറസ്റ്റിലായ കണ്ണൂർ പാപ്പിനിശേരി സ്വദേശി റാഷിദ് (37), കാലടി സ്വദേശി നിസാം (31) എന്നിവരെ തിങ്കളാഴ്ച മുളവുകാട് സ്റ്റേഷനിലെത്തി കേന്ദ്ര അന്വേഷണ ഏജൻസി ഉദ്യോഗസ്ഥർ ചോദ്യം ചെയ്തു. കള്ളപ്പണവുമായി യുവാക്കൾ പിടിയിലായ വിവരം കൊച്ചി സിറ്റി പൊലീസ് കമീഷണർ സി എച്ച് നാഗരാജു എൻഐഎ, ഇഡി, ഐബി അടക്കമുള്ള കേന്ദ്ര ഏജൻസികളെ അറിയിച്ചിരുന്നു.
മംഗളൂരു ദേശീയപാതയിൽ 1.7 കിലോ ഗ്രാം സ്വർണം മോഷ്ടിച്ച കേസിലെ പ്രതിയാണ് റാഷിദ്. ഈ സ്വർണം ജ്വല്ലറികൾക്ക് കൈമാറിയാണ് 55 ലക്ഷം സമ്പാദിച്ചതെന്നാണ് ഉദ്യോഗസ്ഥർ സംശയിക്കുന്നത്. സ്വർണക്കവർച്ച കേസിന്റെ ഭാഗമായി കർണാടക പൊലീസ് കൊച്ചിയിൽ എത്തിയിട്ടുണ്ട്. പ്രതികളെ ബുധനാഴ്ച കർണാടക പൊലീസിന് കൈമാറിയേക്കും. തിങ്കളാഴ്ച കണ്ടെയ്നർ റോഡിൽ ബോൾഗാട്ടി ജങ്ഷനിൽ നടത്തിയ വാഹനപരിശോധനയിലാണ് പ്രതികൾ കുടുങ്ങിയത്.
കർണാടക പൊലീസ് എത്തിയ വിവരമറിഞ്ഞ് കച്ചേരിപ്പടിയിൽ വാടകയ്ക്ക് താമസിച്ച വീട്ടിൽനിന്ന് പണവുമായി ജില്ല കടക്കാനുള്ള ശ്രമത്തിനിടെ ഇവർ സഞ്ചരിച്ച കാർ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. റാഷിദ് നൽകിയ മറുപടിയിൽ സംശയം തോന്നിയ മുളവുകാട് ഇൻസ്പെക്ടർ എ സുനിൽരാജ് കാർ പരിശോധിച്ചപ്പോഴാണ് ബാഗിൽ പണം കണ്ടെത്തിയത്. ബാങ്കിൽ നിക്ഷേപിക്കാൻ കൊണ്ടുപോകുകയാണെന്ന് പറഞ്ഞെങ്കിലും പൊലീസ് വിട്ടില്ല. ഇതോടെ ബാഗുമായി ഓടി രക്ഷപ്പെടാൻ തുനിഞ്ഞ റാഷിദിനെയും നിസാമിനെയും അറസ്റ്റ് ചെയ്യുകയായിരുന്നു.