കൊച്ചി> നിയമസഭാ തെരഞ്ഞെടുപ്പിൽ മഞ്ചേശ്വരം മണ്ഡലത്തിലെ ബിഎസ്പി സ്ഥാനാർഥി കെ സുന്ദരയെ പണം നൽകിയും ഭീഷണിപ്പെടുത്തിയും പിൻമാറ്റിയ കേസിൽ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനെതിരെ കേസെടുക്കാൻ കോടതിയുടെ അനുമതി.
സുരേന്ദ്രനെതിരെ തെരഞ്ഞെടുപ്പ് അഴിമതിക്ക് കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് മഞ്ചേശ്വരത്തെ എൽഡിഎഫ് സ്ഥാനാർഥി വി വി രമേശൻ കാസർകോട് ഫസ്റ്റ് ക്ലാസ് ജുഡീഷ്യല് മജിസ്ട്രേറ്റ് കോടതിയില് നൽകിയ ഹർജിയിലാണ് അനുമതി.കെ സുന്ദരയെ പിൻമാറ്റാൻ തട്ടികൊണ്ടുപോയതും രണ്ടരലക്ഷം രൂപയും ഫോണും നൽകിയത് അന്വേഷിക്കണമെന്നാവശ്യപ്പെട്ടാണ് ഹർജി.
സുരേന്ദ്രന്റെ അനുയായിയും കൊടകര കുഴൽപ്പണക്കേസിലുള്ള ധർമരാജന് പണം കൈമാറിയ യുവമോർച്ച മുൻ സംസ്ഥാന ട്രഷററുമായ സുനിൽ നായിക്കാണ് പിൻമാറാൻ പണം നൽകിയതെന്ന് സുന്ദര പൊലീസിന് മൊഴിനൽകിയിരുന്നു. തെരഞ്ഞെടുപ്പിൽ ജയിച്ചാൽ കർണാടകയിൽ വൈൻ പാർലർ അനുമതിക്കാമെന്നും സുരേന്ദ്രൻ ഉറപ്പുനൽകിയതായി സുന്ദര മൊഴി നൽകിയിട്ടുണ്ട്.
മാർച്ച് 21നു രാവിലെ സുനിൽ നായിക്, സുരേഷ് നായിക്, അശോക് ഷെട്ടി എന്നിവരാണ് സുരേന്ദ്രനുവേണ്ടി സ്ഥാനാർഥിത്വം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് വാണിനഗറിലെ വീട്ടിൽ എത്തിയതെന്ന് സുന്ദര പറഞ്ഞു. പിൻവലിക്കാൻ തനിക്ക് ഇഷ്ടമുണ്ടായിരുന്നില്ല. ഇവർ ബലമായി കാറിൽ കയറ്റി ബിജെപിയുടെ മഞ്ചേശ്വരം ജോഡ്ക്കൽ ഓഫീസിലേക്ക് കൊണ്ടുപോയി വൈകിട്ടുവരെ തടഞ്ഞുവച്ചു. 15 ലക്ഷം രൂപയും വീടും കർണാടകയിൽ വൈൻ ഷോപ്പും വാഗ്ദാനം ചെയ്തു. തുടർന്ന്, തന്നെ വീട്ടിൽ എത്തിച്ചു. അമ്മയുടെ കൈയിൽ രണ്ടരലക്ഷം രൂപ നൽകി. സുരേന്ദ്രൻ ജയിച്ചാൽ ബാക്കി തുക നൽകാമെന്ന് പറഞ്ഞു. പിന്നീട്, മൊബൈൽ ഫോണും നൽകി. 22ന് ബിജെപി നേതാക്കൾക്കൊപ്പം കലക്ടറേറ്റിൽ എത്തി നാമനിർദേശപത്രിക പിൻവലിച്ചു. പണം നൽകിയശേഷം സുന്ദരയ്ക്ക് കാവിഷാൾ അണിയിച്ച ചിത്രം സുനിൽ നായിക് ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നതായും സുന്ദര മൊഴി നൽകിയിട്ടുണ്ട്.
കാസർകോട് ഡിവൈഎസ്പി പി പി സദാനന്ദന്റെ മേൽനോട്ടത്തിൽ ബദിയടുക്ക പൊലീസാണ് കേസ് അന്വേഷിക്കുന്നത്.