കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടി നേരിട്ട വമ്പൻ പരാജയത്തെ കുറിച്ച് പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ രാജ്യസഭാ എം.പി. സുരേഷ് ഗോപിക്ക് ബി.ജെ.പി. കേന്ദ്രനേതൃത്വത്തിന്റെ നിർദേശം. തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ സംസ്ഥാന നേതൃത്വത്തിനെതിരെ വലിയതോതിൽ പരാതി ഉയർന്നിരുന്നു.
സിറ്റിങ് സീറ്റായ നേമം നഷ്ടപ്പെടുത്തിയതും ഒരു സീറ്റിൽ പോലും ജയിക്കാനാകാതെ വന്നതും സംസ്ഥാന ബി.ജെ.പിയിൽ വലിയ അതൃപ്തികൾക്കാണ് വഴിവെച്ചത്. ഔദ്യോഗികപക്ഷത്തിനെതിരെ ഇതരപക്ഷക്കാർ രംഗത്തുവരികയും ചെയ്തു. സംസ്ഥാന നേതൃത്വത്തെ മാറ്റണമെന്ന ആവശ്യവും ഉയർന്നു. ഇതിനു പിന്നാലെയാണ് സംസ്ഥാന നേതൃത്വത്തിനെതിരെയുള്ള പരാതി, തിരഞ്ഞെടുപ്പ് തോൽവി എന്നിവയെ കുറിച്ച് അന്വേഷിക്കാൻ സുരേഷ് ഗോപിയെ നിയോഗിച്ചിരിക്കുന്നത്.
സുരേഷ് ഗോപിയുടെ റിപ്പോർട്ട് നിലവിലെ അധ്യക്ഷൻ കെ. സുരേന്ദ്രൻ ഉൾപ്പെടെയുള്ളവർക്ക് ഏറെ നിർണായകമാണ്. സംസ്ഥാന നേതൃത്വത്തെ കുറ്റപ്പെടുത്തുന്ന റിപ്പോർട്ടാണ് സുരേഷ് ഗോപി നൽകുന്നതെങ്കിൽ സുരേന്ദ്രൻ പക്ഷം മറുപടി നൽകേണ്ടി വരും. കൊടകര കുഴൽപ്പണ കേസുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന കാര്യങ്ങളും സുരേന്ദ്രന് വെല്ലുവിളിയാണ്
content highlights:suresh gopi to enquire about bjps failure in assembly polls and allegation against state leadership