തിരുവനന്തപുരം> സംസ്ഥാനത്തെ സര്ക്കാർ സ്കൂളുകളോടനുബന്ധിച്ച് അദ്ധ്യാപക രക്ഷകര്തൃ സമിതികളുടെ നിയന്ത്രണത്തിൽ പ്രവര്ത്തിക്കുന്ന അംഗീകൃത പ്രീ-പ്രൈമറി വിഭാഗത്തിലെ അദ്ധ്യാപകര്ക്കും ആയമാര്ക്കും 07.02.2012 ലെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നിലവിൽ സര്ക്കാർ ഓണറേറിയം നല്കുന്നുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടി.
സര്ക്കാരിന്റെ മുന്കൂർ അനുമതിയില്ലാതെ സംസ്ഥാനത്ത് പുതുതായി പ്രീ-പ്രൈമറി ആരംഭിക്കുവാന് പാടില്ല എന്ന നിര്ദ്ദേശം നിലനില്ക്കുന്നതിനാലാണ് 2012 – ന് ശേഷം ആരംഭിച്ച പ്രീപ്രൈമറി അധ്യാപകര്ക്കും ആയമാര്ക്കും ഓണറേറിയം നല്കാൻ കഴിയാത്തതെന്നും അഡ്വ. ഡി കെ മുരളിയുടെ സബ്മിഷന് മറുപടിയായി മന്ത്രി പറഞ്ഞു.
2021-‐22 ലെ ബഡ്ജറ്റിന്മേലുള്ള മറുപടി പ്രസംഗത്തിൽ പ്രഖ്യാപിച്ച പ്രകാരം 2012 ന് ശേഷം ആരംഭിച്ച ഗവ. പ്രീപ്രൈമറി സ്കൂളുകളിലെ 2267 ടീച്ചർമാർക്കും 1097 ആയമാർക്കും 1000 രൂപ 01.04.2021 മുതൽ വർദ്ധിപ്പിക്കുന്നതിന് തത്ത്വത്തിൽ തീരുമാനിച്ചിട്ടുണ്ട്. എന്നാൽ ഉത്തരവിൽ എയ്ഡഡ് സ്കൂളുകളോട് അനുബന്ധിച്ച് പ്രവർത്തിക്കുന്ന പ്രീ-പ്രൈമറി വിഭാഗത്തെ സംബന്ധിച്ച് പരാമർശിച്ചിട്ടില്ല. അതുസംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പ് സമർപ്പിച്ച ഫയൽ ധനകാര്യ വകുപ്പിന്റെ പരിശോധനയിലാണ്.
2011- 12 വരെ ആരംഭിച്ചിട്ടുള്ള പ്രീ-പ്രൈമറി സ്കൂളുകളിലാണ് നിലവിൽ ഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമായി ഉച്ചഭക്ഷണം നൽകി വരുന്നത്. 2012 -13 മുതൽ പുതിയ പ്രീ-പ്രൈമറികൾ ആരംഭിക്കുവാൻ അനുവാദം നൽകാത്ത സാഹചര്യത്തിലാണ് ഉച്ചഭക്ഷണം നൽകാൻ കഴിയാത്തത്. കൂടാതെ 2015-ലെ കേന്ദ്ര ഉച്ചഭക്ഷണ പദ്ധതിയുടെ നിയമ പ്രകാരം (MID DAY MEALS RULES 2015) സർക്കാർ/എയ്ഡഡ് വിദ്യാലയങ്ങളിലെ 1 മുതൽ 8 വരെ ക്ലാസിലുള്ള വിദ്യാർത്ഥികൾക്കാണ് ഉച്ചഭക്ഷണ പദ്ധതിക്ക് അർഹതയുള്ളത്. എന്നിരുന്നാലും 2,50,000 പ്രീ-പ്രൈമറി കുട്ടികളെ കൂടി ഇതിന്റെ ഭാഗമായി ഉൾപ്പെടുത്തിയിട്ടുണ്ട്. 2012-നു ശേഷം ആരംഭിച്ച പ്രീ-പ്രൈമറി വിദ്യാലയങ്ങളിലെ കുട്ടികളെ ഉച്ചഭക്ഷണ പദ്ധതിയിൽ ഉൾപ്പെടുത്തുന്നത് സംബന്ധിച്ച വിഷയം പരിശോധിച്ചു വരുന്നു.മന്ത്രി അറിയിച്ചു