കോഴിക്കോട്> ബിജെപി നേതാക്കള് ന്യായീകരിക്കുന്ന കൊടകര കുഴല്പ്പണ തട്ടിപ്പിലെ മുഖ്യസൂത്രധാരന് എ കെ ധര്മരാജന് സ്പിരിറ്റ് കേസില് ജയിലില് കിടന്ന പ്രതി. അനധികൃതമായി മദ്യം കൈവശം വെച്ചതിനാണ് പൊലീസ് അറസ്റ്റ് ചെയ്തതും അകത്തായതും.
167 കുപ്പി മദ്യവുമായി കോഴിക്കോട് പന്നിയങ്കര പൊലീസായിരുന്നു പിടിച്ചത്. 1997 ജൂണ് 25ന് കല്ലായി വി കെ കൃഷ്ണമേനോന് റോഡിലെ വീട്ടില്വെച്ചാണ് മദ്യശേഖരം കണ്ടെത്തിയത്. മുക്കാല് ലിറ്ററിന്റെ 86ഉം 180 മില്ലീലിറ്ററിന്റെ 81ഉം കുപ്പികളാണ് കണ്ടെടുത്തത്.
79 ലിറ്റര് മദ്യവുമായി അറസ്റ്റിലായ ധര്മരാജന് അന്നേ ആര്എസ്എസിന്റെ അറിയപ്പെടുന്ന പ്രവര്ത്തകനായിരുന്നു. ഈ കേസില് 2001 ആഗസ്ത് 25നാണ് കോഴിക്കോട് സെഷന്സ് കോടതി ജഡ്ജി ധര്മരാജനെ ഒരുവര്ഷം കഠിനതടവിനും ഒരുലക്ഷം രൂപ പിഴ അടയ്ക്കാനും വിധിച്ചത്. ഇതില് 70 ദിവസം ജയിലില് കിടന്ന ശേഷമാണ് പുറത്തിറങ്ങിയത്.
ധര്മരാജന് കൊടകര കേസിലെ വാദിയാണെന്ന് പറഞ്ഞാണ് കെ സുരേന്ദ്രന് അടക്കമുള്ള നേതാക്കള് ന്യായീകരിക്കുന്നത്. പാര്ടി ബന്ധം നിഷേധിച്ചിട്ടുമില്ല. അതേസമയം ബിജെപി –ആര്എസ്എസ് ബന്ധം ഉപയോഗിച്ചാണ് അബ്കാരിയായുള്ള ധര്മരാജന്റെ വളര്ച്ച. 1996ല് കോഴിക്കോട് എക്സൈസും ധര്മരാജനെതിരെ കേസെടുത്തിട്ടുണ്ട്.