പാക്കിസ്ഥാന്റെ ഇംഗ്ലണ്ട് പര്യാടനത്തിലെ ആറു മത്സരങ്ങൾ പാക്കിസ്ഥാനിൽ സംപ്രേക്ഷണം ചെയ്യാൻ സാധിക്കില്ലെന്ന് ഇൻഫോർമേഷൻ മന്ത്രി ഫവാദ് ചൗദരി. ദക്ഷിണേഷ്യയിലെ സംപ്രേക്ഷണാവകാശം ഇന്ത്യൻ കമ്പനികൾക്ക് ആയതിനാലാണ് പാക്കിസ്ഥാൻ ടെലിവിഷനിൽ മത്സരങ്ങൾ സംപ്രേക്ഷണം ചെയ്യാൻ സാധിക്കാത്തതെന്ന് മന്ത്രി പറഞ്ഞു.
ജൂലൈയിൽ ഇംഗ്ലണ്ടിനെതിരെ മൂന്ന് ഏകദിനങ്ങളും മൂന്ന് ട്വന്റി-20 മത്സരങ്ങളുമാണ് പാക്കിസ്ഥാൻ കളിക്കുക. ആഗസ്റ്റ് 5ന് ഇന്ത്യൻ സർക്കാർ എടുത്ത തീരുമാനം പിൻവലിച്ചാൽ മാത്രമേ ഇന്ത്യൻ കമ്പനികളുമായി ഇടപാടുകൾ നടത്താൻ സാധിക്കുകയുള്ളു എന്ന് ഫവാദ് ചൗദരി പറഞ്ഞു. ചൗദരി പറഞ്ഞ തീയതി അനുസരിച്ച്, ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കി സംസ്ഥാനത്തെ രണ്ടു കേന്ദ്ര ഭരണ പ്രദേശങ്ങളാക്കിയ തീരുമാനമാണ് മന്ത്രി ഉദ്ദേശിച്ചത് എന്ന് മനസ്സിലാക്കാം.
“ദക്ഷിണേഷ്യയിൽ മത്സരങ്ങൾ സംപ്രേക്ഷണം ചെയ്യാനുള്ള അവകാശം ഇന്ത്യൻ കമ്പനികൾക്കാണ്. ഒരു ഇന്ത്യൻ കമ്പനിയായിട്ടും വാണിജ്യബന്ധത്തിന് ഞങ്ങൾക്കാവില്ല” ചൗദരി പറഞ്ഞതായി ജിയോ ന്യൂസ് റിപ്പോർട്ട് ചെയ്തു. പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡും പിടിവിയും ഇതു കാരണം വലിയ നഷ്ടങ്ങൾ നേരിടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Read Also: ‘ബാറ്റ് ചെയ്യാൻ കഴിയുമെന്ന് തോന്നിയില്ല’: നെറ്റ്സിൽ ധോണിക്ക് ബോൾ ചെയ്തതോർത്ത് നോർജെ
പാക്കിസ്ഥാൻ -ഇംഗ്ലണ്ട് ഏകദിന പരമ്പരയിലെ ആദ്യ മത്സരം ജൂലൈ 8ന് കാർഡിഫിലാണ് നടക്കുക. ജൂലൈ 16ന് നോട്ടിങ്ഹാമിലാണ് ട്വന്റി-20 പരമ്പര ആരംഭിക്കുക. ഇംഗ്ലണ്ടിൽ നടക്കുന്ന മത്സരങ്ങളുടെ സംപ്രേക്ഷണാവകാശം സോണി പിക്ചേഴ്സ് നെറ്റ്‌വർക്ക് ഇന്ത്യക്കാണ്. ഇത്തരത്തിൽ ആണെങ്കിൽ ഇന്ത്യയിൽ നടക്കാൻ പോകുന്ന ലോകകപ്പ് മത്സരങ്ങൾ ഉൾപ്പെടെയുള്ളവ ഭാവിയിൽ പാക്കിസ്ഥാനിൽ സംപ്രേക്ഷണം ചെയ്യാൻ സാധിക്കുകയില്ല.
The post സംപ്രേക്ഷണാവകാശം ഇന്ത്യൻ കമ്പനിക്ക്; ഇംഗ്ലണ്ട്-പാക്കിസ്ഥാൻ മത്സരം കാണാനാവില്ലെന്ന് പാക്ക് മന്ത്രി appeared first on Indian Express Malayalam.