ചെങ്ങന്നൂര്‍ > തന്റെ വിജയം കാത്തിരുന്ന മന്ത്രി സജി ചെറിയാന്റെ അമ്മയെ കാണുവാന്‍ മന്ത്രി വി ശിവന്‍കുട്ടി എത്തി. സജി ചെറിയാനാണ് ഫേസ്ബുക്ക് കുറിപ്പില്‍ ശിവന്‍കുട്ടിയോടുള്ള തന്റെ അമ്മയുടെ സ്നേഹവും കരുതലും പങ്കുവെച്ചത്. അമ്മയെ കാണാന്‍ വീട്ടിലെത്തിയ ശിവന്‍കുട്ടിയുടെ ചിത്രവും സജി ചെറിയാന്റെ ഫേസ്ബുക്ക് പോസ്റ്റിലുണ്ട്.
തെരഞ്ഞെടുപ്പില്‍ അമ്മ ഏറെ ആഗ്രഹിച്ച വിജയമായിരുന്നു ശിവന്‍കുട്ടിയുടേതെന്നും, നേമത്തെ ഫലം സംബന്ധിച്ച് ചില ചാനല്‍ സര്‍വേകളില്‍ അമ്മ ആശങ്കപ്പെട്ടിരുന്നുവെന്നും സജി ചെറിയാന് പറഞ്ഞു. പിന്നീട് ശിവന്‍കുട്ടിയെ ഫോണില്‍ വിളിച്ച് അമ്മയ്ക്ക് സംസാരിക്കാന്‍ അവസരം കൊടുത്തു. ‘ആര് ജയിച്ചില്ലെങ്കിലും മോന് ജയിക്കും’ എന്നാണ് ശിവന്‍കുട്ടിയോട് അമ്മ പറഞ്ഞത്. ‘ഒരു നാടിന് മുഴുവന്‍ വിദ്യ പകര്‍ന്നു നല്കിയ അധ്യാപികയായ എന്റെ അമ്മയെ കാണുവാന്‍ അമ്മയുടെ പ്രിയപ്പെട്ട ശിവന്‍കുട്ടി സഖാവ് എത്തി, കേരളത്തിന്റെ വിദ്യാഭ്യാസ മന്ത്രിയായി’- സജി ചെറിയാന് ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.