കൊച്ചി> ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ നടപടിയിൽ പ്രതിഷേധിച്ച് ലക്ഷദ്വീപുനിവാസികൾ ഒന്നടങ്കം നടത്തുന്ന 12 മണിക്കൂർ നിരാഹാരസമരത്തിന് തുടക്കമായി. കോവിഡ് മാനദണ്ഡം പാലിച്ച് വീടുകളിലാണ് 12 മണിക്കൂർ ഉപവാസം. സേവ് ലക്ഷദ്വീപ് ഫോറത്തിന്റെ നേതൃത്വത്തിലുള്ള സമരത്തിന്, ദ്വീപിലെ എല്ലാ രാഷ്ട്രീയ പാർടികളുടെയും പിന്തുണയുണ്ട്.
നിരാഹാരം അനുഷ്ഠിക്കുന്നതിനൊപ്പം കച്ചവട സ്ഥാപനങ്ങള് അടച്ചിട്ട് ഐക്യദാര്ഢ്യം പ്രഖ്യാപിക്കാനാണ് വ്യാപാരികളുടെ തീരുമാനം. മത്സ്യബന്ധന ബോട്ടുകള് കടലില് ഇറക്കില്ലെന്ന് തൊഴിലാളികള് അറിയിച്ചിട്ടുണ്ട്.
വാഹനങ്ങള് നിരത്തിലിറക്കാതെയും ദ്വീപ് നിവാസികള് പ്രതിഷേധിക്കും. കപ്പല് ജീവനക്കാരും പണി മുടക്കും. ജനങ്ങള് വീടുകളില് വായമൂടിക്കെട്ടിയും പ്ലക്കാര്ഡുകള് ഉയര്ത്തിയും പ്രതിഷേധിക്കും.വിവാദ തീരുമാനങ്ങള് പിന്വലിക്കും വരെ പ്രതിഷേധം തുടരും. ജില്ല പഞ്ചായത്തിന്റെ നേതൃത്വത്തില് എല്ലാ വില്ലേജ് ദ്വീപ് പഞ്ചായത്തുകളിലും രൂപവത്കരിച്ച സബ് കമ്മിറ്റികള് സമര പരിപാടികള് ഏകോപിപ്പിക്കും.
അതേസമയം ദ്വീപുനിവാസികളല്ലാത്തവർ മടങ്ങണമെന്ന ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ ഉത്തരവ് പൊലീസ് നടപ്പാക്കാനാരംഭിച്ചു. കേരളത്തിൽനിന്ന് എത്തിയ തൊഴിലാളികൾ അടക്കമുള്ളവർ മടങ്ങിത്തുടങ്ങി.
സന്ദർശക പാസിന്റെ കാലാവധി കഴിഞ്ഞവർ ഉടൻ മടങ്ങണമെന്ന് മെയ് 29ന് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ കെ പട്ടേൽ ഉത്തരവിറക്കിയിരുന്നു. പാസിന്റെ കാലാവധി പുതുക്കണമെങ്കിൽ കവരത്തി എഡിഎമ്മിന്റെ അനുമതി വാങ്ങണമെന്നും അറിയിച്ചിരുന്നു. കോവിഡ് കേസ് വർധിക്കുന്ന പശ്ചാത്തലത്തിലാണ് ദ്വീപിൽ സന്ദർശകർക്ക് വിലക്കേർപ്പെടുത്തിയതെന്നാണ് വിശദീകരണം. നടപടിക്കെതിരെ പ്രതിഷേധം ഉയർന്നെങ്കിലും ഉത്തരവ് നടപ്പാക്കിയതോടെ പലരും മടങ്ങുകയാണ്.
മംഗളൂരുവിൽനിന്ന്
അവശ്യസാധന നീക്കം തുടങ്ങി
കേരളവുമായുള്ള ബന്ധം അവസാനിപ്പിക്കാൻ അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേൽ നടത്തുന്ന പരിഷ്കാരത്തിന്റെ ഭാഗമായി അവശ്യസാധനങ്ങളുമായി മംഗളൂരുവിൽനിന്ന് ആദ്യ ബാർജ് ലക്ഷദ്വീപിലെത്തി. ദ്വീപ് അധികൃതരുടെ ഉടമസ്ഥതയിലുള്ള ബാർജാണെത്തിയത്. ആദ്യമായാണ് അവശ്യസാധനങ്ങൾക്കായി മംഗളൂരുവിനെ ലക്ഷദ്വീപ് ആശ്രയിക്കുന്നത്.
പലചരക്ക് ഉൾപ്പെടെയുള്ളവക്കായി ദ്വീപുകാർ കൂടുതൽ ആശ്രയിച്ചിരുന്നത് ബേപ്പൂർ തുറമുഖത്തെയാണ്. കൊച്ചിയിൽനിന്നും ബാർജ് എത്താറുണ്ട്. ബേപ്പൂരിനെ ഒഴിവാക്കുന്നതിനെതിരെ പ്രതിഷേധം നിലനിൽക്കുന്നുണ്ട്. ലക്ഷദ്വീപിന്റെ വടക്കെ അറ്റത്തുള്ള കടമത്ത്, കിൽത്താൻ, ചെത്ലത്ത് ദ്വീപുകളിലേക്കുള്ള അവശ്യസാധനങ്ങളാണ് എത്തിച്ചത്. മംഗളൂരുവിലേക്ക് യാത്രാക്കപ്പൽ സർവീസും ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ് അധികൃതർ. കൊച്ചിയെയും കോഴിക്കോടിനെയും ആശ്രയിക്കുന്നത് ഒഴിവാക്കാനുള്ള നീക്കമാണ് ഇതിന് പിന്നിൽ.