പിച്ചിലെ എതിരാളികളും അടുത്ത സുഹൃത്തുക്കളും, ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലിക്കൊപ്പം ആദ്യ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ടോസിന് ഇറങ്ങുന്നത് രസകരമായിരിക്കുമെന്ന് ന്യൂസിലൻഡ് ക്യാപ്റ്റൻ കെയ്ൻ വില്യംസൺ. ജൂൺ 18ന് ഇംഗ്ലണ്ടിലെ സതാംപ്റ്റണിലാണ് പ്രഥമ ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ് ഫൈനൽ.
കോഹ്ലിയുടെയും വില്യംസണിന്റെയും നേതൃത്വത്തിൽ ഇരു ടീമുകളും പ്രഥമ കിരീടം ലക്ഷ്യംവച്ചാണ് ഇറങ്ങുന്നത്. എന്നാൽ ഇന്ത്യയുടെ ‘ലോകോത്തര ഫാസ്റ്റ് ബോളിങ്ങിനെതിരെ’ അത് അത്ര എളുപ്പമാകില്ലെന്നാണ് ന്യൂസിലൻഡ് ക്യാപ്റ്റൻ കരുതുന്നത്.
“ഞങ്ങൾ പരസ്പരം പല ഘട്ടങ്ങളിലും പല മത്സരങ്ങളിലും കളിച്ചിട്ടുണ്ട്, ഞങ്ങൾക്ക് പരസ്പരം നന്നായി അറിയുകയും ചെയ്യാം. അതുകൊണ്ട് തന്നെ ആദ്യ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ടോസിനിറങ്ങുന്നത് വളരെ രസകരമായിരിക്കും” 2008ലെ അണ്ടർ 19 ലോകകപ്പ് മുതൽ പരസ്പരം കളിക്കുന്നതിനെ കുറിച്ചുള്ള ചോദ്യത്തിന് ഉത്തരമായി വില്യംസൺ ഐസിസിയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ പറഞ്ഞു.
ഇന്ത്യൻ ബോളിങ് നിരയുടെ ആഴവും ഓസ്‌ട്രേലിയയിൽ നേടിയ ചരിത്ര വിജയത്തെക്കുറിച്ചും തനിക്ക് നന്നായി അറിയാമെന്ന് വില്യംസൺ പറഞ്ഞു. “അതെ, അവർക്ക് തീർച്ചയായും മികച്ച നിരയാണുള്ളത്, ശരിക്കും മികച്ചത്. അവരുടെ ടീമിന്റെ ആഴവും കണ്ടിട്ടുള്ളതാണ്, ഈ അടുത്ത് ഓസ്‌ട്രേലിയൻ പരമ്പരയിലും അത് കണ്ടു”.
“അവരുടെ ഫാസ്റ്റ് ബോളിങ്ങും സ്പിൻ ബോളിങ്ങും വളരെ ശക്തമാണ്. അതുകൊണ്ട് തന്നെ മികച്ച നിരയാണ്, ഏറ്റവും മുകളിൽ റാങ്ക് ചെയ്യുന്നവരാണ്, ഇത് തീർത്തും ന്യായപരമാണ്, ഒപ്പം ഏറ്റവും മികച്ച എതിരാളികൾക്ക് എതിരെ ഫൈനൽ കളിക്കുക എന്നത് ആവേശകരവുമാണ്” ന്യൂസിലൻഡ് ക്യാപ്റ്റൻ പറഞ്ഞു.
Read Also: ട്വന്റി-20 ലീഗുകൾ രാജ്യാന്തര ക്രിക്കറ്റിന് ഭീഷണി: ഫാഫ് ഡുപ്ലെസിസ്
മഴക്ക് സാധ്യതയുള്ള കാലാവസ്ഥയിൽ വ്യത്യസ്തമായ സാഹചര്യത്തിൽ ഡ്യൂക്ക് ബോൾ ഉപയോഗിച്ച് കളിക്കുക എന്നത് ചിന്തിക്കുന്നുണ്ടെന്ന് വില്യംസൺ പറഞ്ഞു. ഫൈനലിന്റെ ദിവസങ്ങളിൽ സതാംപ്ടൺ പിച്ചിൽ പുല്ല് കുറവായിരിക്കുമെന്നും വില്യംസൺ കരുതുന്നു.
” ടീം എങ്ങനെയാണെന്ന് എനിക്ക് ഇപ്പോഴും അറിയില്ല, സാഹചര്യങ്ങൾ നോക്കട്ടെ. ഇവിടെ ഞങ്ങൾ കണ്ടത് എന്തെന്നാൽ മഴയാണ്, അതും എല്ലാ ദിവസങ്ങളിലും. സത്യം പറഞ്ഞാൽ പുറത്തിറങ്ങുന്നത് സന്തോഷമാണ്, വ്യത്യസ്ത സാഹചര്യത്തിൽ ഡ്യൂക്ക് ബോൾ നേരിട്ട് കുറച്ചു പരിശീലനം നേടുകയാണ്.” വില്യംസൺ പറഞ്ഞു.
ഇന്ത്യക്ക് എതിരെ ഏഴാമത് ഒരു ബാറ്റ്‌സമാനെ ഇറക്കണോ അതോ ഒരു ഓൾറൗണ്ടറെ കളിപ്പിക്കണമോ എന്നതാണ് ന്യൂസിലൻഡ് നേരിടുന്ന പ്രതിസന്ധി. എന്നാൽ എല്ലാ കാർഡുകളും മേശക്ക് മുകളിലുണ്ടെന്നാണ് ക്യാപ്റ്റൻ പറയുന്നത്. സാഹചര്യങ്ങൾ നോക്കി അത് തീരുമാനിക്കുമെന്ന് ക്യാപ്റ്റൻ പറഞ്ഞു.
2019 ലോകകപ്പിൽ ബൗണ്ടറികളുടെ എണ്ണത്തിന്റെ കുറവ് കാരണം തോറ്റത് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന് ഇറങ്ങുമ്പോൾ ബാധിക്കുമെന്ന് തോന്നുന്നില്ലെന്നും വില്യംസൺ പറഞ്ഞു.
ഇന്ത്യക്ക് എതിരെ ബൗൺസർ സ്പെഷ്യലിസ്റ്റായ നീൽ വാഗ്നർ തുറപ്പു ചീട്ടായേക്കുമെന്ന് ക്യാപ്റ്റൻ സൂചിപ്പിച്ചു. കൂടുതൽ സ്പെല്ലുകൾ എറിയാനുള്ള നീലിന്റെ കഴിവ് ബാറ്റ്സ്മാൻമാരെ കൂടുതൽ നേരം സമ്മർദ്ദത്തിലാക്കാൻ സഹായിക്കുമെന്ന് വില്യംസൺ പറഞ്ഞു.
The post പരസ്പരം നന്നായി അറിയാം; ഫൈനലിൽ കോഹ്‌ലിക്കൊപ്പം ടോസിന് ഇറങ്ങുന്നത് രസകരമായിരിക്കുമെന്ന് വില്യംസൺ appeared first on Indian Express Malayalam.