തിരുവനന്തപുരം
എൽഡിഎഫിന്റെ ചരിത്രവിജയത്തെ ഇകഴ്ത്തിക്കാട്ടാൻ മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉയർത്തിയ ബിജെപി ബാന്ധവം ചർച്ച ചെയ്യപ്പെട്ടതോടെ നിൽക്കക്കള്ളിയില്ലാതായത് യുഡിഎഫിന്. എൽഡിഎഫിനെ തോൽപ്പിക്കാനായുള്ള യുഡിഎഫ്–-ബിജെപി കള്ളക്കളികൾ ഒന്നൊഴിയാതെ നിയമസഭയിൽ അനാവരണം ചെയ്യപ്പെട്ടു. ചെന്നിത്തല മത്സരിച്ച ഹരിപ്പാട്ടെ പരസ്യമായ രഹസ്യബാന്ധവും തിരുവഞ്ചൂർ രാധാകൃഷ്ണൻ–ആർഎസ്എസ് പരസ്യ ചർച്ചകളുമൊക്കെ വീണ്ടും മറനീക്കി.
ബജറ്റ് ചർച്ചയുടെ തുടക്കത്തിലാണ് ചെന്നിത്തല ഒളിയമ്പ് എയ്യാൻ നോക്കിയത്. താമരയിൽ വിരിഞ്ഞതാണ് തുടർ ഭരണമെന്നായി ആക്ഷേപം.
69 മണ്ഡലത്തിൽ എൻഡിഎയ്ക്ക് കുറഞ്ഞ വോട്ട് എൽഡിഎഫിന് കിട്ടിയെന്നായി ആരോപണം. ഇവിടെയെല്ലാം യുഡിഎഫ് പിന്നോട്ടുപോയെന്നും ചെന്നിത്തല പരിതപിച്ചു.
എൽഡിഎഫിലെ പി എസ് സുപാൽ യുഡിഎഫിനുള്ള മറുപടി തുടങ്ങി. ചെന്നിത്തല സഭയിലേക്ക് മടങ്ങിയെത്തിയതിൽ ബിജെപിയുടെ പങ്ക് വിവരിച്ചു. ബിജെപി സഹായം ലഭിച്ച യുഡിഎഫ് എംഎൽഎമാരെ ചുണ്ടിക്കാട്ടാമെന്നായി സുപാൽ.
യുഡിഎഫ്–-ബിജെപി കച്ചവടം ഉറപ്പിച്ച മണ്ഡലങ്ങളിലെല്ലാം എൽഡിഎഫ് മുന്നോട്ടുവന്നത് മതേതര വിശ്വാസികളുടെ അചഞ്ചലമായ നിലപാടുമൂലമാണെന്ന് പി പി ചിത്തരജ്ഞൻ വിവരിച്ചു. തണ്ടൊടിഞ്ഞ താമരയോട് കൈ ചേർത്തുകെട്ടാൻ ശ്രമിച്ചതിനുള്ള മറുപടിയാണ് ജനങ്ങൾ എൽഡിഎഫിന് നൽകിയ 99 സീറ്റെന്ന് എം വിജിൻ ചുണ്ടിക്കാട്ടി. സംസ്ഥാന തലത്തിൽ നടന്ന വോട്ടു കച്ചവടത്തിന്റെ പ്രധാന ഉരക്കല്ലായിരുന്നു മലമ്പുഴയെന്ന് എ പ്രഭാകരൻ പറഞ്ഞു.
യുഡിഎഫ് ചിലരുടെ വോട്ടിനായി പിന്നാലെ പോയപ്പോൾ ജനപക്ഷ വോട്ട് തങ്ങൾക്ക് കിട്ടിയെന്ന് കോവൂർ കുഞ്ഞുമോൻ. കോട്ടയത്തെ യുഡിഎഫ് സ്ഥാനാർഥി ഗാന്ധി ഘാതകന്റെ ചിത്രത്തിനുമുന്നിൽ രണ്ടു തവണ ചർച്ച നടത്തിയാണ് ആർഎസ്എസ് നേതാക്കളുമായി വോട്ട് കച്ചവടം ഉറപ്പിച്ചതെന്ന് സെബാസ്റ്റ്യൻ കളത്തിങ്കൽ വ്യക്തമാക്കി. 21 എംഎൽഎമാരെ ഒന്നിച്ചുരുത്തി പ്രതിപക്ഷ നേതാവിനെ നിശ്ചയിക്കാൻ ത്രാണിയില്ലാത്ത കക്ഷിയാണ് ബിജെപിയെ നേരിടുമെന്ന് വീരവാദം മുഴക്കുന്നതെന്ന് കെ ജെ മാക്സി പറഞ്ഞു. വർഗീയതയ്ക്കെതിരെ എൽഡിഎഫ് തീർക്കുന്ന സാംസ്കാരിക ബദലിനൊപ്പമെത്താൻ യുഡിഎഫിന് കഴിയില്ലെന്ന് വി ആർ സുനിൽകുമാർ ചുണ്ടിക്കാട്ടി. വർഗീയ കലാപം വോട്ടു ബാങ്കാക്കുന്ന ഉത്തരേന്ത്യൻ രാഷ്ട്രീയത്തിനൊപ്പമാണ് കേരളത്തിൽ യുഡിഎഫ് എന്ന് കെ കെ രാമചന്ദ്രൻ പറഞ്ഞു.