”നിങ്ങള് ഇണയുമായുള്ള ആദ്യ ചുംബനം ഓര്‍ക്കുംനേരം
ഞാന്‍ നിങ്ങളുടെ കൈകളെവിടെയായിരുന്നെന്ന് തിരയും,
ആദ്യ സംഭോഗസുഖം ഓര്‍ക്കുമ്പോള്‍
നിങ്ങളുടെ ശരീരമെവിടെയായിരുന്നുവെന്നും…” – ഇനി വായിക്കൂ…
അങ്ങനെ, ഒരു ബൊലേറോയും തൊണ്ണൂറ്റാറ് മോഡല്‍ മാരുതി എണ്ണൂറും പുരുഷന്‍ മാഷിന്റെ
‘ചോല’ എന്നെഴുതിപ്പിടിപ്പിച്ച ഗേറ്റിന് തൊട്ടപ്പുറത്തായി പതുക്കെ ചാഞ്ഞു ചരിഞ്ഞും
ഓരം ചേര്‍ന്ന് വന്നുനിന്നു. അതില്‍നിന്ന് ഒരാളൊഴികെ ബാക്കിയെല്ലാവരും ഇറങ്ങുകയും,
ശ്വാസം നീട്ടി വിട്ട് മുടി ചീകി നന്നാക്കുകയും ചുറ്റുവട്ടത്തേക്കും നോക്കി മുണ്ടും ഷര്‍ട്ടും
നേരെയാക്കുകയുമൊക്കെ ചെയ്തു.
”തഞ്ചത്തിലൊക്കെ പറഞ്ഞോണം. വെറുതെ വിടരുത്. ഷനോജിന്റെ ജീവിതമിട്ട്
കളിപ്പിച്ചതിന് വല്ലതും വാങ്ങിയിട്ടേ നമ്മളിവിടന്ന് പോകൂ. പറഞ്ഞേക്കാം,” ചന്ദനക്കളര്‍
ഷര്‍ട്ടും കസവിന്റെ മുണ്ടും ധരിച്ച മൂത്ത മാമന്‍ മറ്റുള്ളവരോടായി പറഞ്ഞു.
”നഷ്ടപരിഹാരം കിട്ടിയില്ലേലും വേണ്ടീല. എങ്ങനെയെങ്കിലും ഇതൊന്ന് തലേന്ന്
ഒഴിവായി കിട്ട്യാ മതി.” ഷനോജിന്റെ അച്ഛന്‍ സങ്കടപ്പെട്ടപ്പോള്‍ മാമന്‍ ചൂടായി.
”അളിയനൊന്ന് മിണ്ടാണ്ടിരി. ഇതൊക്കെ എന്ത്? അല്ല പിന്നെ.”
അവര്‍ ആകെ എട്ടുപേരാണ് ഉണ്ടായിരുന്നത്. ചെറുപ്പക്കാരായി ആരുമില്ല. എല്ലാം
പാതിയോ അതില്‍ കൂടുതലോ നര കയറിയവരും കഷണ്ടി ബാധിച്ചവരും. വലിയ ഗേറ്റ്
കടന്ന് വന്നവര്‍ മുറ്റത്തേക്ക് കയറി. മാഷ് അവരെ പ്രതീക്ഷിച്ചിട്ടെന്ന പോലെ സിറ്റൗട്ടില്‍
തന്നെയുണ്ടായിരുന്നു.
അവര് സിറ്റൗട്ടിലേക്ക് കയറി ഇരിക്കാന്‍ തുടങ്ങിയപ്പോള്‍ മാഷ് ഒന്നുരണ്ട് കസേരകള്‍
കൂടി ഉള്ളില്‍നിന്ന് എടുത്തുകൊണ്ടുവന്നു. എല്ലാവരും പരസ്പരമൊന്ന് ചിരിച്ചെന്ന്
വരുത്തി. മാഷ് ചെക്കന്റെ അച്ഛനോട് ഒന്നോ രണ്ടോ കുടുംബകുശലം ചോദിച്ചു. അവര്‍
അതിനുത്തരം പറയുകയും ചെയ്തു.
ചെറിയൊരു സങ്കോചം അവിടെയൊന്നാകെ കുറച്ച് നിമിഷങ്ങള്‍ ചുറ്റിക്കറങ്ങിയ ശേഷം
പതുക്കെ ഇറങ്ങിയങ്ങ് നടന്നുപോയി. അതോടെ ആര്‍ക്കെങ്കിലുമൊക്കെ സംസാരം തുടങ്ങാം
എന്നൊരു പതം വന്നു.
”അപ്പോ നമുക്ക് കാര്യത്തിലേക്ക് കടക്കാം, ലേ?” കൂട്ടത്തില്‍ ഏറ്റവും മുതിര്‍ന്നയാള്‍
മുന്നോട്ട് സ്വല്‍പ്പം ആഞ്ഞിരുന്നപ്പോള്‍ അയാളെയായിരിക്കണം സംഗതികള്‍ പറയാന്‍
ഏല്‍പ്പിച്ചിരിക്കുന്നതെന്ന് മാഷ്‌ക്ക് തോന്നി.
”തീര്‍ച്ചയായും കടക്കാം. ആദ്യം, എന്റെ മകളുടെ ഭാഗത്തുള്ള തെറ്റ് എന്താണെന്ന് വെച്ചാല്‍ നിങ്ങള്‍ പറയൂ.” മാഷ് ഇടതുകൈയ്യില്‍ ഊരിപ്പിടിച്ചിരുന്ന ഗ്ലാസ്സ് മുഖത്തണിഞ്ഞു.
അതോടെ വന്നവര്‍ അല്‍പ്പം അങ്കലാപ്പോടെ പരസ്പരം നോക്കി. അത്ര പെട്ടെന്ന് മാഷ് അങ്ങനെ
പറയുമെന്ന് ഒരുപക്ഷേ അവര്‍ വിചാരിച്ച് കാണില്ല. അവരുടെ കണ്ണുകള്‍ എന്തൊക്കെയോ
കഥകള്‍ കൈ മാറിയതുപോലെ തോന്നി.
ഒടുക്കം, നേരത്തെ തുടക്കമിട്ട ആള്‍ തന്നെ പറഞ്ഞുതുടങ്ങി. ”മാഷേ, മാഷെപ്പറ്റി
കാലങ്ങളോളമായി ഞങ്ങള്‍ക്കറിയാം. സംഗതി നിങ്ങളുടെ മകള് നല്ല
കുട്ടിയൊക്കെത്തന്നെയാ…”
”അതെനിക്കറിയാമല്ലോ…”മാഷ് ഹൃദ്യമായി ചിരിച്ചു.
”പക്ഷേ, ഷനോജിന് അവളുമായി ചേര്‍ന്നുപോകാന്‍ വല്യ ബുദ്ധിമുട്ടുണ്ട്. അതുകൊണ്ടാണ് ഇങ്ങനെയൊരു തീരുമാനം വേണമെന്ന് പറഞ്ഞത്.”
