തിരുവനന്തപുരം: ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനും അദ്ദേഹത്തിന്റെ മകനും നേരെ ഉയരുന്ന ആരോപണങ്ങൾ കാലം കരുതിവെച്ച പ്രതിഫലമാണെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണന്റെ മകൻ അർജ്ജുൻ രാധാകൃഷ്ണൻ. അച്ഛൻ തിരുവഞ്ചൂർ ആഭ്യന്തര മന്ത്രിയായിരുന്നപ്പോൾ തനിക്കുനേരെ സുരേന്ദ്രൻ ഉയർത്തിയ ആരോപണങ്ങൾ ഓർമ്മിപ്പിച്ചു കൊണ്ടാണ് അർജ്ജുൻ രാധാകൃഷ്ണന്റെ പോസ്റ്റ്. സുരേന്ദ്രന്റെ മകൻ ഒരു പക്ഷേ നിരപരാധിയാണെങ്കിൽ അയാളുടെ മാനസികാവസ്ഥ തനിക്ക് മനസിലാകുമെന്നും അർജ്ജുൻ. ഫെയ്സ് ബുക്ക് പോസ്റ്റിലൂടെയായിരുന്നു അർജ്ജുൻ രാധാകൃഷ്ണന്റെ പ്രതികരണം.
ഫെയ്സ് ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം
രാഷ്ട്രീയ നേതാക്കളെ രാഷ്ട്രീയമായി നേരിടാതെ അവരെക്കുറിച്ചും, അവരുടെ മക്കളെ കുറിച്ചു പോലും കള്ള കഥകൾ മെനഞ്ഞുണ്ടാക്കി സമൂഹ മധ്യത്തിൽ സംശയത്തിന്റെ നിഴലിൽ നിറുത്തി അപമാനിക്കുന്നതിൽ ഒന്നാം സ്ഥാനത്തുള്ള ആളാണ് ബിജെപി നേതാവ് ശ്രീ കെ സുരേന്ദ്രൻ. ഇപ്രകാരം ചെയ്യുമ്പോൾ അവർക്കും അവരുടെ കുടുംബാങ്ങങ്ങൾക്കും ഉണ്ടായേക്കാവുന്ന മാനസീക സമ്മർദ്ദങ്ങളെ കുറിച്ച് ആരും ആലോചിക്കാറുണ്ടാകില്ല.
നിത്യവും ചെയ്യുന്ന കർമ്മ ഗുണഫലം
കർത്താവൊഴിഞ്ഞു താൻ അന്യൻ ഭുജിക്കുമോ
താന്താൻ നിരന്തരം ചെയുന്ന കർമ്മങ്ങൾ
താന്താൻ അനുഭവിച്ചീടുകെന്നേ വരൂ – എന്ന രാമായണത്തിലെ വരികൾ ആണ് ശ്രീ സുരേന്ദ്രന്റെ ഇപ്പോഴത്തെ അവസ്ഥ കാണുമ്പോൾ എനിക്ക് ഓർമ്മ വരുന്നത്.
2013 – ൽ എന്റെ അച്ഛൻ ശ്രീ തിരുവഞ്ചൂർ രാധാകൃഷ്ണൻ ആഭ്യന്തര മന്ത്രി ആയിരുന്നപ്പോൾ ഇദ്ദേഹം എനിക്ക് എതിരെ നട്ടാൽ കുരുക്കാത്ത കെട്ടു കഥകൾ മാധ്യമങ്ങളിൽ അഴിച്ചു വിട്ടത് കുറച്ചു പേരെങ്കിലും ഓർക്കുന്നുണ്ടാകും. ഗുജറാത്തിൽ എനിക്ക് എന്തൊക്കെയോ ബിസിനസ് ഉണ്ടെന്നും അവിടുത്തെ മന്ത്രിമാരുമായി ഞാൻ ചർച്ച നടത്തിയെന്നും ഉള്ള ആരോപണങ്ങളിൽ യാഥാർഥ്യത്തിന്റെ ഒരു കണിക പോലുമില്ല എന്ന് അദ്ദേഹത്തിന് നന്നായി അറിയാമായിരുന്നു എങ്കിലും എന്നെ സംശയത്തിന്റെ നിഴലിൽ നിറുത്തി ആഭ്യന്തര മന്ത്രി ആയിരുന്ന എന്റെ അച്ഛനെ ഒരു ദിവസമെങ്കിലും പ്രതിരോധത്തിൽ ആക്കാൻ അദ്ദേഹത്തിന്റെ വളഞ്ഞ ബുദ്ധി ഉപയോഗിച്ചു. അന്ന് അത് എത്ര പേരെ മാനസീകമായി തളർത്തി എന്ന് അദ്ദേഹത്തിന് അറിവുണ്ടാകാൻ വഴിയില്ല .
കാലം കരുതി വെച്ച പ്രതിഫലം ആണ് എന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു ഇന്ന് അദ്ദേഹം നേരിടുന്ന ഈ പ്രതിസന്ധികൾ. അദ്ദേഹത്തിന്റെ മകൻ ഒരു പക്ഷെ നിരപരാധി ആയേക്കാം, അറിയില്ല ! അങ്ങനെ ആണെങ്കിൽ അയാൾ ഇപ്പോൾ അനുഭവിക്കുന്ന മാനസീക സംഘർഷം എനിക്ക് മനസിലാകും, അത് ശ്ര സുരേന്ദ്രനും മനസിലാകുന്നുണ്ടാകും!
ഇനി എങ്കിലും താത്ക്കാലിക നേട്ടങ്ങൾക്കായി വായിൽ വരുന്നത് വിളിച്ചു പറയുന്ന ശീലം അവസാനിപ്പിക്കാൻ ശ്രീ സുരേന്ദ്രന് സാധിക്കട്ടെ എന്നു ആശംസിക്കുന്നു.
Content Highlight: Arjun Radhakrishnan facebook post againstK. Surendran