ന്യൂഡല്ഹി> മലയാളം സംസാരിക്കുന്നതിനു നഴ്സുമാര്ക്കു വിലക്ക് ഏര്പ്പെടുത്തിയ ഉത്തരവ് ഡല്ഹിയിലെ ജി ബി പന്ത് ആശുപത്രി പിന്വലിച്ചു. നഴ്സിങ് സൂപ്രണ്ടന്റിന്റെ ഉത്തരവിനെക്കുറിച്ച് അറിഞ്ഞിരുന്നില്ലെന്ന് ആശുപത്രി അധികൃതര് വ്യക്തമാക്കി. ഉത്തരവ് പിന്വലിക്കണമെന്ന് ഡല്ഹി സര്ക്കാരും ആവശ്യപ്പെട്ടിരുന്നു.
ജോലി സമയത്ത് നഴ്സിംഗ് ജീവനക്കാര് തമ്മില് മലയാളം സംസാരിക്കുന്നത് രോഗികള്ക്കും സഹപ്രവര്ത്തകര്ക്കും ബുദ്ധിമുട്ടുണ്ടാകുന്നതായി പരാതി ലഭിച്ചിട്ടുണ്ടെന്നായിരുന്നു വിശദീകരണം.
മലയാളത്തിന് വിലക്കേര്പ്പെടുത്തി സര്ക്കുലറും ഇറക്കി.തൊഴില് സമയത്ത് ജീവനക്കാര് ഹിന്ദി, ഇംഗ്ലീഷ് ഭാഷ മാത്രമേ സംസാരിക്കാവൂ എന്നും മലയാളത്തില് സംസാരിച്ചാല് ശിക്ഷനടപടി നേരിടേണ്ടിവരുമെന്നും സര്ക്കുലറില് പറഞ്ഞു
അതിനിടെ, ഭാഷാ വിവേചനത്തിനെതിരെ വന് വിമര്ശനമാണ് നാനാതുറയില്നിന്നും ഉയര്ന്നത്. ഡല്ഹി ജിബി പന്ത് ആശുപത്രിയിലെ മലയാളം വിലക്കിനെ വിമര്ശിച്ച് നേതാക്കളും സമൂഹമാധ്യമങ്ങളില് ഹാഷ്ടാഗ് ക്യാംപയ്നും നടന്നു.
ഇന്ത്യയിലെ മറ്റു ഭാഷകളെ പോലെ ഒന്നാണു മലയാളമെന്നും വിവേചനം അവസാനിപ്പിക്കണമെന്നും കോണ്ഗ്രസ് നേതാവ് രാഹുല് ഗാന്ധി പറഞ്ഞു. #RightToSpeakMalayalam എന്ന പേരില് ഹാഷ്ടാഗ് ക്യാംപെയ്നാണ് സമൂഹമാധ്യമങ്ങളില് നടക്കുന്നത്.
അതേസമയം, ആശുപത്രിയില് പഞ്ചാബ്, ഹരിയാന, രാജസ്ഥാന്, മിസോറം തുടങ്ങി വിവിധ ഭാഗങ്ങളില് നിന്നുള്ളവരുണ്ട്,. ഇവിടെ നിന്നുള്ളവര് ആശയവിനിമയം നടത്തുന്നത് അവരുടെ പ്രാദേശിക ഭാഷയിലാണെന്ന് ആശുപത്രിയിലെ മലയാളി നഴ്സുമാര് പറഞ്ഞു.