”അതിലും എനിക്ക് പരാതിയില്ല. പക്ഷേ അവള്‍ ചെയ്ത തെറ്റ് എന്താണെന്നറിയാനുള്ള
ഉത്തരവാദിത്തം എനിക്കുണ്ടെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. അതുകൊണ്ടാണ് ഇത്ര
തിടുക്കത്തില്‍ കാര്യങ്ങള്‍ പറഞ്ഞു തീര്‍പ്പാക്കണം എന്നു പറഞ്ഞ് നിങ്ങളെ വിളിച്ചത്. അങ്ങോട്ട് വരണ്ടാന്ന് നിങ്ങള്‍ പറഞ്ഞതുകൊണ്ടാണ് ഇവിടന്നാക്കാം എന്ന് തീരുമാനിച്ചത്.”
”അതിപ്പോ അവിടെ നടക്കില്ല മാഷേ. അറിയാലോ അടുത്തടുത്താണ് വീടുകള്‍. ‘സു’ എന്നു
പറഞ്ഞാല്‍ സുബ്രമഹ്ണ്യന്‍ പഴനീല് പോയി മണിയടിച്ചൂന്ന് പറയണ ടീമാണ്…’ അതും
പറഞ്ഞ് ഷനോജിന്റെ അച്ഛനും വന്നവരില്‍ ചിലരും ചിരിക്കാന്‍ ശ്രമിച്ചു.
മാഷ്‌ക്ക് പക്ഷേ, അതൊരു തമാശയായി തോന്നിയതേയില്ല. ”അതെന്തെങ്കിലുമാകട്ടെ,
ഇതിപ്പോ കല്യാണം കഴിഞ്ഞിട്ട് രണ്ടുമൂന്ന് മാസമായല്ലോ. അവരാണെങ്കില്‍ ഒപ്പം നിന്നത്
വെറും നാല് ദിവസം മാത്രവും. അങ്ങനെ രണ്ടറ്റത്ത് നിന്ന് നെയ്‌തെടുക്കേണ്ട ഒന്നല്ലല്ലോ
ദാമ്പത്യം. എന്തിനും ഒരു പരിധിയൊക്കെ വേണമല്ലോ.”
”അതെ. അതുതന്നെയായിരുന്നു ഞങ്ങളുടെ ആഗ്രഹവും.” ഇത്തവണ മൂത്ത മാമനാണ്
മറുപടി പറഞ്ഞത്.
അയാളെ മാഷ്‌ക്ക് ശരിക്കറിയാം. കല്യാണത്തിന്റെ അന്ന് വന്ദനയ്ക്ക് മുല്ലപ്പൂ കുറവാണെന്നും
പറഞ്ഞ് മുറുമുറുപ്പുണ്ടാക്കിയ ആളാണ്. കല്യാണപ്പന്തിയില്‍ വിളമ്പുന്നവരോട് വരെ
പരാതി പറഞ്ഞ മഹാമനുഷ്യന്‍.
”പിന്നെ മാഷേ, കാര്യങ്ങള്‍ തുറന്നുപറയുന്നതുകൊണ്ട് ഒന്നും തോന്നരുത്. നിങ്ങള്
എജുക്കേറ്റഡ് ഫാമിലിയായതുകൊണ്ടാണ് എല്ലാം തുറന്നു പറയുന്നതെന്ന് കരുതിയാല്‍
മതി. ഈ വിവാഹജീവിതം എന്നു പറയുന്നത് വെറും സെക്‌സ് മാത്രമല്ല എന്ന് മാഷ്‌ക്കും
അറിയാവുന്ന കാര്യമല്ലേ,”കൂട്ടത്തില്‍ ഏറ്റവും ചെറുപ്പക്കാരനായ മധ്യവയസ്‌കന്‍ ആദ്യമായി
ഇടപെട്ടു.
”തീര്‍ച്ചയായും.” മാഷ്‌ക്ക് അതില്‍ എതിരഭിപ്രായമൊന്നുമുണ്ടായിരുന്നില്ല.
”അങ്ങനെയുള്ള ഒരു പെണ്‍കുട്ടിക്കൊപ്പം താമസിക്കാന്‍ ഷനോജിന് തീരെ താല്‍പ്പര്യമില്ല
എന്നാണ് അവന്‍ പറയുന്നത്.” അയാള്‍ ഒരു വിധത്തില്‍ പറയാനുള്ളത്
പൂര്‍ത്തീകരിച്ചതുപോലെ ചെറിയൊരു നെടുവീര്‍പ്പയച്ചു.
”അതാണോ പ്രശ്‌നം? ശരി. പക്ഷേ, ഞാന്‍ നിങ്ങളുടെ കൂടെ ഷനോജിനെ പ്രതീക്ഷിച്ചിരുന്നു
കേട്ടോ. അവനും കൂടെ വരാമായിരുന്നു. ജീവിതം ശരിക്ക് വന്ദനയും ഷനോജുമല്ലേ
വിശദീകരിക്കേണ്ടത്.”
മാഷ് ഷനോജിന്റെ അച്ഛന് നേരെ തിരിഞ്ഞു. ”ഞാന്‍ പറഞ്ഞതായിരുന്നല്ലോ ഷനോജിനെ കൂടെ കൂട്ടാന്‍.”
”ആള് വന്നിട്ടുണ്ട് മാഷേ. കാറില്‍ ഇരിപ്പാണെന്ന് മാത്രം. അവന്‍ മാഷിന്റെ ഒരു
പൂര്‍വ്വവിദ്യാര്‍ത്ഥിയും കൂടിയാണല്ലോ. ഇതൊക്കെ ഓപ്പണായി പറയുമ്പോള്‍ അവന്
ഇവിടെ ഇരിക്കാന്‍ കുറച്ച് ചളിപ്പ്.” ആ പറഞ്ഞത് ഒരു രാഷ്ട്രീയക്കാരനാണെന്ന്
മാഷ്‌ക്ക് ഒറ്റയടിക്ക് മനസ്സിലായി.
”അവനെന്തിനാണ് ചളിപ്പ്? കാര്യങ്ങള്‍ പരസ്പരം സംസാരിക്കുമ്പോള്‍ രണ്ടുപേരും
വേണമല്ലോ. അതല്ലേ അതിന്റെയൊരു ശരി.”
അതോടെ ആ കൂട്ടത്തില്‍ അതുവരെ ഒന്നും സംസാരിക്കാതിരുന്ന ഒരാള്‍ എഴുന്നേറ്റ് പതുക്കെ
പുറത്തേക്കിറങ്ങി, അത് ഷനോജിനെ വിളിക്കാനായിരിക്കുമെന്ന് മാഷ്
ഊഹിക്കുകയും ചെയ്തു.
അപ്പോഴേക്കും വരദ ടീച്ചര്‍ ചായയും പലഹാരങ്ങളുമായി സിറ്റൗട്ടിലേക്കെത്തി. അവര്‍
എല്ലാവരെയും നോക്കി ചിരിച്ചു. ഷനോജിന്റെ അച്ഛനോട് മകളുടെയും
കുട്ടികളുടെയും കാര്യങ്ങള്‍ ലാഘവത്തോടെ തിരക്കി. മാഷ് ചായയെടുത്ത് എല്ലാവര്‍ക്കും
കൊടുത്തു.
