കൊച്ചി: ബിജെപി കോർ കമ്മിറ്റി യോഗത്തിൽ സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനും സംസ്ഥാന നേതൃത്വത്തിനും എതിരേ രൂക്ഷ വിമർശനം. തിരഞ്ഞെടുപ്പ് തോൽവി, കൊടകര കുഴൽപ്പണ കേസ് എന്നീ വിഷയങ്ങളിലാണ് വിമർശനം ഉയർന്നത്. സംഘടനാ സെക്രട്ടറിയും അധ്യക്ഷനും കേന്ദ്ര മന്ത്രിയും ചേർന്ന് എടുക്കുന്ന തീരുമാനങ്ങളാണ് പാർട്ടിയിൽ നടക്കുന്നതെന്ന് കൃഷ്ണദാസ് പക്ഷം വിമർശിച്ചു. പാർട്ടിയിൽ സമഗ്രമായ അഴിച്ചുപണി വേണമെന്നും കോർ കമ്മിറ്റിയിൽ ആവശ്യമുയർന്നു.
രണ്ട് ഘട്ടങ്ങളായാണ് യോഗം നടന്നത്. ഒന്ന് തിരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച കാര്യങ്ങൾ ചർച്ചചെയ്യുന്നതിനായിരുന്നു. അടുത്ത ഘട്ടത്തിലാണ് വിവാദങ്ങൾ സംബന്ധിച്ച ചർച്ചയുണ്ടായത്. തിരഞ്ഞെടുപ്പിൽ സ്ഥാനാർഥി നിർണയം അടക്കമുള്ള കാര്യങ്ങളിൽ പാളിച്ചയുണ്ടായി. സ്ഥാനാർഥിയെ നിശ്ചയിച്ച കാര്യം സ്ഥാനാർഥി തന്നെ അറിഞ്ഞില്ല എന്നു പറയുന്ന സ്ഥിതിയുണ്ടായി. മൂന്ന് മണ്ഡലങ്ങളിൽ നാമനിർദേശ പത്രിക നൽകുന്ന കാര്യത്തിൽ പാളിച്ചയുണ്ടായി.
തിരഞ്ഞെടുപ്പിൽ കോ-ഓർഡിനേഷന് ആരുമുണ്ടായിരുന്നില്ല. ചില നേതാക്കളെ ഇരുട്ടിൽ നിർത്തി. സംഘടനാ സെക്രട്ടറിയും കേന്ദ്ര മന്ത്രിയും സംസ്ഥാന അധ്യക്ഷനും കൂടിയാണ് കാര്യങ്ങൾ എല്ലാം തീരുമാനിച്ചത്. ഇത് ശരിയായ നടപടിയല്ല. തീർത്തും പക്വത ഇല്ലാതെയാണ് കാര്യങ്ങൾ മുന്നോട്ടുകൊണ്ടുപോയത്. രണ്ടിടത്ത് കെ. സുരേന്ദ്രൻ മത്സരിക്കേണ്ട സാഹചര്യം ഉണ്ടായിരുന്നില്ല. അത് കേന്ദ്ര നേതൃത്വത്തിന്റെ താൽപര്യപ്രകാരമായിരുന്നു എന്ന് പറയുന്നത് ശരിയല്ല.
സമഗ്രമായ അഴിച്ചുപണി ആവശ്യമാണ്. കൊടകര കുഴൽപ്പണ കേസ് ഉൾപ്പെടെയുള്ള വിഷയങ്ങൾ പാർട്ടിയുടെ പ്രതിച്ഛായ മോശമാക്കിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് ഫണ്ട് ഉൾപ്പെടെയുള്ള കാര്യങ്ങൾ കൈകാര്യം ചെയ്തത് സംസ്ഥാന അധ്യക്ഷന്റെ നേതൃത്വത്തിലാണ്. കേസിൽ അന്വേഷണം മുന്നോട്ടുപോകട്ടെ എന്ന നിലപാടാണ് കൃഷ്ണദാസ് പക്ഷം സ്വീകരിക്കുന്നത്.
പാർട്ടിയെ കരിവാരിത്തേക്കാനുള്ള ആരോപണങ്ങൾ ഉണ്ടാകുമ്പോൾ അതിനെ ഒറ്റക്കെട്ടായി പ്രതിരോധിക്കുകയാണ് മര്യാദയെന്ന് മുരളീധര പക്ഷം പറഞ്ഞു. ഇപ്പോൾ ഉണ്ടാകുന്ന സംഭവങ്ങൾ പാർട്ടിക്ക് ഉള്ളിൽനിന്നുതന്നെ ആണോ എന്ന കാര്യത്തിൽ സംശയമുണ്ടെന്നും അവർ പറഞ്ഞു.
Content Highlights:BJP core committee meeting: criticism against K. Surendran and state leadership