കുറച്ച് കഴിഞ്ഞപ്പോള്‍ തിരഞ്ഞുപോയ മനുഷ്യനൊപ്പം ഷനോജ് ജാള്യതപ്പെട്ടുകൊണ്ട്
സിറ്റൗട്ടിലേക്ക് കയറി വന്നു. പെണ്ണു കാണാന്‍ വരുന്ന ആ ദിവസത്തിന്റെ സുമുഖത അയാള്‍ക്ക് തെല്ലും നഷ്ടപ്പെട്ടിട്ടില്ലെന്ന് മാഷ്‌ക്ക് തോന്നി. മാഷ് അവനെ നോക്കി ചിരിച്ചു. അവന്‍ തിരിച്ചും. വരദ ടീച്ചര്‍ അകത്തു ന്ന് ഒരു കസേര കൊണ്ടുവന്ന് അവനിരിക്കാനിട്ടു
കൊടുത്തു. മാഷ് ഇരിക്കാന്‍ പറഞ്ഞതിന് ശേഷമാണ് ഷനോജ് ഇരുന്നത്.
”എനിക്കിഷ്ടപ്പെട്ട വിദ്യാര്‍ത്ഥിയായിരുന്നു കെ.സി. ഷനോജ്. ഒരു വര്‍ഷമേ ഞാന്‍
പഠിപ്പിച്ചിട്ടുള്ളൂ. അത് പത്ത് കെ ക്ലാസ്സിലായിരുന്നു എന്നാണെന്റെ ഓര്‍മ്മ. അവന്‍
പ്രൊഫഷണലായി വലിയ നിലയില്‍ എത്തുമെന്ന് അന്നേ എനിക്കറിയാമായിരുന്നു.
സത്യത്തില്‍ നിങ്ങള് മകളെ വിവാഹമാലോചിച്ച് വന്നപ്പോള്‍ ഷനോജായതുകൊണ്ട് ഞങ്ങള്‍ക്ക് അധികമൊന്നും നോക്കാനുണ്ടായിരുന്നില്ല.”
ഷനോജ് ചിരിച്ചു. അവന്റെ മുഖത്തെ ജാള്യതക്ക് അല്‍പ്പം അയവ് വന്നതുപോലെ തോന്നി.
”അതിന് മാഷിന്റെ മോളെ രണ്ടാം വിവാഹവും ആയിരുന്നല്ലോ. ഫ്രഷേഴ്‌സിന് തന്നെ
കല്യാണം നടക്കാന്‍ നല്ല പാടുള്ള സമയമാണിപ്പോള്‍,” മാമന്‍ പുറം ചൊറിഞ്ഞു.
”ഈ രണ്ടാം വിവാഹം എന്നു പറയുന്നതിലൊന്നും വലിയ കാര്യമില്ല. അല്ലേ ഷനോജേ..”
അത് കേട്ടപ്പോള്‍ ഷനോജിന്റെ മുഖമൊന്ന് മങ്ങി, മാഷ്‌ക്ക് അത് മനസ്സിലാവുകയും ചെയ്തു.
”ഷനോജ് വിഷമിക്കണ്ട. മാമന്‍ പറഞ്ഞതുകൊണ്ട് സൂചിപ്പിച്ചെന്ന് മാത്രം. അല്ലെങ്കിലും
മനുഷ്യ ശരീരത്തിലെ ഏത് അവയവത്തിനാണ് പുതുമയുള്ളത്! നമ്മുടെ
അന്നനാളത്തിലൂടെയെല്ലാം വ്യത്യസ്ത രുചികളുള്ള എന്തെല്ലാം ആഹാരപദാര്‍ത്ഥങ്ങളാണ്
നിത്യേന കടന്നുപോകുന്നത്. എന്നിട്ട് അന്നനാളത്തിനെ ആരെങ്കിലും പഴിക്കാറുണ്ടോ?
അത്രയേയുള്ളൂ കാര്യം. ഷനോജിന് ഞാനീ പറഞ്ഞത് മനസ്സിലായിട്ടുണ്ടാകും കേട്ടോ.
കാരണം അവനായിരുന്നു ഞങ്ങളുടെ സ്കൂളിലേക്ക് വച്ച് ആ വര്‍ഷത്തെ എസ്.എസ്.എല്‍.സി ബാച്ചില്‍ ബയോളജിക്ക് ഏറ്റവും കൂടുതല്‍ മാര്‍ക്ക് വാങ്ങി പാസ്സായത്. തൊണ്ണൂറ്റെട്ട് ശതമാനം അല്ലായിരുന്നോ?”
”അതെ.” അവന്‍ എല്ലാറ്റില്‍ നിന്നും രക്ഷപ്പെടാനെന്നവണ്ണം വേഗം പറഞ്ഞു.
”അപ്പോള്‍ പിന്നെ ഒന്നാം കല്യാണമെന്നും രണ്ടാം കല്യാണമെന്നും ഉള്ള
പ്രസ്താവനകളിലൊന്നും വലിയ കാര്യമില്ല എന്നാണ് എന്റെയൊരു അഭിപ്രായം. ഓരോ
ദിവസം കഴിയുന്നതിനനുസരിച്ച് ചര്‍മ്മം പുതുതാകുന്നുണ്ടല്ലോ, അങ്ങനെ
നോക്കുമ്പോള്‍ എല്ലാം പുതിയതാണുതാനും. നിനക്കറിയാലോ.., പഠിപ്പിക്കുന്ന
കാലത്തും എന്തും തുറന്ന് പറഞ്ഞ് ക്ലാസ്സെടുക്കുന്നയാളായിരുന്നു ഞാനെന്ന്. എന്തായാലും
വന്ദനയെ കൂടി വിളിക്കാം നമുക്ക്.” മാഷ് അകത്തേക്ക് തല തിരിച്ച് മകളെ വിളിച്ചു.
വന്ദന സിറ്റൗട്ടിലേക്കെത്തി. തല താഴ്ത്തി വരുന്ന പെണ്‍കുട്ടിയെയായിരുന്നു അതില്‍
ചിലരെങ്കിലും പ്രതീക്ഷിച്ചത്. അവള്‍ സിറ്റൗട്ടിലേക്കെത്തിയ പാടെ എല്ലാവരേയും
നോക്കി തുറന്നുചിരിച്ചു. ഷനോജ് പക്ഷേ അവളെ കണ്ടപ്പോള്‍ മുഖം തിരിക്കുകയാണ്
ചെയ്തത്.
”ഇനി പറയ് ഷനോജേ… എന്താ നിങ്ങളുടെ പ്രശ്‌നം?”
മാഷ് അങ്ങനെ ചോദിച്ചതും പെട്ടെന്ന് കൂട്ടത്തിലൊരു കാരണവര്‍ പതുക്കെ എഴുന്നേറ്റു.
”എന്നാല്‍ ഞങ്ങളങ്ങ് പുറത്തേക്കിറങ്ങി നില്‍ക്കാം.”
മാഷ് ചിരിച്ചു. ”എന്തിന്? അവിടിരിക്ക് കാരണോരേ. ഇതങ്ങനെ സ്വകാര്യമായി
പറയേണ്ട കാര്യമൊന്നുമല്ല. നമുക്കെല്ലാവര്‍ക്കുംകൂടി കേള്‍ക്കാംന്നേ ഇവര്‍ക്ക് രണ്ടു പേര്‍ക്കും പറയാനുള്ളത്. പുതിയ തലമുറയാണ്, ചിലപ്പോള്‍ നിങ്ങളില്‍ പലര്‍ക്കും പെട്ടെന്ന്
മനസ്സിലായിക്കൊള്ളണമെന്നില്ല. എന്നാലും കേട്ടിരിക്കാമല്ലോ.”
അതോടെ എഴുന്നേറ്റയാള്‍ അവിടെത്തന്നെ ഇരുന്നു.
”മാഷ് അവളോട് ചോദിച്ചാ മതി,”ഷനോജ് ശിരസ്സ് കുനിച്ചു.
”ചോദിച്ചു. അവള്‍ അവളുടെ ഭാഗം പറയുകയും ചെയ്തു. എനിക്ക് കേള്‍ക്കാനുള്ളത് ഇനി
ഷനോജിന്റെ ഭാഗമാണ്.”
മറുപടി പറയാതെ മുന്നോട്ട് പോകാനാവില്ല എന്ന് ഷനോജിന് ഏറെക്കുറെ
ബോധ്യമായി. ”അവള്‍ ഉദ്ദ്യേശിക്കുന്ന തരത്തില്‍ ജീവിക്കാന്‍ എനിക്ക് ബുദ്ധിമുട്ടാണ്.
അത്രയേ ഉള്ളൂ.”
”അങ്ങനെ എവിടെയും തൊടാത്ത രീതയില്‍ പറഞ്ഞാല്‍ എനിക്കെങ്ങനെ മനസ്സിലാവും?
ഇവര്‍ക്കെങ്ങനെ മനസ്സിലാവും? വ്യക്തമായിട്ട് പറയൂ. ഇവര്‍ പറയുന്നത് എന്റെ മകള്‍
സെക്‌സില്‍ അമിത താല്‍പ്പര്യം പ്രകടിപ്പിച്ചു എന്നാണ്. അതൊരു കുറ്റമായിട്ട് ചാര്‍ത്തുമ്പോള്‍
കൃത്യമാണോ എന്നറിയണ്ടേ എനിക്ക്? വന്ദന അവളുടെ ഭാഗം പറഞ്ഞപ്പോള്‍ എനിക്കങ്ങനെ
തോന്നിയതുമില്ല. അതാണ് ഷനോജിന്റെ അടുത്തുനിന്നു മറുപടി വേണമെന്ന്
പറയുന്നത്.”
ഷനോജ് അസ്വസ്ഥനായി. ”മാഷ് എന്നോട് ക്ഷമിക്കണം. എനിക്കത് പറയാന്‍
ബുദ്ധിമുട്ടുണ്ട്. എന്തായാലും ഈ ബന്ധം തുടരാന്‍ എനിക്കൊട്ടും താല്‍പ്പര്യമില്ല.”
”പറയാന്‍ ബുദ്ധിമുട്ടുണ്ടെന്നൊക്കെ പറഞ്ഞാലെങ്ങനെയാ. കാര്യങ്ങള്‍ അറിയണ്ടേ?
നിനക്കോര്‍മ്മയുണ്ടോ പണ്ട് സ്‌കൂളില്‍ പഠിക്കുമ്പോള്‍ കണ്ണാടിച്ചീളുകൊണ്ട് മുഖത്തേക്ക്
വെയിലടിച്ചെന്നും പറഞ്ഞ് എച്ച്. എമ്മിന്റെയടുത്ത് നിനക്കെതിരെ പരാതി കൊടുത്ത നിഷ എന്ന പെണ്‍കുട്ടിയെ കുറിച്ച്. അന്ന് എച്ച്എം രക്ഷിതാവിനേം കൂട്ടി വരാന്‍ പറഞ്ഞത്
ഇല്ലാതാക്കിയത് ഞാനല്ലേ ഷനോജേ. അത് എന്തുകൊണ്ടായിരുന്നു? നീ കാര്യം
പറഞ്ഞപ്പോള്‍ ഞാന്‍ നിന്നെ മനസ്സിലാക്കിയതുകൊണ്ടല്ലേ? എന്റെ മോളെ കുറിച്ച്
ഒരാരോപണം വരുമ്പോള്‍ അത് അന്വേഷിക്കേണ്ടത് ഒരച്ഛന്റെ ഉത്തരവാദിത്തമല്ലേ?
വിവാഹബന്ധം നമുക്ക് വേര്‍പ്പെടുത്താം. പക്ഷേ അതിന് മുമ്പ് പരസ്പരമുള്ള
മനസ്സിലാക്കലുകള്‍ അത്യാവശ്യമാണ്. കാരണം, തമ്മില്‍ പിരിഞ്ഞാലും നിങ്ങള്‍
ഭൂമിയുടെ ഏതെങ്കിലും കോണില്‍ വച്ച് ഒരുപക്ഷേ പരസ്പരം കണ്ടുമുട്ടിയേക്കാം.
അപ്പോള്‍ അവനവന്റെ ശരികള്‍ക്കുമപ്പുറം മറ്റൊന്തൊക്കെയോ ഉണ്ടെന്ന വിചാരമാണ് വേണ്ടത്. അല്ലാതെ തന്റേത് മാത്രമായിരുന്നു ശരിയെന്നുള്ള ബോധ്യമല്ല.”
”അതിപ്പോ മാഷേ, അവന് പറയാന്‍ താല്‍പ്പര്യമില്ലെങ്കില്‍ ഇങ്ങനെ നിര്‍ബന്ധിക്കുന്നത്
ശരിയാണോ? മാഷെന്താ ഒരുതരം സ്‌കൂള്‍ കുട്ടികളെ പഠിപ്പിക്കുന്ന പോലെ.” നേരത്തെ
മിണ്ടിയ രാഷ്ട്രീയക്കാരന്റെ ശബ്ദം അല്‍പ്പം ഉയര്‍ന്നതുപോലെ തോന്നി.
”ഒരാളെ കുറിച്ച് ആരോപണം ഉയര്‍ത്തുമ്പോള്‍ അത് ശരിയാണെന്ന് സ്ഥാപിക്കാനുള്ള
ഉത്തരവാദിത്തം അത് ഉയര്‍ത്തുന്നവര്‍ക്കുണ്ട്. ഇല്ലേ?” അതോടെ ചോദിച്ചയാള്‍ പിന്നെ ഒന്നും മിണ്ടിയില്ല.
”അതുകൊണ്ട് നമുക്കിത് നല്ലതുപോലെ പറഞ്ഞ് പരസ്പരം പിരിയാം. അതല്ലാതെ
ആരോപണങ്ങളുന്നയിച്ച് കേസിനും വഴക്കിനുമാണെങ്കില്‍ വന്ദനയ്ക്ക് അവളുടെ
ഭാഗത്തുള്ള ന്യായങ്ങളും നിരത്താനുണ്ടാവും. ഉദാഹരണത്തിന്, കല്യാണം കഴിഞ്ഞ
ആദ്യദിവസം ഷനോജ് ബലാല്‍സംഗം ചെയ്യാന്‍ ശ്രമിച്ചു എന്ന് വന്ദന പറഞ്ഞാല്‍ ഷനോജിന്
നിഷേധിക്കാന്‍ പറ്റുമോ? നിഷേധിക്കുകയാണെങ്കില്‍ തന്നെ അതേത് വിധത്തിലാവുമെന്ന്
ഒന്നറിഞ്ഞാല്‍ കൊള്ളാമെന്നുണ്ടായിരുന്നു.” ഷനോജ് ഞെട്ടി മുഖമുയര്‍ത്തി.
ഷനോജിന്റെ അച്ഛന്‍ ദേഷ്യത്തില്‍ എഴുന്നേറ്റു. ”മാഷ് വെറുതെ അനാവശ്യം പറയരുത്.”
”ഷനോജിന്റെ അച്ഛനിരിക്ക്. ഞാനൊന്ന് മുഴുവന്‍ പറയട്ടെ, ബലാല്‍സംഗം ചെയ്യാന്‍
ശ്രമിച്ചു എന്നാണ് വന്ദന പറഞ്ഞത്. ചെയ്തു എന്നല്ല. അത് വന്ദനയുടെ ഭാഗമാണ്.
ഷനോജിന് അതിന് ഒരെതിര്‍ഭാഗം തീര്‍ച്ചയായും പറയാനുണ്ടാകും. അതുകൊണ്ടാണ്
നമുക്കെല്ലാം തുറന്ന് പറയാം എന്ന് ഞാനാദ്യമേ പറഞ്ഞത്. തുടങ്ങിയപ്പോഴേക്കും
നിങ്ങളിങ്ങനെ ദേഷ്യപ്പെട്ടാലോ? ഇവിടെ വെച്ച് തീര്‍ക്കാനല്ലേ നമ്മള്‍ ശ്രമിക്കുന്നത്. അത്
നടന്നില്ലെങ്കില്‍ പിന്നെ എന്താവും? കേസാവും കോടതിയാവും. അതിനൊക്കെ ഇട
വരുത്തണോ? അല്ല നിങ്ങളെല്ലാവരും കൂടി തീരുമാനിച്ചോ. ഞാന്‍ പറയാനുള്ളത്
പറഞ്ഞു, അത്രമാത്രം.”
അത് കേട്ടപ്പോള്‍ വന്നവര്‍ വീണ്ടും പരസ്പരം നോക്കി. പ്രായം ചെന്ന ഒന്നുരണ്ടുപേര്‍
എഴുന്നേറ്റ് പുറത്തേക്കിറങ്ങി എന്തൊക്കെയോ കുശുകുശുത്തു. പിന്നെ ഷനോജിന്റെ അച്ഛനെ
പുറത്തേക്ക് വിളിപ്പിച്ചു. അവര്‍ വീണ്ടും സംസാരമൊക്കെ കഴിഞ്ഞ് പഴയ സ്ഥലങ്ങളില്‍ തന്നെ
വന്നിരുന്നു.
”മാഷ് ഒന്നും വിചാരിക്കരുത്. ഈ ബന്ധവും കൂടി അലങ്കോലമായാല്‍ പിന്നെ
അവനൊരു ജീവിതമുണ്ടാവില്ല. പെണ്ണ് കിട്ടാന്‍ വലിയ ബുദ്ധിമുട്ടാണ് ഇപ്പോള്‍. സത്യം
പറഞ്ഞാല്‍ പ്രശ്‌നം പറച്ചില്‍ ഇവിടന്ന് ആക്കിയതിന്റെ പ്രധാനകാരണം തന്നെ അതാണ്.
നമുക്ക് ഇത് ഇവിടന്ന് തന്നെ എങ്ങനെയാന്ന് വെച്ചാല്‍ തീര്‍ക്കാം. ദയവുചെയ്ത്
പ്രശ്‌നങ്ങളുണ്ടാക്കരുത്.” ഷനോജിന്റെ അച്ഛന്‍ പറഞ്ഞത് കേട്ടപ്പോള്‍ മാഷ്‌ക്ക് സങ്കടം
തോന്നി.
”ഞാനിത്ര നേരം സംസാരിച്ചിട്ട് ഒരു പ്രശ്‌നക്കാരനായിട്ടാണോ നിങ്ങള്‍ക്ക് തോന്നീത്. കഷ്ടം.”
”അല്ല അങ്ങനല്ല ഞങ്ങള്‍ ഉദ്ദ്യേശിച്ചത്. ഷനോജിന് കാര്യങ്ങള്‍ പറയാന്‍ മടിയുണ്ട്.”
ഷനോജിന്റെ അച്ഛന്‍ അപേക്ഷാ സ്വരത്തില്‍ മാഷെ നോക്കി.
”എനിക്കൊരു മടിയുമില്ല. അതിനു മുമ്പ് അവള് പറയട്ടെ ഞാനവളെ എപ്പോഴാണ്
ബലാല്‍സംഗം ചെയ്യാന്‍ ശ്രമിച്ചതെന്ന്. ഇല്ലാത്തത് പറയുന്നോ?” പെട്ടെന്ന് ഷനോജ്
ഇടപെട്ടു. അത് കൂട്ടത്തിലാരും പ്രതീക്ഷിച്ചിരുന്നില്ല, മാഷ് പോലും.
”ഇതാണ് ഞാന്‍ പറഞ്ഞത് ആരോപണങ്ങള്‍ ഉന്നയിക്കുമ്പോള്‍ ശ്രദ്ധിക്കണമെന്ന്.
ഇല്ലാത്തതാണെന്ന് തോന്നുമ്പോള്‍ നമുക്ക് വിഷമം തോന്നും.” മാഷ് മകള്‍ക്ക് നേരെ തിരിഞ്ഞു.
വന്ദനയുടെ ഊഴമായിരുന്നു പിന്നെ. അവള്‍ എല്ലാവരേയുമൊന്ന് നോക്കി. അവളുടെ
വാക്കുകളെ ആഞ്ഞുപിടിക്കാന്‍ ഒമ്പതുപേരും ചെവിക്കുടകള്‍ കൂര്‍പ്പിച്ചുവെച്ചു.
”അച്ഛന്‍ പറഞ്ഞത് സത്യം തന്നെയാണ്.” വന്ദന ഒന്ന് നിര്‍ത്തിയിട്ട് ഷനോജിനെ നോക്കി
തുടര്‍ന്നു ”രണ്ടു കൈകള്‍ക്ക് മുകളിലും വിരലുകളമര്‍ത്തി എന്റെ മുകളില്‍ കിടന്ന്
എനിക്കൊന്ന് അനങ്ങാന്‍ പോലും സമ്മതിക്കാതെ തുരുതുരാ ഉമ്മ വെയ്ക്കുകയായിരുന്നു
ആദ്യരാത്രിയില്‍…”
കുറച്ച് നേരത്തേക്ക് വലിയ നിശബ്ദതയായിരുന്നു സിറ്റൗട്ടില്‍. പുറത്തെ ലൗബേര്‍ഡ്‌സിന്റെ കൂടുകളില്‍ നിറയെ സ്‌നേഹത്തിന്റെ ഉരുമ്മലുകള്‍. അവ പുറത്തേക്ക് കണക്കറ്റ് ഒഴുകി.
”അതിപ്പോള്‍ ഭര്‍ത്താവാകുമ്പോള്‍ ഉമ്മ വെയ്ക്കില്ലേ? പിന്നെന്തിനാണ് കല്യാണം
കഴിക്കുന്നത്?” ഇതൊക്കെയാണോ ആനക്കാര്യമെന്ന നിലയില്‍ മാമന്‍ ചൊറിച്ചില്‍
കക്ഷത്തിലേക്ക് മാറ്റിപ്പിടിച്ചു.
”പെണ്ണിന്റെ കൈകകള്‍ പിടിച്ചുവെച്ച് അവള്‍ക്ക് അനങ്ങാന്‍ പോലും പറ്റാത്തവിധത്തിലല്ല ഉമ്മ വയ്‌ക്കേണ്ടത്. ആദ്യം അതിന് ഉമ്മയെന്താണെന്നറിയണം…” വന്ദനയുടെ പിറുപിറുപ്പ്
അല്‍പ്പം ഉയര്‍ന്നു.
ആരും അത്തരമൊരു മറുപടി പ്രതീക്ഷിച്ചിരുന്നില്ല.
”മോളേ നിങ്ങള്‍ ഒന്നുമില്ലേലും ഭാര്യാഭര്‍ത്താക്കന്മാരായിരുന്നില്ലേ?”
ചോദിച്ചത് ഷനോജിന്റെ അച്ഛനായതു നന്നായെന്ന് അവളുടെ നോട്ടം കണ്ടപ്പോള്‍ മറ്റുള്ളവര്‍ക്ക് തോന്നി.
”ഭര്‍ത്താവല്ല, സാക്ഷാല്‍ ദൈവം തമ്പുരാനാണെങ്കിലും പെണ്ണിന് യാതൊരു സ്വതന്ത്ര്യവും
നല്‍കാതെ ശരീരത്തിന് മുകളില്‍ കിടന്ന് ഇമ്മാതിരി കളി കളിക്കാന്‍ പാടില്ല എന്നു
തന്നെയാണ് എന്റെ അഭിപ്രായം.”
നെഞ്ചിലോരോ ഊക്കന്‍ ചവിട്ട് കിട്ടിയപോലെ വന്നവരൊന്ന് ഉലഞ്ഞു.
”എന്തൊക്കെയാണീ കേള്‍ക്കണത്? കലികാലം തന്നെ!” കൂട്ടത്തിലൊരു കാരണവര്‍
ചെവിക്കുട രണ്ട് തട്ടു തട്ടി.
അത് കണ്ട് മാഷ് ചിരിച്ചു. ”എന്ത് കലികാലം കാരണവരേ? വന്ദന പറഞ്ഞത് കറക്ട്
അല്ലേ. ഇതിലുള്ള ആരെങ്കിലും കല്യാണം കഴിച്ചുവിട്ട ശേഷം മക്കളോട് എപ്പോഴെങ്കിലും
ശാരീരികമായി നിങ്ങള്‍ തൃപ്തരാണോ എന്ന് തിരക്കിയിട്ടുണ്ടോ? ഏത് വിധത്തിലാണ്
ഭര്‍ത്താക്കന്മാര്‍ പെരുമാറുന്നതെന്ന് ചോദിച്ചുനോക്കിയിട്ടുണ്ടോ? എന്തുകൊണ്ട്
തിരക്കുന്നില്ലാ? ചോറും പയറും കിട്ടുന്നുണ്ടോ എന്നു മാത്രം നോക്കിയാല്‍ മതിയോ
ശരിക്ക്? ഈ സെക്‌സ് എന്നൊക്കെ പറയുന്നത് അത്യാവശ്യം വേണ്ട സാധനമൊക്കെ തന്നെയാണ് എന്നത് ഈ കൂട്ടത്തിലുള്ള എല്ലാവര്‍ക്കുമറിയാം. ശരിയല്ലേ?”
”ഓഹോ! അപ്പോള്‍ മാഷും കൂടി അറിഞ്ഞോണ്ടാണ് ഈ കളി. എന്നാല്‍ ഞാനൊന്നു പറയാം.
മാഷേ, മാഷുടെ മോള്‍ക്ക് ശരിക്കും കാമഭ്രാന്താണ്. നല്ല മൂത്ത കാമഭ്രാന്ത്. ഇവളുടെ
ഈ ഭ്രാന്ത് തീര്‍ക്കുകയാണ് മാഷ് ആദ്യം ചെയ്യേണ്ടത്.”
ഷനോജ് ചാടിയെഴുന്നേറ്റ് അച്ഛന് നേരെ തിരിഞ്ഞു. ”അച്ഛാ നമുക്ക് പോകാം. ഇവിടെയിനി കൂടുതല്‍ നില്‍ക്കണ്ട. ക്ഷമക്കൊരതിരുണ്ട്. ഇതൊക്കെ വെറുതെ ഒരു കാരണമായി പറയുകയാണ് ഇവള്‍. യഥാര്‍ത്ഥകാരണം ഇതൊന്നുമല്ല. അത് ഇവള്‍ക്കുമറിയാം.”
”എന്നാല്‍ ഷനോജ് പറയൂ യഥാര്‍ത്ഥ കാരണം.” അപ്പോള്‍ മാഷ് സൗമ്യമായി
ഇടപെട്ടു.”അപ്പോഴല്ലേ ഞങ്ങള്‍ക്ക് മനസ്സിലാക്കാന്‍ പറ്റൂ.”
”ഞാന്‍ പറയാം. ഇതുവരെ പറയണ്ട എന്ന് കരുതിയതാണ്. മാഷ്‌ക്ക് അതൊരു
സങ്കടമാവുമെന്ന് കരുതി. ഇത്രത്തോളം ആയ സ്ഥിതിക്ക് ഞാന്‍ പറയാം.”
അവന്‍ കിതച്ചുകൊണ്ട് ഇരുന്നു. ചുഴിയിലകപ്പെട്ടതുപോലെ അവന്‍ കിതപ്പമര്‍ത്താന്‍
ഒന്നുരണ്ടുനിമിഷമെടുത്ത ശേഷം തുടര്‍ന്നു. ”ഇവള്‍ക്ക് സെക്‌സില്‍ ഏര്‍പ്പെടുമ്പോള്‍ ഉറക്കെ
ശബ്ദമുണ്ടാക്കണമായിരുന്നു. ഒരു മാതിരി ബിഎഫിലൊക്കെ ഉള്ളപോലെ… എന്റെ
വീട് ബ്ലൂ ഫിലിമിന്റെ ലൊക്കേഷനല്ല. ഞാനതില്‍ അഭിനയിക്കുന്ന നടനുമല്ല. എന്റെ
അച്ഛനും അമ്മയും അനിയനും ഭാര്യയുമെല്ലാം തൊട്ടപ്പുറത്തുണ്ട്.” വലിയൊരു ഗ്ലാസ്സ് സിറ്റൗട്ടില്‍ വീണ് പൊട്ടിച്ചിതറിയപോലെ എല്ലാവരും പെട്ടെന്ന്
ഞെട്ടിത്തരിച്ചിരുന്നു.
”ഇപ്പോള്‍ തന്നെ കണ്ടില്ലേ… ഇത്രയും മൂത്ത ആളുകളുടെ മുന്നില്‍ വെച്ച് ഇവള്‍ എന്തൊക്കെയാ
വിളിച്ചുപറഞ്ഞത്! ഒന്നുമില്ലെങ്കിലും അച്ഛന്മാരുടെയും അച്ഛന്റെ അച്ഛന്മാരുടെയും
പ്രായമില്ലേ ഇവര്‍ക്കെല്ലാം. വെറുതെയല്ല നേരത്തേയും ഡിവോഴ്‌സായത്. ഇതു തന്നെയാണ്
ഇവളുടെ പ്രശ്‌നം…” ഷനോജ് കിതച്ചു.
വന്നവരുടെയെല്ലാം കണ്ണുകള്‍ മിഴിഞ്ഞു. അവരെല്ലാവരും തമ്മിൽ തമ്മില്‍ നോക്കി. ആ
ഇഴപിരിഞ്ഞ നോട്ടങ്ങളൊക്കെക്കൂടി ഒടുക്കം വന്ദനയ്ക്ക് മുകളിലേക്ക് വന്നുവീണു.
”പ്രായത്തെ ബഹുമാനിക്കേണ്ടത് സ്‌നേഹം കൊണ്ടാണ്. അല്ലാതെ ഭയം കൊണ്ടല്ല.”വന്ദന ഒട്ടും
കൂസലില്ലാതെ ശിരസ്സുയര്‍ത്തി പറഞ്ഞു. കുറച്ചുനേരത്തേക്ക് ആരും ഒന്നും
സംസാരിച്ചില്ല.
മാഷിന്റെ വര്‍ത്തമാനം തന്നെയാണ് പിന്നീട് എല്ലാവരേയും സാധാരണഗതിയിലേക്ക് തിരികെ കൊണ്ടുവന്നത്. ”ഷനോജേ, ഞാന്‍ കല്യാണം കഴിപ്പിച്ച് തരുമ്പോള്‍
എനിക്കറിയാമായിരുന്നു നിങ്ങള് തമ്മില്‍ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുമെന്ന്.
ലോകത്തുള്ള സകല അച്ഛനമ്മമാര്‍ക്കും അറിയാം എന്തിനാണ് മക്കളെ കല്യാണം കഴിപ്പിച്ചു
കൊടുക്കുന്നതെന്ന്. നാട്ടുകാര്‍ക്കുമറിയാം കല്യാണം കഴിഞ്ഞാല്‍ പിന്നെ എന്തൊക്കെയാണ്
നടക്കുന്നതെന്ന്. ശരിയല്ലേ? എന്നു കരുതി കല്യാണമെന്നതിനെ ആരെങ്കിലും മോശമായി
കരുതുന്നുണ്ടോ?”
ആരും ഒന്നും മിണ്ടിയില്ല.
മാഷ് തുടര്‍ന്നു ”നീ കല്യാണം കഴിച്ചാല്‍ എന്തൊക്കെ നടക്കുമെന്ന് നിന്റെ എല്ലാ
കാരണവന്മാര്‍ക്കും അറിയാമായിരുന്നില്ലേ. ആദ്യരാത്രിയില്‍ അമ്മ പാല് തരുമ്പോള്‍
അവര്‍ക്കും കൃത്യമായ ധാരണയുണ്ട് നിങ്ങള്‍ രണ്ടുപേരും ഇനിയുള്ള കാലം എന്തൊക്കെയാണ്
മുറിയില്‍ വെച്ച് ചെയ്യാന്‍ പോകുന്നതെന്ന്. എന്നു കരുതി അവര്‍ നിങ്ങളോട് ചോദിക്കാന്‍
പോകുന്നില്ല, നിനക്ക് എല്ലാം അറിയുമോ എന്ന്? ഇനി അഥവാ ചോദിച്ചെന്നിരിക്കട്ടെ.
അതിലെന്താണ് തെറ്റ്? അതൊരു വിദ്യാഭ്യാസമായിട്ടേ എനിക്ക് തോന്നുകയുള്ളൂ. എന്നു
കരുതി ബെഡ്‌റൂമില്‍ നടക്കുന്നത് ഏതെങ്കിലും വീട്ടുകാര്‍ ചെവിയോര്‍ത്ത് നടക്കുമോ?
അങ്ങനെ ചെവിയോര്‍ക്കുന്നുണ്ടെങ്കില്‍ അവര്‍ക്ക് ചികില്‍സ കൊടുക്കാന്‍ സമയമായി എന്നര്‍ത്ഥം. സെക്‌സില്‍ ഏര്‍പ്പെടുമ്പോള്‍ ശബ്ദമുണ്ടാക്കണമെന്ന ആഗ്രഹം എത്രയോ ചെറുതല്ലേ ഷനോജേ.. തീരെ പണച്ചിലവ് ഇല്ലാത്തത്. നീ വിചാരിച്ചാല്‍ വളരെ കൂളായി സാധിക്കാന്‍ പറ്റുമായിരുന്ന ഒന്ന്. അവളുടെ പങ്കാളി എന്ന രീതിയില്‍ നീയത്
നടത്തിക്കൊടുക്കേണ്ടതായിരുന്നില്ലേ ശരിക്കും?”
മാഷിന്റെ ചോദ്യം കേട്ടപ്പോള്‍ വന്നവരെല്ലാം വായ പിളര്‍ത്തി. എന്ത് പറയണമെന്ന് ആര്‍ക്കും
ഒരു ധാരണയുമില്ലായിരുന്നു.
”അത് നടത്തിക്കൊടുക്കാത്തതുകൊണ്ടല്ലേ അവള്‍ അവിടെ നിന്നും ഇറങ്ങിപ്പോന്നത്.
എന്നിട്ട് അതിന് കാരണമായി നീ പറഞ്ഞത് എന്താണ്. അവള്‍ക്ക് സെക്‌സിനോടുള്ള
അമിതമായ താല്‍പ്പര്യമാണെന്ന്. ശരിക്കും ഈ ആഗ്രഹം ആദ്യരാത്രിയില്‍ പറഞ്ഞപ്പോള്‍
പിറ്റേന്ന് മുതല്‍ താഴെ തറയില്‍ കിടക്കുകയല്ലായിരുന്നോ നീ ചെയ്തത്? എന്നിട്ട് വന്ദന
വന്ന് നിന്നെ ബലമായി പിടിച്ച് ലൈംഗികമായി ഉപയോഗിച്ചോ? ഇല്ലല്ലോ?
പിന്നെങ്ങനെയാണ് വന്ദനയ്ക്ക് അമിതമായ സെക്‌സ് താല്‍പ്പര്യം ഉണ്ടെന്ന് നിങ്ങള്‍
ആരോപിക്കുക? ശരിക്കും ആരുടെയടുത്താണ് തെറ്റ് പറ്റിയിരിക്കുന്നത്? ഒന്ന് ചിന്തിച്ച്
നോക്കൂ.”
ആദ്യമുണ്ടായ അന്തംവിടലിനെ ഷനോജ് ഒന്നുരണ്ട് നിമിഷങ്ങളെടുത്ത് അപ്പാടെ
കുടഞ്ഞുകളഞ്ഞു. ”എനിക്കെന്തായാലും ഇനിയീ ബന്ധത്തില്‍ താല്‍പ്പര്യമില്ല,” അവന്‍
തീര്‍ത്തു പറഞ്ഞു.
മാഷ് ചിരിച്ചു.”ആയിക്കോട്ടെ. അതിന് ഒരു പ്രശ്‌നവുമില്ല. പക്ഷേ കാര്യങ്ങള്‍
പരസ്പരം അറിയണം എന്നേ ഉദ്ദ്യേശിച്ചുള്ളൂ. എന്റെ മകളുടെ തെറ്റു കൊണ്ടല്ല ഇതെന്ന്
മനസ്സിലാക്കണം. താല്‍പ്പര്യം എന്നത് നിങ്ങളൊരു കുറ്റമായി കാണുന്നുണ്ടെങ്കില്‍
താല്‍പ്പര്യമില്ലായ്മയും ഒരു കുറ്റമായി കരുതണം. അത് നിര്‍ബന്ധമാണ്.
അങ്ങനെയാണെങ്കില്‍ മാത്രം നമുക്ക് ഇതിവിടെ വെച്ച് തീര്‍പ്പാക്കാം.”
”ശരി, സമ്മതിച്ചു.” മനസ്സില്ലാ മനസ്സോടെ അങ്ങനെ പറഞ്ഞുകൊണ്ട് ഷനോജ്
തന്നെയായിരുന്നു ആദ്യം എഴുന്നേറ്റത്. പിന്നാലെ മറ്റുള്ളവരും.
”അപ്പോ എങ്ങനെയാ കാര്യങ്ങള്‍?” ഷനോജിന്റെ അച്ഛന്‍ ചോദിച്ചു.
”ഒരു ജോയന്റ് പെറ്റീഷന്‍ എഴുതാം നമുക്ക്. അങ്ങനെയാകുമ്പോള്‍ കൂടുതല്‍ പ്രശ്‌നങ്ങളില്ലല്ലോ?”
തെല്ല് ജാള്യതയോടെ വന്നവരെല്ലാം മാഷെ നോക്കി ചിരിച്ചു. മാഷ് എല്ലാവര്‍ക്കും
സ്‌നേഹപൂര്‍വ്വം ഷേക്ക്ഹാന്റ് നല്‍കി. ഒരു തീരുമാനത്തിലെത്തിയ ആശ്വാസത്തില്‍ വന്നവര്‍
ഓരോരുത്തരായി പതുക്കെ പുറത്തേക്കിറങ്ങി.
വാഹനങ്ങള്‍ സ്റ്റാര്‍ട്ട് ചെയ്യുന്ന ശബ്ദവും അവ തിരിച്ചുപോകുന്നതും കണ്ടിട്ടാണ് മാഷ്
വീട്ടിനുള്ളിലേക്ക് തിരിച്ചു കയറാന്‍ തുടങ്ങിയത്.
കൂട്ടിനുള്ളില്‍ നിന്നും ലൗബേര്‍ഡ്‌സ് ഒരുമിച്ച് ശബ്ദമുണ്ടാക്കി പറന്നുയര്‍ന്നപ്പോള്‍ അദ്ദേഹം
കുറച്ച് തീറ്റയെടുത്ത് അവറ്റകള്‍ക്കിട്ട് കൊടുത്തു. പിന്നെ പതുക്കെ വന്ദനയുടെ മുറിക്ക് നേരെ
നടന്നു.
മാഷ് ചൊല്ലുമ്പോള്‍ വന്ദന വയലിന്‍ വായിക്കുകയായിരുന്നു. അച്ഛനെ കണ്ടതും അവള്‍ പതുക്കെ എഴുന്നേറ്റു. പൊടുന്നനെ അവളുടെ കണ്ണുകള്‍ നിറഞ്ഞു. ഓടി വന്ന് അവള്‍ അച്ഛനെ കെട്ടിപ്പിടിച്ചു. മാഷ് പതുക്കെ അവളുടെ മുടിയിഴകളിലൂടെ വിരലോടിച്ചു. കുറച്ച് നേരം അവര്‍
അങ്ങനെത്തന്നെ നിന്നു.
”നിന്റെയടുത്ത് ചെറിയൊരു തെറ്റുപറ്റിയിട്ടുണ്ട് മോളേ” അച്ഛന്‍ പതിയെ മന്ത്രിക്കുന്നത്
വന്ദന കേട്ടു. പെട്ടെന്ന് അവള്‍ മാഷില്‍ നിന്നും അടര്‍ന്നുമാറി, നെറ്റി ചുളിച്ച് നോക്കി.
”നിനക്ക് ഷനോജിനോട് കല്യാണം ഉറപ്പിച്ച സമയത്തെങ്കിലും ആഗ്രഹങ്ങളുടെ കൂട്ടത്തില്‍
ഇതൊന്ന് സൂചിപ്പിക്കാമായിരുന്നു. അങ്ങനെയായിരുന്നെങ്കില്‍ ഇത്രയും സമയം
ജീവിതത്തില്‍ വെറുതെ പോവില്ലായിരുന്നു. നീയത് പറഞ്ഞിട്ടുണ്ടാകുമെന്നാണ് ഞാന്‍
കരുതിയത്.”
”ഒരിക്കല്‍ ഞാന്‍ പറഞ്ഞതാണച്ഛാ… പക്ഷേ, അയാള് വിചാരിച്ചത് ഇതൊരു
തമാശയാണെന്നായിരുന്നു.”
മാഷ് ചിരിച്ചു.
“അല്ല, അച്ഛനായിരുന്നു ഷനോജിന്റെ സ്ഥാനത്തെങ്കില്‍ ഇത് കേള്‍ക്കുമ്പോള്‍ തമാശയായി
തോന്നുമായിരുന്നോ? ലോകത്തെ എല്ലാ പുരുഷന്മാരും ഒരേ പോലെയാണോ എന്നറിയാന്‍
ചെറിയൊരു കൗതുകം.”
മാഷ് കണ്ണടയൂരി പതുക്കെ മുണ്ടിന്റെ കോന്തല കൊണ്ട് ഗ്ലസ്സിലുരച്ചു.
”എന്റെയും അമ്മയുടെയും ജീവിതത്തെ കുറിച്ച് എന്താണ് നിന്റെ അഭിപ്രായം?”
അക്കാര്യത്തില്‍ വന്ദനയ്ക്ക് കൂടുതല്‍ ആലോചിക്കാനുണ്ടായിരുന്നില്ല. ”എന്താ സംശയം?
വളരെ നല്ല അഭിപ്രായമാണ്.” അവള്‍ നിറഞ്ഞ ചിരിയോടെ മറുപടി പറഞ്ഞു.
മാഷ് അല്‍പ്പം കുസൃതിയോടെ അവളെ നോക്കി.
”എന്നാല്‍ നിനക്ക് നിന്റെ അമ്മയുടെ അതേ സ്വഭാവമാണ്. കൃത്യമായി പറഞ്ഞാല്‍ അവളുടെ
തനി പകര്‍പ്പ്.”
മാഷ് കണ്ണട തിരികെ വെച്ച് മനോഹരമായി ചിരിച്ചുകൊണ്ട് അവളുടെ നെറ്റിത്തടത്തിലേക്ക് വീണ മുടിയിഴകള്‍ ഒതുക്കിവെച്ചുകൊടുത്തു. എന്നിട്ട് പതുക്കെ മുറിയില്‍ നിന്നിറങ്ങി നടന്നു.
വന്ദനയുടെ കണ്ണുകള്‍ ഒരിക്കല്‍ കൂടി നിറഞ്ഞു, അവളത് ഇടതുകൈച്ചട്ടയുയര്‍ത്തി അമര്‍ത്തിത്തുടച്ചു. പിന്നെ ചിരിച്ചുകൊണ്ട് വയലിന്‍ ചുമലിലേക്ക് വെച്ച് കവിള് ചേര്‍ത്തു…
The post തീര്‍പ്പടിച്ചോല-അജിജേഷ് പച്ചാട്ട് എഴുതിയ കഥ appeared first on Indian Express Malayalam.